Wednesday, January 4, 2012

നേഴ്സിങ് വിദ്യാര്‍ഥികളെ വാര്‍ഡുകളില്‍ ജോലി ചെയ്യിക്കരുത്: പി കെ ശ്രീമതി

അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രി വാര്‍ഡുകളില്‍ നേഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പുസമരം തുടരുന്ന നേഴ്സുമാരോട് സംസാരിക്കുകയായിരുന്നു അവര്‍ . പരിശീലനം ലഭിക്കാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. നേഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെക്കൊണ്ടേ വാര്‍ഡുകളില്‍ ജോലി ചെയ്യിക്കാവൂ. രോഗികളുടെ ജീവന്‍ പന്താടരുത്. കരിങ്കാലിപ്പണിക്ക് വിദ്യാര്‍ഥികള്‍ നിന്നുകൊടുക്കരുത്. നിങ്ങളുടെ സഹോദരങ്ങളാണ് പണിമുടക്കി സമരം നടത്തുന്നത്. ധാര്‍മികസമരത്തെ പരാജയപ്പെടുത്തുന്നതിനാണ് തങ്ങളെ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയണം. കഴിഞ്ഞ എല്‍ഡിഎഫ്സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമനുസരിച്ച് പ്രതിമാസം 15,000 രൂപ വേതനം കിട്ടണം. പെണ്‍കുട്ടികളായതുകൊണ്ട് കൂടുതല്‍ ചൂഷണത്തിനിരയാകുന്നു. സമരം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും ധൈര്യമായി മുന്നോട്ടു പോകണമെന്നും പി കെ ശ്രീമതി പറഞ്ഞു.

എല്‍എഫ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം രണ്ടാംദിവസത്തിലേക്കു കടന്നതോടെ പിന്തുണ അറിയിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. ചൊവ്വാഴ്ച വിവിധ ആശുപത്രികളിലെ നേഴ്സുമാരും നേഴ്സിങ് വിദ്യാര്‍ഥികളും എത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പിന്തുണ അറിയിച്ചു. എസ്എഫ്ഐ, എഐടിയുസി സംഘടനകളും പിന്തുണ അറിയിച്ചു. 250ഓളം വരുന്ന സമരക്കാര്‍ക്ക് ഡിവൈഎഫ്ഐ ഒരുക്കിയ കഞ്ഞിയും പയറും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ഷൈലജ നല്‍കി. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ആശുപത്രിയടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുന്നതല്ലെന്നും ദേശീയതലത്തില്‍ നിയമം കൊണ്ടുവരാനുള്ള പോരാട്ടം ശക്തമാക്കണമെന്നും ഷൈലജ പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, അഡ്വ. കെ തുളസി, അന്വേഷി പ്രസിഡന്റ് കെ അജിത, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, യൂത്ത് കോണ്‍ഗ്രസ് നേതാവ് മനോജ് മൂത്തേടന്‍ , എസ്എഫ്ഐ ഏരിയസെക്രട്ടറി ജെറി വര്‍ഗീസ്, ബിപിന്‍ പി ചാക്കോ (ലേക്ഷോര്‍), ഡിന്റോ (ധന്യമിഷന്‍ ഹോസ്പിറ്റല്‍), ബിജോയി (നജാത്ത് ആലുവ), ലിതേഷ് (എസ്എംഇ അങ്കമാലി), മുഹമ്മദ് ഷക്കീര്‍ (രാജ ഹോസ്പിറ്റല്‍ ചാവക്കാട്) എന്നിവര്‍ പിന്തുണയും സഹായവും വാഗ്ദാനംചെയ്തു.

എല്‍എഫ് സമരം: ചര്‍ച്ചയ്ക്ക് മാനേജ്മെന്റ് തയ്യാറായില്ല

അങ്കമാലി: എല്‍എഫ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കുന്നതിനുള്ള ചര്‍ച്ച മാനേജ്മെന്റ് ബഹിഷ്കരിച്ചു. എറണാകുളത്ത് ഡെപ്യൂട്ടി ലേബര്‍ കമീഷണറുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നിശ്ചയിച്ചത്. തിങ്കളാഴ്ച നടന്ന ആദ്യവട്ടചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച വീണ്ടും ചര്‍ച്ചവച്ചത്. ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ലെന്ന് നേരത്തെ എല്‍എഫ് മാനേജ്മെന്റ് ഡെപ്യൂട്ടി ലേബര്‍ കമീഷണറെ രേഖാമൂലം അറിയിച്ചിരുന്നു.

ഇതിനിടെ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ പ്രവര്‍ത്തകരായ എട്ടുപേര്‍ക്കെതിരെ എല്‍എഫ് മാനേജ്മെന്റ് അങ്കമാലി പൊലീസില്‍ പരാതി നല്‍കി. ആശുപത്രിക്കുള്ളില്‍ കയറി ഡ്യൂട്ടിയിലുള്ള നേഴ്സുമാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായാണ് പരാതി. പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗികളെ തടഞ്ഞുവെന്നും പറയുന്നു. മനു ബേബി, മുഫീദ് ഹനീഫ, അരുണ്‍ പി ജോസ്, ജിറ്റോ അലക്സ് ജോണി, അഭിലാഷ് സ്കറിയ, ആന്റോ അഗസ്റ്റിന്‍ , ബിന്റോ പോള്‍ , ബിജോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് പരാതി. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും പ്രധാനപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി സമരത്തെ തളര്‍ത്താനുള്ള ഗൂഢതന്ത്രമാണിതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതികാരനടപടികള്‍ എന്തൊക്കെയുണ്ടായാലും വിജയംവരെ സമരത്തിലുറച്ചുനില്‍ക്കുമെന്ന് അസോസിയേഷന്‍ എല്‍എഫ് യൂണിറ്റ് സെക്രട്ടറി ബെല്‍ജോ ഏല്യാസ് അറിയിച്ചു.

deshabhimani 040112

1 comment:

  1. അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രി വാര്‍ഡുകളില്‍ നേഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പുസമരം തുടരുന്ന നേഴ്സുമാരോട് സംസാരിക്കുകയായിരുന്നു അവര്‍ . പരിശീലനം ലഭിക്കാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. നേഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെക്കൊണ്ടേ വാര്‍ഡുകളില്‍ ജോലി ചെയ്യിക്കാവൂ. രോഗികളുടെ ജീവന്‍ പന്താടരുത്. കരിങ്കാലിപ്പണിക്ക് വിദ്യാര്‍ഥികള്‍ നിന്നുകൊടുക്കരുത്. നിങ്ങളുടെ സഹോദരങ്ങളാണ് പണിമുടക്കി സമരം നടത്തുന്നത്. ധാര്‍മികസമരത്തെ പരാജയപ്പെടുത്തുന്നതിനാണ് തങ്ങളെ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയണം.

    ReplyDelete