Monday, April 2, 2012

കരസേനാ മേധാവിയുടെ നേപ്പാള്‍ സന്ദര്‍ശനം കേന്ദ്രം വെട്ടിച്ചുരുക്കി


രവി ഋഷി രാജ്യം വിടരുത്: സിബിഐ

ടട്ര ട്രക്ക് അഴിമതി ഇടപാടില്‍ പ്രതിചേര്‍ത്തിട്ടുള്ള എന്‍ആര്‍ഐ വ്യാപാരി രവി ഋഷിയോട് രാജ്യം വിട്ടുപോകരുതെന്ന് സിബിഐയുടെ നിര്‍ദേശം. സൈന്യത്തിന് ടട്ര ട്രക്കുകള്‍ വിതരണംചെയ്തിരുന്ന ലണ്ടനിലെ വെക്ട്ര കമ്പനിയുടെ ചെയര്‍മാനാണ് ഹരിയാന സ്വദേശി രവി ഋഷി. ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും അധികൃതര്‍ക്ക് സിബിഐ നിര്‍ദേശം നല്‍കി. 750 കോടിയോളം രൂപയുടെ ടട്ര കോഴ ഇടപാടിലെ നിര്‍ണായക കണ്ണിയാണ് രവി ഋഷിയെന്നാണ് സിബിഐ വിലയിരുത്തല്‍. കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ മൊഴി സിബിഐ എടുക്കും.

അഴിമതിയെക്കുറിച്ച് വ്യക്തമായ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ആന്റണിക്ക് അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ ജയില്‍ശിക്ഷ വരെ ലഭിക്കാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നടപടിയെടുക്കാത്തതിന് വിശ്വസനീയമായ വിശദീകരണംനല്‍കാന്‍ ആന്റണിക്ക് കഴിയാതെ വന്നാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും. അഴിമതിയെ സംബന്ധിച്ച് 2009ല്‍തന്നെ ആന്റണിക്ക് വിവരം ലഭിച്ചിരുന്നുവെന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ് അയച്ച കത്ത് തെളിവാണ്. 2010ല്‍ കരസേനാ മേധാവി നേരിട്ട് ആന്റണിയെക്കണ്ട് പരാതി ബോധിപ്പിക്കുകയുംചെയ്തിരുന്നു. അപ്പോഴും നടപടിയുണ്ടായില്ല. അഴിമതിനിരോധന നിയമപ്രകാരം കോഴ വാഗ്ദാനം കുറ്റകരമാ ണ്. ക്രിമിനല്‍ നടപടിചട്ടം 39 പ്രകാരം ഇക്കാര്യം മജിസ്ട്രേട്ടിനെയോ പൊലീസിനെയോ അറിയിക്കാതിരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 176 വകുപ്പുപ്രകാരം ശിക്ഷാര്‍ഹമാണ്. പരമാവധി ആറുമാസംവരെ തടവുലഭിക്കുന്ന കുറ്റമാണിത്. ജനറല്‍ വി കെ സിങ് രേഖാമൂലം പരാതി നല്‍കിയില്ലെന്നാണ് അന്വേഷണത്തിന് ഉത്തരവിടാതിരുന്നതിന് ന്യായമായി രാജ്യസഭയില്‍ ആന്റണി പറഞ്ഞത്. എന്നാല്‍, കോടതി ഇത് വിശ്വസനീയമായ ന്യായമായി പരിഗണിക്കുമോയെന്നത് സംശയമാണ്.

ആന്റണിയ്ക്കൊപ്പം കരസേനാ മേധാവിയും ഇതേഭഭീഷണി നേരിടുന്നുണ്ട്. നിയമപ്രകാരം ജനറല്‍ സിങ്ങും ഇക്കാര്യത്തില്‍ മജിസ്ട്രേട്ടിനെയോ പൊലീസിനെയോ സമീപിക്കേണ്ടതായിരുന്നു. അതിനുപകരം തന്റെ വകുപ്പുമന്ത്രിയെ മാത്രം വിവരം അറിയിക്കുകയും അദ്ദേഹം നടപടിയെടുത്തോളും എന്ന് കരുതുകയും ചെയ്തത് ഒഴിവു കഴിവല്ല.

