Monday, April 9, 2012
മത്സ്യ സംഘങ്ങളുടെ പ്രവര്‍ത്തനം: റിപ്പോര്‍ട്ട് അവഗണിക്കുന്നു
മത്സ്യത്തൊഴിലാളി മേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിക്കുന്നു. എം എം മോനായി ചെയര്‍മാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകാത്തത് മത്സ്യസംഘങ്ങളെ തകര്‍ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യഫെഡിന്റെയും, ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്ത പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനം പഠിച്ചാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഈ മേഖലയിലെ വിദഗ്ധനായ ഡോ. മാര്‍ട്ടിന്‍ പാട്രിക് സമിതി അംഗമായിരുന്നു. മത്സ്യ-സഹകരണ വകുപ്പുകള്‍, മത്സ്യഫെഡ്, പ്രാഥമിക സംഘങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളി യൂണിയനുകള്‍, ബഹുജന വര്‍ഗ സംഘടനകള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവരുമായി ആറു മാസത്തോളം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് 2010 ഡിസംബറില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
പ്രാഥമിക സഹകരണ സംഘങ്ങള്‍, ജീവനക്കാര്‍, മത്സ്യഫെഡ്, സഹകരണ വകുപ്പ്, മത്സ്യവകുപ്പ് ഇങ്ങനെ തരംതിരിച്ച് പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരു മത്സ്യഗ്രാമത്തില്‍ ഒരു പ്രാഥമിക സംഘംമാത്രം എന്ന നിലയില്‍ സംഘങ്ങളുടെ എണ്ണം ക്രമീകരിക്കണമെന്നതാണ് ശുപാര്‍ശകളിലൊന്ന്. പ്രാദേശിക വ്യത്യാസമില്ലാതെ മത്സ്യലേല കമീഷന്‍ അഞ്ച് ശതമാനമായി നിജപ്പെടുത്തണം. ഇതില്‍ രണ്ട് ശതമാനം മത്സ്യത്തൊഴിലാളികള്‍ക്ക് ഉത്സവ കാലയളവില്‍ ബോണസായി നല്‍കണം. സംഘത്തില്‍ ഓരോ വര്‍ഷവും ഭരണ സമിതിയില്‍ അംഗമല്ലാത്ത മൂന്നില്‍ കൂടാത്ത ഇന്റേണല്‍ ഓഡിറ്റ് കമ്മിറ്റിയെ പൊതുയോഗം ചുമതലപ്പെടുത്തണം. മത്സ്യഫെഡിന്റെ സംഘങ്ങള്‍ക്കായി തയ്യാറാക്കിയ നിലവിലുള്ള അക്കൗണ്ടിങ് സോഫ്റ്റ്വെയര്‍ ലളിതമാക്കി ഏകീകൃത അക്കൗണ്ടിങ് സമ്പ്രദായം സംസ്ഥാനത്തെ എല്ലാ മത്സ്യ സംഘങ്ങളിലും വ്യാപിപ്പിക്കണം. സംഘം ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 30 ദിവസത്തെ പരിശീലനം ഉറപ്പാക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ.
വിപണനത്തിനുശേഷം മൂന്നു ദിവസത്തിനുള്ളില്‍ കമീഷന്‍ പിരിച്ചെടുക്കാനുള്ള നടപടി സംഘങ്ങള്‍ ഉറപ്പാക്കണം. കൃത്യമായി പൊതുയോഗം ചേരാത്ത സംഘങ്ങള്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണം. സംഘങ്ങളെ കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ മേല്‍നോട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കണം. മത്സ്യഫെഡിന്റ കൊച്ചിയിലെ ഐസ് ആന്‍ഡ് ഫ്രീസിങ് പ്ലാന്റിലേക്ക് സംഘങ്ങള്‍ നേരിട്ട് വിപണനം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കണം. മൂല്യവര്‍ധിത ഉല്‍പ്പന്ന യൂണിറ്റുകള്‍ സ്ഥാപിക്കണം. സംഘങ്ങളിലെ ഇരട്ട അംഗത്വം ഒഴിവാക്കണം. അംഗത്വം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തണം. മത്സ്യഫെഡ് കൂടുതല്‍ ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കണം. സ്ഥാപനത്തിന്റെ മാനേജ്മെന്റില്‍ പ്രൊഫഷണലിസത്തിന് പ്രാധാന്യം നല്‍കണം. ഭരണച്ചെലവ് 70 ശതമാനത്തിലേക്ക് നിജപ്പെടുത്തണം. എംഡി തസ്തികയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കണം. കൊല്ലത്ത് വലഫാക്ടറി സ്ഥാപിക്കണം. വിപണനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഫെഡറേഷന്റെ കീഴില്‍ സഹകരണ കമ്പനി രൂപീകരിക്കണം. സംഘങ്ങള്‍ക്ക് വായ്പ ലഭ്യമാക്കല്‍, ധന സഹായം ഉറപ്പാക്കല്‍, മത്സ്യ മേഖലയുടെ മേല്‍നോട്ടച്ചുമതലയില്‍ രജിസ്ട്രാറെ സഹായിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ തസ്തിക സൃഷ്ടിക്കല്‍, ലേല മേല്‍നോട്ട സെല്‍ രൂപീകരണം തുടങ്ങി ഉല്‍പ്പാദനം, സംഭരണം, വിതരണം, സംസ്കരണം ഉള്‍പ്പെടെ മത്സ്യമേഖലയില്‍ സമഗ്ര മാറ്റത്തിനുള്ള നിര്‍ദേശങ്ങളാണ് സമിതി റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
(ജി രാജേഷ്കുമാര്‍)
deshabhimani 090412
Subscribe to:
Post Comments (Atom)
No comments:
Post a Comment