Sunday, April 15, 2012

യുഡിഎഫ് നടത്തുന്നത് വര്‍ഗീയ തീക്കളി: ബേബി


വര്‍ഗീയതയ്ക്ക് കീഴ്പ്പെട്ടുള്ള അത്യന്തം ഗുരുതരമായ രാഷ്ട്രീയ തീക്കളിയാണ് സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ആഭാസകരവും വിചിത്രവുമായ അഭ്യാസങ്ങളാണ് കാണുന്നത്. എന്ത് വൃത്തികേടും കാണിച്ച് അധികാരത്തില്‍ തുടരുകയെന്ന ഏക അജന്‍ഡയിലാണ് യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് യോജിപ്പുള്ളതെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ ബേബി പറഞ്ഞു.

ഏതെങ്കിലും സമുദായ സംഘടനയുടെ നേതാക്കളെ കണ്ട് ആശയവിനിമയം നടത്തുന്നതും അവര്‍ക്ക് കീഴ്പ്പെടുന്നതും രണ്ടാണെന്ന് ബേബി ചോദ്യത്തോട് പ്രതികരിച്ചു. പല സാഹചര്യത്തിലും ഇത്തരം സംഘടനകളും വ്യക്തികളുമായി സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടിവരും. അതിനര്‍ഥം അവര്‍ക്ക് കീഴടങ്ങുന്നു എന്നല്ല. സാമുദായികവും വര്‍ഗീയവും ആയി ഉയരുന്ന ആശയങ്ങള്‍ക്ക് കീഴടങ്ങുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. അധികാരത്തിനുവേണ്ടി ജാതി-മത സംഘടനകള്‍ക്ക് കീഴടങ്ങാന്‍ സിപിഐ എം ഇല്ല. ഇത്തരം കീഴടങ്ങലുകളെ തുറന്നുകാട്ടുകയും അതിന്റെ ആപത്ത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് പാര്‍ടി ഏറ്റെടുക്കുന്നത്. മന്ത്രിസഭയിലെ സമുദായംഗങ്ങളുടെ എണ്ണം കണക്കാക്കി ആരോപണം ഉന്നയിക്കാനും സിപിഐ എം ഇല്ല. എന്നാല്‍, ഇങ്ങനെ കണക്കെടുക്കുന്ന സ്ഥിതിയിലേക്ക് യുഡിഎഫും കോണ്‍ഗ്രസും കാര്യങ്ങള്‍ എത്തിച്ചു. ഓരോ സമുദായനേതാവും തങ്ങളുടെ നോമിനിയാരാണെന്നു പറയുന്നു. ജനാധിപത്യ രാഷ്ട്രീയത്തിന് നിരക്കാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ കേരളീയ സമൂഹം പ്രതികരിക്കണം.

ദേശീയ രാഷ്ട്രീയത്തിലെ തിരിച്ചടികളെ സമചിത്തതയോടെ വിലയിരുത്തിയും പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയുമാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് അവസാനിച്ചതെന്ന് ബേബി പറഞ്ഞു. ഭരണവര്‍ഗം തുടരുന്ന സാമ്പത്തികനയങ്ങള്‍ രാജ്യത്തെ അഗാധമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ശക്തമായ ഇടതു ജനാധിപത്യ ബദലിനു മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ. ഇതിനായി സിപിഐ എം സ്വാധീനം സ്വതന്ത്രമായി വളര്‍ത്താനും അതോടൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചതായും ബേബി പറഞ്ഞു.

deshabhimani 140412

1 comment:

  1. ഏതെങ്കിലും സമുദായ സംഘടനയുടെ നേതാക്കളെ കണ്ട് ആശയവിനിമയം നടത്തുന്നതും അവര്‍ക്ക് കീഴ്പ്പെടുന്നതും രണ്ടാണെന്ന് ബേബി ചോദ്യത്തോട് പ്രതികരിച്ചു. പല സാഹചര്യത്തിലും ഇത്തരം സംഘടനകളും വ്യക്തികളുമായി സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടിവരും. അതിനര്‍ഥം അവര്‍ക്ക് കീഴടങ്ങുന്നു എന്നല്ല. സാമുദായികവും വര്‍ഗീയവും ആയി ഉയരുന്ന ആശയങ്ങള്‍ക്ക് കീഴടങ്ങുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. അധികാരത്തിനുവേണ്ടി ജാതി-മത സംഘടനകള്‍ക്ക് കീഴടങ്ങാന്‍ സിപിഐ എം ഇല്ല. ഇത്തരം കീഴടങ്ങലുകളെ തുറന്നുകാട്ടുകയും അതിന്റെ ആപത്ത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് പാര്‍ടി ഏറ്റെടുക്കുന്നത്. മന്ത്രിസഭയിലെ സമുദായംഗങ്ങളുടെ എണ്ണം കണക്കാക്കി ആരോപണം ഉന്നയിക്കാനും സിപിഐ എം ഇല്ല. എന്നാല്‍, ഇങ്ങനെ കണക്കെടുക്കുന്ന സ്ഥിതിയിലേക്ക് യുഡിഎഫും കോണ്‍ഗ്രസും കാര്യങ്ങള്‍ എത്തിച്ചു. ഓരോ സമുദായനേതാവും തങ്ങളുടെ നോമിനിയാരാണെന്നു പറയുന്നു. ജനാധിപത്യ രാഷ്ട്രീയത്തിന് നിരക്കാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ കേരളീയ സമൂഹം പ്രതികരിക്കണം.

    ReplyDelete