Thursday, January 26, 2012

വന്‍കിടക്കാരുടെ വൈദ്യുതി കുടിശ്ശിക 1000 കോടി

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഉപയോക്താക്കളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന വൈദ്യുതിബോര്‍ഡിന് വന്‍കിടക്കാരില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ളത് 1000 കോടിയോളം രൂപ. 497.48 കോടി രൂപ കൊടുക്കാനുള്ള സ്വകാര്യ വ്യവസായ -വാണിജ്യസ്ഥാപനങ്ങളാണ് കുടിശ്ശികക്കാരുടെ പട്ടികയില്‍ മുന്‍നിരയില്‍ . ഇതിനിടെ, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യവ്യവസായികളില്‍നിന്ന് വന്‍തുക കൈപ്പറ്റാന്‍ , കേന്ദ്രമന്ത്രിയുമായി അടുപ്പം സൂക്ഷിക്കുന്ന ഐഎന്‍ടിയുസി നേതാവിന്റെ നേതൃത്വത്തില്‍ വിലപേശല്‍ സജീവമായി.

ഔദ്യോഗിക കണക്കനുസരിച്ച് 2011 സെപ്തംബര്‍ 30 വരെ 910,90,84,488 രൂപയാണ് ബോര്‍ഡ് പിരിഞ്ഞുകിട്ടാനുള്ളത്. ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും ഇത് 1000 കോടി കവിയും എന്നാണ് സൂചന. വന്‍കിട വ്യവസായികള്‍ക്ക് വന്‍ ഇളവുകള്‍ വാഗ്ദാനം ചെയ്തുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ നീക്കം ബോര്‍ഡിന് കനത്ത നഷ്ടം വരുത്തുമെന്നണ് സൂചന. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയരുന്നു. കമ്മി വര്‍ധിക്കുന്നതിന്റെ പേരില്‍ നിരക്കുവര്‍ധനയും വൈദ്യുതിനിയന്ത്രണവും അടിച്ചേല്‍പ്പിക്കാനൊരുങ്ങുമ്പോഴാണ് 1000 കോടിയോളം രൂപയുടെ കുടിശ്ശിക പിരിക്കാന്‍ ബോര്‍ഡ് വിമുഖത കാട്ടുന്നത്. നടപ്പ് സാമ്പത്തികവര്‍ഷം 2118.48 കോടി രൂപയുടെ കമ്മിയാണ് ബോര്‍ഡ് കണക്കാക്കിയിട്ടുള്ളത്. അടുത്ത സാമ്പത്തികവര്‍ഷം കമ്മി 3240.25 കോടിയിലെത്തുമെന്നും റെഗുലേറ്ററികമീഷനു സമര്‍പ്പിച്ച വരവ്-ചെലവ് കണക്കുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ , ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ള കണക്കുകളില്‍ , പിരിഞ്ഞുകിട്ടാനുള്ള തുക ഉള്‍ക്കൊള്ളിച്ചിട്ടില്ല. കുടിശ്ശിക പിരിച്ചെടുത്താല്‍ ബോര്‍ഡിന്റെ കമ്മി കാര്യമായി കുറയും. ഉപയോക്താക്കളുടെ കീശചോര്‍ത്തുന്നത് ഒഴിവാക്കാനും കഴിയും.

ബോര്‍ഡിന്റെ കുടിശ്ശിക വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാ നസര്‍ക്കാര്‍ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 497.48 കോടി കുടിശ്ശികയുള്ള സ്വകാര്യവ്യവസായ- വാണിജ്യസ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ 203.10 കോടി രൂപ നല്‍കാനുള്ള സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളാണ് പട്ടികയില്‍ മുന്നില്‍ . 138.87 കോടി രൂപ നല്‍കാനുള്ള ജല അതോറിറ്റിയുടെ അക്കൗണ്ട് ഇതില്‍പ്പെടുന്നില്ല. റെയില്‍വേ അടക്കം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 25.82 കോടി രൂപയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. മറ്റു കേന്ദ്രവകുപ്പുകള്‍ നല്‍കാനുള്ളത് 89.65 ലക്ഷം രൂപയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന ഓഫീസുകള്‍ വരുത്തിയിട്ടുള്ള കുടിശ്ശിക 3.86 കോടി വരും. സംസ്ഥാനത്തെ സഹകരണമേഖലയില്‍ നിന്ന് 21.80 കോടി രൂപ വൈദ്യുതിബോര്‍ഡിന് പിരിഞ്ഞുകിട്ടാനുണ്ട്. ചെറുകിട ജലസേചനത്തിന് വൈദ്യുതി നല്‍കിയ വകയില്‍ ലഭിക്കേണ്ടത് 1.85 കോടിയാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാംകൂടി വരുത്തിയ കുടിശ്ശിക 3.23 കോടിയാണ്. കെഎസ്ഇബിയില്‍നിന്ന് വൈദ്യുതി വാങ്ങി വിതരണംചെയ്യുന്ന മൂന്നാറിലെ ടാറ്റാ ടീ, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, തൃശൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ ലൈസന്‍സികള്‍ എല്ലാം കൂടി നല്‍കാനുള്ള തുക 13.89 കോടിയിലും എത്തി.
(ആര്‍ സാംബന്‍)

deshabhimani 260112

1 comment:

  1. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഉപയോക്താക്കളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന വൈദ്യുതിബോര്‍ഡിന് വന്‍കിടക്കാരില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ളത് 1000 കോടിയോളം രൂപ. 497.48 കോടി രൂപ കൊടുക്കാനുള്ള സ്വകാര്യ വ്യവസായ -വാണിജ്യസ്ഥാപനങ്ങളാണ് കുടിശ്ശികക്കാരുടെ പട്ടികയില്‍ മുന്‍നിരയില്‍ . ഇതിനിടെ, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യവ്യവസായികളില്‍നിന്ന് വന്‍തുക കൈപ്പറ്റാന്‍ , കേന്ദ്രമന്ത്രിയുമായി അടുപ്പം സൂക്ഷിക്കുന്ന ഐഎന്‍ടിയുസി നേതാവിന്റെ നേതൃത്വത്തില്‍ വിലപേശല്‍ സജീവമായി.

    ReplyDelete