Tuesday, April 17, 2012

എംഎല്‍എമാരുടെ സത്യഗ്രഹം; എംപിയുടെ പരാമര്‍ശം അപഹാസ്യം: സിപിഐ എം


അരി വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറത്ത് വിഷുദിനത്തില്‍ എംഎല്‍എമാര്‍ നടത്തിയ സത്യഗ്രഹത്തെക്കുറിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ പരാമര്‍ശം അപഹാസ്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നാലുമാസമായി കുറ്റിപ്പുറത്തെ എഫ്സിഐ ഗോഡൗണ്‍ പൂട്ടിക്കിടന്നിട്ടും എംപിക്ക് പ്രശ്നത്തില്‍ ഇടപെടാനായില്ല. തന്റെയും സര്‍ക്കാറിന്റെയും കഴിവുകേടും നിരുത്തരവാദിത്വവും ഉണ്ടാക്കിയ ജാള്യം മറയ്ക്കാനാണ് എംപിയുടെ ശ്രമം.

എഫ്സിഐ ഗോഡൗണ്‍ പൂട്ടിയതിനെത്തുടര്‍ന്ന് ഭഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ട്. രണ്ടാഴ്ചയായി ജില്ലയിലെ അറുന്നൂറോളം റേഷന്‍കടകളില്‍ വിതരണം സ്തംഭിച്ചിരിക്കയാണ്. പ്രശ്നപരിഹാരത്തിന് എംപി ഇതുവരെയും ശ്രമം നടത്തിയിട്ടില്ല. ഈസ്റ്റര്‍þവിഷു ആഘോഷ സമയത്തും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണനും കെ ടി ജലീലും സത്യഗ്രഹത്തിനിറങ്ങിയത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നീക്കത്തിനെതിരെയും കുറ്റിപ്പുറം എഫ്സിഐയെ രക്ഷപ്പെടുത്താനും എംപി എന്ത് ശ്രമമാണ് നടത്തിയത്. പല തരത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും തന്റേതാക്കി മാറ്റാനുള്ള എംപിയുടെ അപഹാസ്യമായ ശ്രമങ്ങളോട് ഇതുവരെയും പ്രതികരിക്കാതിരുന്നത് സാമാന്യമര്യാദയുടെ പേരിലാണ്. ഇതിനെ ദൗര്‍ബല്യമായി കാണരുത്.

രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ച കോള്‍വികസന പദ്ധതിയാണ് എംപി പറഞ്ഞുനടക്കുന്നത്. ഈ പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്ന് കോടി രൂപ വകയിരുത്തിയതാണ്. അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്നാകരനാണ് ഉദ്ഘാടനം നടത്തിയത്. ഇതെല്ലാം മറച്ചുവച്ചാണ് എംപിയുടെ വാര്‍ത്തകള്‍ വരുന്നത്. മുടങ്ങിക്കിടക്കുന്ന നാഷണല്‍ ഹൈവേ വികസനത്തിന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് വച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. നിര്‍ദിഷ്ട കാര്‍ഗോ പോര്‍ട്ട്, സിവില്‍ സര്‍വീസ് അക്കാദമി, വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് എന്നിവിടങ്ങളിലേക്ക് ഇടക്കിടെ സ്വന്തം പാര്‍ടിക്കാരെക്കൂട്ടി സന്ദര്‍ശനം നടത്തി പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ മറ്റൊരു പരിപാടിയും എംപി നടത്തുന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ ടൂറിസം പദ്ധതികളും തന്റേതാക്കി മാറ്റാനുള്ള ശ്രമവും നടത്തുന്നു. ഇക്കാലയളവില്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധേയമായ പദ്ധതി ഒന്നുംതന്നെ വന്നില്ലെന്നതാണ് വാസ്തവം. വാചക കസര്‍ത്ത് നടത്താതെ കേന്ദ്രസര്‍ക്കാറില്‍ ഇടപെട്ട് പാവങ്ങള്‍ക്കുള്ള അരിവിതരണത്തിന് നടപടിയെടുക്കാനുള്ള ആര്‍ജവമാണ് എംപി കാണിക്കേണ്ടതെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

പ്രസ്താവന അല്‍പ്പത്തം: ഡിവൈഎഫ്ഐ

മലപ്പുറം: അരി വിതരണം പുനഃസ്ഥാപിക്കാന്‍ എംഎല്‍എമാര്‍ നടത്തിയ സത്യഗ്രഹം രാഷ്ട്രീയമുതലെടുപ്പിനാണെന്ന ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പരാമര്‍ശം അല്‍പ്പത്തമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.

റെയില്‍വേ അധികൃതരുടെ കടുംപിടിത്തംമൂലം നാലുമാസമായി അടഞ്ഞുകിടന്നിരുന്ന കുറ്റിപ്പുറം എഫ്സിഐ ഗോഡൗണ്‍ തുറക്കാന്‍ നടപടി സ്വീകരിക്കാന്‍ സ്ഥലം എംപിയും കേന്ദ്രþകേരള സര്‍ക്കാരുകളും തയ്യാറായില്ല. വിഷുþഈസ്റ്റര്‍ സമയത്തുപോലും റേഷന്‍ അരി കിട്ടാതായ സാഹചര്യത്തിലാണ് എംഎല്‍എമാര്‍ സത്യഗ്രഹം ഇരുന്നത്. സത്യഗ്രഹത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് കേന്ദ്രമന്ത്രി കെ വി തോമസ് പ്രശ്നത്തില്‍ ഇടപെടാന്‍ കാരണം. എന്നാല്‍ താന്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചതിന്റെ ഭാഗമായാണ് എഫ്സിഐ ഗോഡൗണ്‍ തുറക്കാന്‍ തീരുമാനമുണ്ടായതെന്ന എംപിയുടെ പ്രസ്താവന എട്ടുകാലി മമ്മൂഞ്ഞിനെയാണ് ഓര്‍മിപ്പിക്കുന്നത്.

റേഷനരി കിട്ടാതിരുന്ന ജനങ്ങള്‍ക്കുമേല്‍ ഇരുട്ടടിപോലെ മണ്ണെണ്ണയും നിര്‍ത്തി. പവര്‍കട്ടിന്റെ പേരില്‍ ജനങ്ങളെ ഇരുട്ടിലാക്കിയ സര്‍ക്കാര്‍ മണ്ണെണ്ണപോലും തരാതെ ജനങ്ങളെ വലയ്ക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ എംപി എന്തുചെയ്തെന്ന് വ്യക്തമാക്കണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

deshabhimani 170412

1 comment:

  1. അരി വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറത്ത് വിഷുദിനത്തില്‍ എംഎല്‍എമാര്‍ നടത്തിയ സത്യഗ്രഹത്തെക്കുറിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ പരാമര്‍ശം അപഹാസ്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നാലുമാസമായി കുറ്റിപ്പുറത്തെ എഫ്സിഐ ഗോഡൗണ്‍ പൂട്ടിക്കിടന്നിട്ടും എംപിക്ക് പ്രശ്നത്തില്‍ ഇടപെടാനായില്ല. തന്റെയും സര്‍ക്കാറിന്റെയും കഴിവുകേടും നിരുത്തരവാദിത്വവും ഉണ്ടാക്കിയ ജാള്യം മറയ്ക്കാനാണ് എംപിയുടെ ശ്രമം.

    ReplyDelete