Sunday, April 15, 2012

മുഖം നഷ്ടപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍


യുഡിഎഫ് സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടതായി സര്‍ക്കാരിനെ കൈമെയ് മറന്ന് പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍തന്നെ സമ്മതിച്ചാല്‍ മറ്റുള്ളവര്‍ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. "അഞ്ചാംമന്ത്രി വിവാദവും ബാക്കിപത്രവും" എന്ന മുഖപ്രസംഗത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ പത്രം എഴുതിയതിങ്ങനെയാണ്- "അഞ്ചുമന്ത്രിമാരെ ലഭിക്കാനുള്ള അര്‍ഹത തങ്ങള്‍ക്കുണ്ടെന്നാണ് മുസ്ലിംലീഗിന്റെ വാദം. അങ്ങനെയാണെങ്കില്‍ അത് ഇത്രയേറെ കോലാഹലങ്ങള്‍ക്കുശേഷം സര്‍ക്കാരിന്റെ മുഖംനഷ്ടപ്പെടുന്ന വിധത്തില്‍തന്നെ വേണമായിരുന്നോ എന്നാണ് ചോദ്യം". സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയാണ് അഞ്ചാംമന്ത്രിയെ മുസ്ലിംലീഗ് നേടിയതെന്ന് മുഖപ്രസംഗത്തില്‍ സമ്മതിച്ചുകഴിഞ്ഞു. അതിന്റെ തുടക്കം ഇങ്ങനെയാണ്. "അതീവ ദുര്‍ബലമായ നൂല്‍പ്പാലത്തിലൂടെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ യാത്ര. ഇക്കാര്യം ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുന്ന നാളുകളിലൂടെയാണ് രാഷ്ട്രീയ കേരളം കടന്നുപോകുന്നത്". ദുര്‍ബലമായ നൂല്‍പ്പാലത്തിലൂടെ യാത്രചെയ്യുന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഒന്നും ചെയ്യാന്‍ ശേഷിയില്ലെന്ന് വ്യക്തമാകുന്നു.

സര്‍ക്കാരിനെ പിന്താങ്ങുന്ന ഒന്നാമത്തെ പത്രം "നമുക്ക് വേണ്ടത് ഭരണമോ വിവാദങ്ങളോ" എന്ന പേരിലാണ് മുഖപ്രസംഗമെഴുതിയത്. ഉമ്മന്‍ചാണ്ടിയെ വാനോളം പുകഴ്ത്താന്‍ ആവോളം സ്ഥലം ഈ പത്രം ചെലവഴിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സ്വയം ഉപേക്ഷിച്ച് ഏറ്റവും വിശ്വസ്തനായ മന്ത്രിക്ക് കൈമാറിയതിനെപ്പറ്റി പത്രം ഇങ്ങനെ പറയുന്നു- "പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയേക്കാള്‍ ശ്രദ്ധേയമായത് തന്റെ കൈവശമിരുന്ന ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചുകൊടുത്തതാണ്. മുന്നണി ഭരണത്തിന്റെ കെട്ടുറപ്പും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍വേണ്ടി മുഖ്യമന്ത്രിയെടുത്ത സൗമനസ്യപൂര്‍വമായ ഈ സമീപനം സമാനതകളില്ലാത്തതായി". കവചകുണ്ഡലങ്ങള്‍ ദാനംചെയ്ത സാക്ഷാല്‍ കര്‍ണനോടാണ് ഉമ്മന്‍ചാണ്ടിയെ ഉപമിച്ചത്. ഇതിലധികം ശക്തിയേറിയ ഒരു പുറംചൊറിയല്‍ കാണാന്‍തന്നെ പ്രയാസം. എന്നാല്‍, മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്- "ഭൂരിപക്ഷ കുറവിന്റെ വെല്ലുവിളികളല്ല സ്വയം ഉണ്ടാക്കിയ പ്രതിസന്ധികളായിരുന്നു സര്‍ക്കാരിന്റെ മുന്നില്‍ കാര്‍മേഘമായി ഉരുണ്ടുകൂടിയത് എന്ന തിരിച്ചറിവോടെ വേണം ഇനിയുള്ള ഓരോ കാല്‍വയ്പും. മന്ത്രിസഭാ വികസനവും വകുപ്പുമാറ്റങ്ങളും പൂര്‍ത്തിയായ സ്ഥിതിക്ക് കൂടുതല്‍ ഊര്‍ജസ്വലതയോടെ ഭരണം മുന്നേറേണ്ടതുണ്ട്. ഓരോ ഘടകകക്ഷിക്കും എന്തു കിട്ടുന്നു എന്നതല്ല സംസ്ഥാനത്തിന് എന്തു കിട്ടുന്നു എന്നു നോക്കിയാണ് ജനം സര്‍ക്കാരിനെ വിലയിരുത്തുക".

