Monday, April 9, 2012
കോണ്‍ഗ്രസും ബിജെപിയും അഴിമതിയില്‍ മത്സരിക്കുന്നു: കാരാട്ട്
അഴിമതിക്കാര്യത്തില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ മല്‍സരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നവഉദാരവല്‍ക്കരണ നയങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പിന്‍തുടരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്റ് 2ജി സ്പെക്ട്രം ഇടപാടിലൂടെ അഴിമതിയില്‍ പുതിയ ചരിത്രമെഴുതിയപ്പോള്‍ കര്‍ണ്ണാടകത്തില്‍ ബിജെപി ഖനി മാഫിയയുമായി ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. ഇത്തരത്തില്‍ അഴിമതി വ്യാപകമാക്കുകയും നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്ന നടപടിയുമായാണ് ഇരു മുന്നണികളും മുന്നേറുന്നത്. കര്‍ഷക ആത്മഹത്യകള്‍ ഇന്ന് നിത്യസംഭവമായിരിക്കുന്നു. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സര്‍ക്കാറുകള്‍ തുടച്ചുനീക്കിയ കര്‍ഷക ആത്മഹത്യ തിരിച്ചുവരുന്നതും ലോകം കാണുന്നു. പാര്‍ട്ടികോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ അധ്യക്ഷനായി.
രാജ്യം ഭരിക്കുന്ന യുപിഎ മുന്നണിയ്ക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കുമെതിരായി ശക്തമായ ഇടതുപക്ഷജനാധിപത്യ ബദല്‍ രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇടതുപക്ഷ ബദല്‍ രൂപീകരിക്കാന്‍ മുന്‍ കയ്യെടുക്കേണ്ടത് സിപിഐഎമ്മാണ്. അതിനാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാഹചര്യമനുസരിച്ച് രൂപപ്പെടുത്തിയ പ്രത്യയശാസ്ത്ര രേഖയും കരട് രാഷ്ട്രീയ പ്രമേയവും വിവിധ വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങളും ഇതിന് കരുത്തേകും.
നവഉദാരവല്‍ക്കരണ നയങ്ങള്‍ ലോകത്താകെ നാശം വിതച്ചിട്ടുണ്ട്. ഈ നയങ്ങള്‍ വരുത്തിയ ദുരിതത്തിനെതിരായി ലോകത്താകെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മുന്‍പ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ സോഷ്യലിസം തകര്‍ന്നെന്നും കമ്യൂണിസത്തിന് ഭാവിയില്ലെന്നും പറഞ്ഞ മുതലാളിത്ത രാഷ്ട്രങ്ങള്‍ ഇന്ന് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 4 വര്‍ഷമായി മുതലാളിത്ത രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഭാവി ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്നത്. അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ പോലും ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഉയരുന്നത്. അതിസമ്പന്നരായ 1% പേരാണ് അമേരിക്കയില്‍ 40%സ്വത്തും കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തിലെയും ബംഗാളിലെയും നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് നേരിട്ട തിരിച്ചടി പാര്‍ട്ടിയുടെ അന്ത്യമായി വിലയിരുത്തുന്നവരുണ്ട്. ചില തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിമൂലം ഇല്ലാതായിപ്പോകുന്ന പാര്‍ട്ടിയല്ല സിപിഐ എം. ബംഗാളില്‍ അതിരൂക്ഷമായ ആക്രമണമാണ് കുറച്ചുനാളുകളായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. ഇത്തരം ആക്രമണങ്ങളെയെല്ലാം നേരിട്ട് ശക്തമായി പാര്‍ട്ടി ബംഗാളില്‍ തിരിച്ചുവരും. കേരളത്തില്‍ യുഡിഎഫ് ഗവണ്‍മെന്റിലെ തമ്മിലടി ജനങ്ങള്‍ കാണുന്നുണ്ട്. കേരളത്തിലും പാര്‍ട്ടി ശക്തമായി തിരിച്ചുവരും.
സാമ്രാജ്യത്വ രാജ്യമായ അമേരിക്കയുമായി സൈനിക സഖ്യം ഉണ്ടാക്കിയതിന്റെ പേരിലാണ് ഒന്നാം യുപിഎ ഗവണ്‍മെന്റിനുള്ള പിന്തുണ സിപിഐഎമ്മും ഇടതുപക്ഷവും പിന്‍വലിച്ചത്. സാമ്രാജ്യത്തിന് കീഴടങ്ങിയ ഭരണത്തെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല. ഇന്ത്യയും അമേരിക്കയും സംയുക്തമായി ഓപ്പറേഷന്‍ മലബാര്‍ എന്നപേരില്‍ സംയുക്ത നാവിക അഭ്യാസം നടത്തുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലാണ് ഇത്തവണ സംയുക്ത അഭ്യാസം നടത്തുന്നത്. കേരളത്തീരത്ത് സംയുക്ത നാവിക അഭ്യാസം നടത്തിയപ്പോള്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കടല്‍ത്തീരത്ത് ജനലക്ഷങ്ങളെ അണിനിരത്തിയാണ് പാര്‍ട്ടി പ്രതിഷേധം അറിയിച്ചത്. അതിനാലാവാം ബംഗാള്‍ ഉള്‍ക്കടലിലേക്ക് അഭ്യാസം മാറ്റിയത്. കേന്ദ്രനയങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ സമരപരിപാടികള്‍ നടത്താന്‍ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയും പാര്‍ട്ടിയെ ഇന്ത്യയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കാരാട്ട് പറഞ്ഞു.
