Wednesday, January 4, 2012

യൂത്ത് കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ ഓഫീസ്ഉപരോധം പൊളിഞ്ഞു

വടകര: നഗരസഭാ ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരം പൊളിഞ്ഞു. സമരം എ വിഭാഗം ബഹിഷ്കരിച്ചു. മലിനീകരണത്തിന്റെയും നികുതി പരിഷ്കരണത്തിന്റെയും പേര് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. പുതുപ്പണം, വടകര, ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ആറ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നാല് സ്ത്രീകളടക്കം അറുപത് പേര്‍ മാത്രമാണ് പങ്കെടുത്തത്. കാലത്തുതന്നെ ഉപരോധം ആരംഭിക്കുമെന്നും നഗരസഭാ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാരെല്ലാം ഓഫീസിലെത്തിയ ശേഷം പകല്‍ പതിനൊന്നോടെയാണ് ഉപരോധ സമരക്കാര്‍ മുനിസിപ്പല്‍ ഓഫീസില്‍ എത്തിയത്. സമരം ഒരു ചലനവുമുണ്ടാക്കിയില്ല.

യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഒരു വിഭാഗം നടത്തുന്ന മുനിസിപ്പല്‍ ഓഫീസ് ഉപരോധം ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സമരം അനവസരത്തിലാണെന്നും എ വിഭാഗം ആരോപിച്ചു. ഇതിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കാനും എ വിഭാഗം തീരുമാനിച്ചു. ആറ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെയും സംയുക്ത യോഗമാണ് തീരുമാനം എടുത്തത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലെ എട്ട് അംഗങ്ങളില്‍ ഏഴ് പേരെയും അറിയിക്കാതെയും നഗരസഭാ പരിധിയിലെ പുതുപ്പണം, വടകര, മണ്ഡലം പ്രസിഡന്റുമാരുമായി ചര്‍ച്ച ചെയ്യാതെയുമാണ് സമരം സംഘടിപ്പിച്ചത്. സംയുക്ത യോഗത്തില്‍ വി കെ ഉല്ലാസ്, ടി വി ശ്രീലേഷ്, ബിനിത്ത്, രാകേഷ് ബാലവാടി, എന്‍ മഹേഷ്, സുധീഷ് എന്നിവര്‍ സംസാരിച്ചു.ഉപരോധ സമരം കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. എ അബ്ദുള്‍ ഷഹനാസ് അധ്യക്ഷനായി. അഡ്വ. ഐ മൂസ, അഡ്വ. ഇ നാരായണന്‍ നായര്‍ , കളത്തില്‍ പീതാംബരന്‍ , തിരുവള്ളൂര്‍ മുരളി, ശശിധരന്‍ കരിമ്പനപ്പാലം എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി കേളു, ഡിസിസി എക്സിക്യുട്ടീവ് അംഗം കൂടാളി അശോകന്‍ എന്നിവര്‍ പ്രസംഗിക്കുന്നതാണെന്ന് പോസ്റ്ററില്‍ ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.

deshabhimani 040112

1 comment:

  1. നഗരസഭാ ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരം പൊളിഞ്ഞു. സമരം എ വിഭാഗം ബഹിഷ്കരിച്ചു. മലിനീകരണത്തിന്റെയും നികുതി പരിഷ്കരണത്തിന്റെയും പേര് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. പുതുപ്പണം, വടകര, ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ആറ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നാല് സ്ത്രീകളടക്കം അറുപത് പേര്‍ മാത്രമാണ് പങ്കെടുത്തത്. കാലത്തുതന്നെ ഉപരോധം ആരംഭിക്കുമെന്നും നഗരസഭാ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാരെല്ലാം ഓഫീസിലെത്തിയ ശേഷം പകല്‍ പതിനൊന്നോടെയാണ് ഉപരോധ സമരക്കാര്‍ മുനിസിപ്പല്‍ ഓഫീസില്‍ എത്തിയത്. സമരം ഒരു ചലനവുമുണ്ടാക്കിയില്ല.

    ReplyDelete