ഒടുവില്‍ പറഞ്ഞതാണ് വസ്തുതയെങ്കില്‍ സര്‍ക്കാരിന്റെ നേട്ടം വട്ടപ്പൂജ്യമാണ്. അഞ്ചാംമന്ത്രിയുടെ സ്ഥാനാരോഹണംമൂലം സംസ്ഥാനത്തിന് നേട്ടമല്ല, നഷ്ടമാണ് സംഭവിച്ചത്. അഞ്ചാംമന്ത്രിക്കുള്ള സര്‍ക്കാര്‍ കാറും ഓഫീസും ഉദ്യോഗസ്ഥവൃന്ദവും അവരുടെ യാത്രയും യാത്രാപ്പടിയും ആനുകൂല്യങ്ങളും എല്ലാം ഒരു വ്യക്തിയെ സുഖിപ്പിക്കാന്‍ ആവശ്യമായി വന്നു. സംസ്ഥാന ഖജനാവിനുണ്ടാകുന്ന നഷ്ടം സര്‍ക്കാരിന്റെ മുഖഛായയല്ല, മുഖംതന്നെ നഷ്ടപ്പെടുത്തുന്നതാണ് എന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന രണ്ടു പ്രമുഖ പത്രങ്ങള്‍ക്കുതന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അസംതൃപ്തി ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുന്നത് വകുപ്പുമാറ്റവും അഴിച്ചുപണിയും താന്‍ അറിഞ്ഞില്ലെന്നാണ്. അദ്ദേഹം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയതായി പരസ്യമായി വെളിപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന മന്ത്രിയാണ് ആര്യാടന്‍ മുഹമ്മദ്. അദ്ദേഹം കടുത്ത പ്രതിഷേധംമൂലം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ മാറിനിന്നു. മറ്റൊരു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധംമൂലമാണെന്ന് തുറന്നുപറഞ്ഞു. പത്തുമാസംമുമ്പ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലിയവേളയിലും മുരളീധരന്‍ കോഴിക്കോട്ടേക്ക് യാത്രതിരിക്കുകയാണ് ചെയ്തത്. അവിടെ റെയില്‍വേ സ്റ്റേഷനില്‍ അനുയായികളുടെ സ്വീകരണം ഏറ്റുവാങ്ങുകയുംചെയ്തു. വി എം സുധീരനും പരസ്യമായിത്തന്നെ പ്രതിഷേധം പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ അണപൊട്ടലാണെന്ന് എല്ലാവര്‍ക്കും പറയേണ്ടിവന്നു. യുഡിഎഫിന്റെ വിജയത്തിനായി സമദൂരം ഉപേക്ഷിച്ച് ശരിദൂരമെന്ന നവസിദ്ധാന്തം സ്വീകരിച്ച എന്‍എസ്എസ് നേതാവ് സുകുമാരന്‍നായര്‍ക്കും അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ പ്രതിഷേധിക്കേണ്ടിവന്നു. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും കടുത്ത പ്രതിഷേധത്തിലാണ്. അഞ്ചാംമന്ത്രിയെ നിശ്ചയിച്ചത് വര്‍ഗീയപ്രീണനമാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും പറഞ്ഞു. പ്രതിഷേധത്തിന്റെ കാറ്റ് എല്ലാ കോണുകളില്‍നിന്നും അലയടിച്ച് ഉയരുന്നതാണ് കാണുന്നത്. ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയാല്‍പ്പോലും ഇതൊക്കെ ജനങ്ങളുടെ മനസ്സില്‍നിന്ന് അത്രവേഗം മായ്ചുകളയാന്‍ കഴിയുന്നതല്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തു. ഓരോ ദിവസവും ജനങ്ങളുടെ തലയില്‍ പുതിയ പുതിയ ഭാരം കയറ്റിവയ്ക്കുകയാണ്. വൈദ്യുതിപ്രശ്നം ഇത്രയും വഷളാക്കിയ മറ്റൊരു ഭരണം കേരളം കണ്ടിട്ടില്ല. വിഷു ആഘോഷവേളയില്‍പ്പോലും പൊതുവിതരണസമ്പ്രദായം തകര്‍ന്നുകിടക്കുകയാണ്. വിലക്കയറ്റംമൂലം ജനങ്ങളാകെ വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ്. സെല്‍വരാജിനെ കൂറുമാറ്റിച്ച് രാജിവയ്പിച്ചതും പിറവത്തെ വിജയവും ആഘോഷിക്കാന്‍ കഴിയാത്തവിധം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ജനകീയപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല. കര്‍ഷക ആത്മഹത്യ കണ്ടില്ലെന്നു നടിക്കുന്നു. യുഡിഎഫിലെ ഒരു ഘടകകക്ഷിയാണ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്. അദ്ദേഹവും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. അച്ഛനും മകനും തമ്മിലുള്ള പിണക്കമാണെങ്കിലും അതും ഭരണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് യഥാര്‍ഥ വസ്തുത. ഭരണം നിലനിര്‍ത്താനുള്ള കഠിനാധ്വാനംമൂലം ഭരണംതന്നെ ഇല്ലാത്ത ഗതിയോ ഗതികേടോ ആണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇനിയും തുടരുന്നത് ഈ നാടിന് ശാപമാണ്.