യുഡിഎഫ് രാഷ്ട്രീയധാര്‍മ്മികത തകര്‍ത്തു പിണറായി
രാഷ്ട്രീയത്തിലെ ധാര്‍മ്മികത യുഡിഎഫ് തകര്‍ത്തുവെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുനു അദ്ദേഹം. വന്‍തോതില്‍ കോഴകൊടുത്ത് മുന്നണി ബന്ധങ്ങള്‍ തകര്‍ത്ത് കേരള രാഷ്ട്രീയത്തെ അവര്‍ നികൃഷ്ടമാക്കി. അധികാരത്തിനുവേണ്ടി രാഷ്ട്രീയത്തിലെ ധാര്‍മികമൂല്യങ്ങള്‍ തകര്‍ത്തു. നെയ്യാറ്റിന്‍കര സംഭവം അതിനുതെളിവാണ്. പണം കൊടുത്തതിന് തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെയ്യാറ്റിന്‍ കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മിണ്ടാതിരിക്കുകയാണ്. യുഡിഎഫ് ഒരു തല്ലിപ്പൊളിക്കൂട്ടമായി മാറിയിരിക്കുന്നു. ജാതിമതശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു കൂട്ടായ്മയായി അത് മാറി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു കോക്കസ് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടത്തുന്നത്. അതിന്റെ ദല്ലാളായി പി സി ജോര്‍ജ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ചില ജാതിമതശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥിതി വന്നിരിക്കുന്നു. ആഭ്യന്തരവകുപ്പ് ലീഗിന് എഴുതി കൊടുത്തിരികയാണ്്. അവര്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ മാത്രം ബാധ്യതപ്പെട്ട സര്‍ക്കാര്‍ ലീഗ് ആവശ്യപ്പെട്ടതെല്ലാം ചെയ്തു കൊടുക്കുന്നു. ലീഗിന് അധികാരത്തിന്റെ അഹന്തയാണ്. അക്രമം നടത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം. കാസര്‍കോട് കലാപത്തിന്റെ പിന്നിലെ തീവ്രവാദം പുറത്തു വരുന്നതുകൊണ്ടാണ് അന്വേഷണം പോലും വേണ്ടെന്നു വെക്കാന്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തിയത്. തളിപ്പറമ്പിലും മറ്റും ലീഗുകാര്‍ അതിക്രമം നടത്തുന്നു. ഉമ്മന്‍ചാണ്ടി മിണ്ടുന്നില്ല. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഊര്‍ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ വെപ്രാളമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ല. ഇന്നത്തെ സ്പീക്കര്‍ നാളെ ആ സ്ഥാനത്തുണ്ടാവുമോയെന്ന് പറയാന്‍ കഴിയില്ല. രാഷ്ട്രീയത്തിലെ മുന്നറി മര്യാദ തകര്‍ന്നു. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് ആ സാഹചര്യം വിലയിരുത്തുമെന്നും പിണറായി പറഞ്ഞു.
സമൂഹത്തിന്റെ വിപ്ലവകരമായ പുന:സംഘടനയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ജനാകീയജനാധിപത്യവിപ്ലവത്തിലൂടെ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ചൂഷണരഹിതമായി രാജ്യത്തിന്റെ സമ്പത്ത് വിതരണം ചെയ്യപ്പെടണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി തെരഞ്ഞെടുപ്പിലൂടെയല്ല തീരുമാനിക്കപ്പെടുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭസമരത്തിലൂടെ രാജ്യത്തെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥിതിയില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ അടിസ്ഥാനവര്‍ഗങ്ങളുടെ താല്‍പര്യത്തിനെതിരാണ്. തുടര്‍ന്നു സംസാരിച്ച ത്രിപുര മുഖ്യമന്ത്രി മണിക്സര്‍ക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ തകര്‍ത്തു. നിലക്കാത്ത പോരാട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ത്രിപുരയില്‍ ഭീകരവാദമുള്‍പ്പടെയുള്ളവയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.അദ്ദേഹം പറഞ്ഞു.
deshabhimani news
Subscribe to:
Post Comments (Atom)
അഴിമതിക്കാര്യത്തില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ മല്‍സരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നവഉദാരവല്‍ക്കരണ നയങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പിന്‍തുടരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്റ് 2ജി സ്പെക്ട്രം ഇടപാടിലൂടെ അഴിമതിയില്‍ പുതിയ ചരിത്രമെഴുതിയപ്പോള്‍ കര്‍ണ്ണാടകത്തില്‍ ബിജെപി ഖനി മാഫിയയുമായി ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. ഇത്തരത്തില്‍ അഴിമതി വ്യാപകമാക്കുകയും നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്ന നടപടിയുമായാണ് ഇരു മുന്നണികളും മുന്നേറുന്നത്. കര്‍ഷക ആത്മഹത്യകള്‍ ഇന്ന് നിത്യസംഭവമായിരിക്കുന്നു. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സര്‍ക്കാറുകള്‍ തുടച്ചുനീക്കിയ കര്‍ഷക ആത്മഹത്യ തിരിച്ചുവരുന്നതും ലോകം കാണുന്നു. പാര്‍ട്ടികോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ അധ്യക്ഷനായി.
ReplyDelete