Tuesday, April 17, 2012

സിപിഐ എമ്മിനെതിരായ ഗൂഢാലോചന: സിബിഐ ഓഫീസിലേക്ക് ഉജ്വല മാര്‍ച്ച്


ഉന്നത നീതിക്ക് കാവലാളാകേണ്ടവരുടെ കുത്സിതത്വത്തിനെതിരെ ബഹുജന രോഷമിരമ്പിയ സിബിഐ ഓഫീസ് മാര്‍ച്ച് പോരാട്ടത്തിന്റെ മറ്റൊരു ചരിത്രമായി. രാഷ്ട്രീയ, വര്‍ഗീയ മേലാളന്മാര്‍ക്കായി വിപ്ലവപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന ജനകീയ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും നേരിടുമെന്ന് സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ ഒരുമനസ്സായി പ്രഖ്യാപിച്ചു. അനീതിയെ ചോദ്യംചെയ്ത് സിബിഐ കൊച്ചി മേഖലാ ആസ്ഥാനത്തേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്യുന്നതും ഇതാദ്യം.

തലശേരി ഫസല്‍ വധക്കേസില്‍ നിരപരാധികളായ കണ്ണൂര്‍ ജില്ലയിലെ സിപിഐ എം നേതാക്കളെ കുടുക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെ നടന്ന മാര്‍ച്ചില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി, എറണാകുളം, വൈറ്റില ഏരിയ കമ്മിറ്റികളില്‍നിന്നുള്ള ആയിരങ്ങളാണ് അണിചേര്‍ന്നത്. കേസില്‍ ചോദ്യംചെയ്യാനായി വിളിപ്പിച്ച മൂന്നുപേരെ അറസ്റ്റ്ചെയ്ത് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനുമെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനെതിരായിരുന്നു ബഹുജനരോഷം. ഇതിന് നേതൃത്വംനല്‍കുന്ന സലിം സാഹിബ് എന്ന സിബിഐ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

2006 ഒക്ടോബറില്‍ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ ഇതുവരെ സിബിഐക്ക് തുമ്പ് ഉണ്ടാക്കാനോ കുറ്റവാളികളെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. എന്നിരിക്കെ തീവ്രവാദികളുമായി ചേര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ കുടിലനീക്കം നടത്തുകയാണെന്നും ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും മാര്‍ച്ച് പ്രഖ്യാപിച്ചു. കലൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സിബിഐ ഓഫീസ് പ്രവേശനഭാഗത്തെ റോഡില്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിന്നു.

മാര്‍ച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ അധ്യക്ഷനായി. കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, പി രാജീവ് എംപി, എസ് ശര്‍മ എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. എം വി ജയരാജന്‍, സി എം ദിനേശ്മണി, കെ ചന്ദ്രന്‍പിള്ള, സി എന്‍ മോഹനന്‍, കെ കെ രാഗേഷ്, എം സുരേന്ദ്രന്‍, കെ കെ നാരായണന്‍ എംഎല്‍എ, സി കൃഷ്ണന്‍ എംഎല്‍എ, അഡ്വ. കെ തുളസി, കെ ജെ ജേക്കബ്, സി കെ മണിശങ്കര്‍, എം സി പവിത്രന്‍, എസ് കൃഷ്ണമൂര്‍ത്തി, എന്‍ സതീഷ്, സി ബി ദേവദര്‍ശനന്‍, എ എന്‍ ഷംസീര്‍, അഡ്വ. എം അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

deshabhimani 170412

1 comment:

  1. ഉന്നത നീതിക്ക് കാവലാളാകേണ്ടവരുടെ കുത്സിതത്വത്തിനെതിരെ ബഹുജന രോഷമിരമ്പിയ സിബിഐ ഓഫീസ് മാര്‍ച്ച് പോരാട്ടത്തിന്റെ മറ്റൊരു ചരിത്രമായി. രാഷ്ട്രീയ, വര്‍ഗീയ മേലാളന്മാര്‍ക്കായി വിപ്ലവപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന ജനകീയ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും നേരിടുമെന്ന് സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ ഒരുമനസ്സായി പ്രഖ്യാപിച്ചു. അനീതിയെ ചോദ്യംചെയ്ത് സിബിഐ കൊച്ചി മേഖലാ ആസ്ഥാനത്തേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്യുന്നതും ഇതാദ്യം.

    ReplyDelete