Wednesday, April 25, 2012

യുഡിഎഫ് കേരളത്തെ വീണ്ടും കര്‍ഷക ആത്മഹത്യാ കേന്ദ്രമാക്കുന്നു: എം എ ബേബി


യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ വീണ്ടും കര്‍ഷക ആത്മഹത്യയുടെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അഴിമതിക്കാര്‍ക്കും പൊതുഖജനാവ് കൊള്ളയടിക്കുന്നവര്‍ക്കും സംരക്ഷണമൊരുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ കൃഷിക്കാരെയും കാര്‍ഷികമേഖലയെയും പൂര്‍ണമായി അവഗണിക്കുകയാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കര്‍ഷകരടക്കമുള്ള എല്ലാജനവിഭാഗത്തിനും ആത്മവിശ്വാസം നഷ്ടപ്പെട്ടു. കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ തമ്മിലടിയും ചേരിപ്പോരുമായി യുഡിഎഫുകാര്‍ ജനങ്ങളെ പരിഹസിക്കുകയാണെന്നും ബേബി പറഞ്ഞു. കേരള കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പഞ്ചദിനസത്യഗ്രഹത്തിന്റെ രണ്ടാംദിവസ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ തൊണ്ണൂറുകളില്‍ നടപ്പാക്കി തുടങ്ങിയ ആഗോളീകരണനയങ്ങളാണ് കാര്‍ഷിക തകര്‍ച്ചയിലേക്കും കര്‍ഷക ആത്മഹത്യയിലേക്കും നയിച്ചത്. "95 മുതല്‍ ഇതുവരെ രാജ്യത്ത് 2.70 ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഒരോ മിനിറ്റിലും രണ്ടു കര്‍ഷകര്‍ വീതം രാജ്യത്ത് ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. ശരാശരി 60 പേര്‍ വീതം കാര്‍ഷികമേഖല വിടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അതേപടി തുടര്‍ന്ന മുന്‍ യുഡിഎഫ് ഭരണകാലത്ത് കര്‍ഷകരുടെ കൂട്ട ആത്മഹത്യയായിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തെ കര്‍ഷക ആത്മഹത്യയില്‍ നിന്നു രക്ഷിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളിയും കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കിയതുമടക്കമുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കിയാണ് കാര്‍ഷികമേഖലയ്ക്ക് അന്ന് ഉണര്‍വേകിയത്. ഇതെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയതോടെ അട്ടിമറിച്ചു. കാര്‍ഷികമേഖല വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ആറുമാസത്തിനിടെ കര്‍ഷക ആത്മഹത്യ പതിവായിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വളം സബ്സിഡിയില്‍ 6000 കോടി വെട്ടിക്കുറച്ചത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. രാസവളങ്ങളുടെ വില കുതിക്കുകയാണ്. കാര്‍ഷിമേഖലയിലെ പ്രതിസന്ധി രൂക്ഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തുടര്‍പോരാട്ടമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് എം എ ബേബി പറഞ്ഞു.

deshabhimani 250412

No comments:

Post a Comment