വിദേശത്തേക്ക് പോകുന്നത് വിലക്കപ്പെട്ട രവി ഋഷിയെ രണ്ടുതവണ സിബിഐ ചോദ്യംചെയ്തു. അടുത്തുതന്നെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിക്കുമെന്നും സൂചനയുണ്ട്. ഡല്‍ഹിയില്‍ പ്രതിരോധപ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ലണ്ടനില്‍നിന്ന് ഋഷിയെത്തിയത്. ജനറല്‍ വി കെ സിങ്ങില്‍നിന്നും സിബിഐ കൂടുതല്‍ വിവരങ്ങള്‍ തേടും. ജനറല്‍ സിങ്ങിന്റെ ആരോപണങ്ങള്‍ രവി ഋഷി നേരത്തെ നിരാകരിച്ചിരുന്നു. ജനറല്‍ സിങ് പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഋഷി അവകാശപ്പെടുന്നു. ടട്ര ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സൈനിക ട്രക്കാണ്. യുഎസ്, റഷ്യ, ബ്രസീല്‍ തുടങ്ങിയ 58 രാജ്യങ്ങള്‍ക്കും 38 സൈന്യങ്ങള്‍ക്കും ടട്ര വിതരണംചെയ്യുന്നുണ്ട്. ഇതൊരു ലോകോത്തര ഉല്‍പ്പന്നമാണ്. ഒരുപരാതിയും ഉയര്‍ന്നിട്ടില്ല. ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ വഴിയാണ് ട്രക്ക് വിതരണം. ഇവിടെ അഴിമതി നടത്തേണ്ട സാഹചര്യമില്ല- ഋഷി പറഞ്ഞു.
(എം പ്രശാന്ത്)

കരസേനാ മേധാവിയുടെ നേപ്പാള്‍ സന്ദര്‍ശനം കേന്ദ്രം വെട്ടിച്ചുരുക്കി

കോഴ വിവാദം കൊഴുക്കുന്നതിനിടെ കരസേന മേധാവി ജനറല്‍ വി കെ സിങ്ങിന്റെ നേപ്പാള്‍ സന്ദര്‍ശനം പ്രതിരോധമന്ത്രാലയം വെട്ടിച്ചുരുക്കി. കഴിഞ്ഞ മാസം സിങ്ങിന്റെ നാലുദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം പ്രതിരോധമന്ത്രാലയം റദ്ദാക്കിയിരുന്നു. ബുധനാഴ്ച കാഠ്മണ്ഡുവില്‍ ആരംഭിക്കുന്ന ദ്വിദിന സെമിനാറില്‍ പങ്കെടുക്കാനാണ് ജനറല്‍ സിങ്ങിന്റെ സന്ദര്‍ശനം. നേപ്പാള്‍ കരസേന മേധാവിയുടെ അധ്യക്ഷതയിലാണ് ഭീകരവിരുദ്ധ- ദുരന്ത നിവാരണ സെമിനാര്‍. സെമിനാര്‍ കഴിഞ്ഞ് ജനറല്‍ സിങ് അവിടെ നില്‍ക്കേണ്ടതില്ലെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇത് ഒരു സെമിനാര്‍ മാത്രമാണെന്നും കരസേന മേധാവിയുടെ ഉഭയകക്ഷി സന്ദര്‍ശനമല്ലെന്നും നടപടിക്ക് ന്യായീകരണമായി പ്രതിരോധമന്ത്രാലയം പറഞ്ഞു. ജനറല്‍ സിങ് വെള്ളിയാഴ്ച തിരിച്ചുവരുന്നതിനാണ് തീരുമാനം. കരസേനമേധാവിയുടെ സംഘാംഗങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം, കരസേന മേധാവിയെ നിര്‍ബന്ധിത അവധിയില്‍ വിടണമെന്ന് ബിജെപി ഭരണത്തില്‍ ദേശീയസുരക്ഷ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര പറഞ്ഞു.

ആന്റണിയുമായി വി കെ സിങ് ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കരസേനാ മേധാവി വി കെ സിങ് പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ വകുപ്പില്‍ വന്‍ അഴിമതിനടക്കുന്നുണ്ടെന്നും നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമുള്ള വി കെ സിങിന്റെ വിവാദ പ്രസ്താവന ചൂടുപിടിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വി കെ സിങിന്റെ നേപ്പാള്‍ യാത്ര പ്രതിരോധ മന്ത്രാലയം വെട്ടിക്കുറച്ചിരുന്നു. നേരത്തെ സിങിന്റെ ഇസ്രയേല്‍ സന്ദര്‍ശനം പ്രതിരോധമന്ത്രാലയം റദ്ദാക്കിയിരുന്നു. നാവിക, വ്യോമസേനാ മേധാവികളുമായും ആന്റണി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

deshabhimani news

1 comment:

  1. കോഴ വിവാദം കൊഴുക്കുന്നതിനിടെ കരസേന മേധാവി ജനറല്‍ വി കെ സിങ്ങിന്റെ നേപ്പാള്‍ സന്ദര്‍ശനം പ്രതിരോധമന്ത്രാലയം വെട്ടിച്ചുരുക്കി. കഴിഞ്ഞ മാസം സിങ്ങിന്റെ നാലുദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം പ്രതിരോധമന്ത്രാലയം റദ്ദാക്കിയിരുന്നു.

    ReplyDelete