deshabhimani editorial 140412

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടതായി സര്‍ക്കാരിനെ കൈമെയ് മറന്ന് പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍തന്നെ സമ്മതിച്ചാല്‍ മറ്റുള്ളവര്‍ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. "അഞ്ചാംമന്ത്രി വിവാദവും ബാക്കിപത്രവും" എന്ന മുഖപ്രസംഗത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ പത്രം എഴുതിയതിങ്ങനെയാണ്- "അഞ്ചുമന്ത്രിമാരെ ലഭിക്കാനുള്ള അര്‍ഹത തങ്ങള്‍ക്കുണ്ടെന്നാണ് മുസ്ലിംലീഗിന്റെ വാദം. അങ്ങനെയാണെങ്കില്‍ അത് ഇത്രയേറെ കോലാഹലങ്ങള്‍ക്കുശേഷം സര്‍ക്കാരിന്റെ മുഖംനഷ്ടപ്പെടുന്ന വിധത്തില്‍തന്നെ വേണമായിരുന്നോ എന്നാണ് ചോദ്യം". സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയാണ് അഞ്ചാംമന്ത്രിയെ മുസ്ലിംലീഗ് നേടിയതെന്ന് മുഖപ്രസംഗത്തില്‍ സമ്മതിച്ചുകഴിഞ്ഞു. അതിന്റെ തുടക്കം ഇങ്ങനെയാണ്. "അതീവ ദുര്‍ബലമായ നൂല്‍പ്പാലത്തിലൂടെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ യാത്ര. ഇക്കാര്യം ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുന്ന നാളുകളിലൂടെയാണ് രാഷ്ട്രീയ കേരളം കടന്നുപോകുന്നത്". ദുര്‍ബലമായ നൂല്‍പ്പാലത്തിലൂടെ യാത്രചെയ്യുന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഒന്നും ചെയ്യാന്‍ ശേഷിയില്ലെന്ന് വ്യക്തമാകുന്നു.

    ReplyDelete