Wednesday, January 4, 2012

പ്രവര്‍ത്തനമേഖല വിപുലമാക്കും

തൃശൂര്‍ ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ എമ്മിനെ ഭൂരിഭാഗം ജനങ്ങളുടെയും പാര്‍ടിയായി ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തനമേഖല വിപുലമാക്കുമെന്ന് സിപിഐ എം ജില്ലാ സമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതന്യൂനപക്ഷ വിഭാഗങ്ങള്‍ , നഗരവാസികള്‍ , പട്ടിക ജാതി-വര്‍ഗ ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങളില്‍ ഗൗരവകരമായി ഇടപെട്ട്, ഈ വിഭാഗങ്ങളില്‍ പാര്‍ടിയുടെ സ്വാധീനം ശക്തിപ്പെടുത്തുന്ന ജനകീയ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

19-ാം പാര്‍ടി കോണ്‍ഗ്രസിനുശേഷം നാലു വര്‍ഷത്തിനുള്ളില്‍ പാര്‍ടിയുടെയും വര്‍ഗ ബഹുജനപ്രസ്ഥാനങ്ങളുടെയും അംഗസംഖ്യയിലും സമരശേഷിയിലും അഭിമാനകരമായ വളര്‍ച്ചയുണ്ടായതായി പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. പാര്‍ടി അംഗസംഖ്യയില്‍ 15 ശതമാനത്തിന്റെയും വര്‍ഗ പ്രസ്ഥാനങ്ങളുടെ അംഗബലത്തില്‍ 19 ശതമാനത്തിന്റെയും വര്‍ധന ഉണ്ട്. പാര്‍ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിനേക്കാള്‍ 2.5 ശതമാനം വോട്ടിന്റെ മേല്‍ക്കൈ ജില്ലയില്‍ എല്‍ഡിഎഫിനുണ്ടായി. എല്‍ഡിഎഫിന് കനത്ത ക്ഷീണമുണ്ടായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആറു മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്തത്. എല്ലാ നിലയ്ക്കും ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ എം എങ്കിലും ജനസംഖ്യയില്‍ ഭൂരിപക്ഷത്തിന്റെയും പാര്‍ടിയായി മാറാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങള്‍ കാണിച്ചിരുന്ന അകല്‍ച്ച ഇന്ന് പാര്‍ടിയോടില്ല. വിവിധ മതവിഭാഗങ്ങളുമായി പാര്‍ടിയുടെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിലടക്കം ആ വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിന്റെയും പിന്തുണ നേടാനായിട്ടില്ല.
ബഹുജനപ്രക്ഷോഭങ്ങളിലും മറ്റു പരിപാടികളിലും ഈ വിഭാഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി പ്രവര്‍ത്തിക്കണം. നഗരവല്‍ക്കരണത്തിന്റെ ഫലമായുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു. താഴേക്കിടയിലുള്ളവര്‍ പട്ടണങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. ഇടത്തരക്കാരും മുകളിലുള്ളവരുമാണ് പകരമെത്തുന്നത്. മാലിന്യം, പകര്‍ച്ചവ്യാധി, ശുദ്ധജല ലഭ്യതക്കുറവ് എന്നീ പ്രശ്നങ്ങള്‍ നഗരവാസികള്‍ നേരിടുന്നു. ഇവര്‍ക്കിടയിലും പാര്‍ടി പ്രവര്‍ത്തനം കുറേക്കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ നാനാ ജാതി ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിനെ ശരിവയ്ക്കും വിധമായിരുന്നു ചര്‍ച്ചയിലെ പൊതുവികാരമെന്ന് നേതാക്കള്‍ പറഞ്ഞു.

deshabhimani 040112

1 comment:

  1. തൃശൂര്‍ ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ എമ്മിനെ ഭൂരിഭാഗം ജനങ്ങളുടെയും പാര്‍ടിയായി ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തനമേഖല വിപുലമാക്കുമെന്ന് സിപിഐ എം ജില്ലാ സമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതന്യൂനപക്ഷ വിഭാഗങ്ങള്‍ , നഗരവാസികള്‍ , പട്ടിക ജാതി-വര്‍ഗ ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങളില്‍ ഗൗരവകരമായി ഇടപെട്ട്, ഈ വിഭാഗങ്ങളില്‍ പാര്‍ടിയുടെ സ്വാധീനം ശക്തിപ്പെടുത്തുന്ന ജനകീയ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

    ReplyDelete