Monday, April 9, 2012

കാരാട്ട് വീണ്ടും ജനറല്‍ സെക്രട്ടറി ബേബി പിബിയില്‍

സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍ നിന്ന് എം എ ബേബിയെ പുതിയതായി തെരഞ്ഞെടുത്തു. പുതിയ പിബിയില്‍ 15 അംഗങ്ങളുണ്ട്. സിഐടിയു പ്രസിഡന്റ് ഏ കെ പത്മനാഭന്‍, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര എന്നിവരാണ് പിബിയിലെ മറ്റു രണ്ടു പുതുമുഖങ്ങള്‍. കേന്ദ്ര കമ്മറ്റിയിലേക്ക് കേരളത്തില്‍ നിന്ന് കെ കെ ശൈലജയെ ഉള്‍പ്പെടുത്തി. മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടിയാണ് ശൈലജ. അറുപത്തിനാലുകാരനായ കാരാട്ട് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. ന്യൂഡല്‍ഹി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹത്തെ കോയമ്പത്തൂര്‍ കോണ്‍ഗ്രസ്സ് വീണ്ടും തെരഞ്ഞെടുത്തു.

മറ്റ് പിബി അംഗങ്ങള്‍: സീതാറാം യെച്ചൂരി, ബിമന്‍ ബസു, എസ്ആര്‍പി, പിണറായി, മണിക് സര്‍ക്കാര്‍, ബുദ്ധദേവ് ഭട്ടാചാര്യ, കെ വരദരാജന്‍, ബി വി രാഘവലു, വൃന്ദ കാരാട്ട്, കോടിയേരി, നിരുപം സെന്‍.

89 അംഗ സിസിയില്‍ രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കേന്ദ്രകമ്മറ്റിയിലെ പുതുമുഖങ്ങള്‍: ദീപക് ദാസ് ഗുപ്ത, രേഖ ഗോസ്വാമി, നൃപന്‍ ചൗധരി, എ സൗന്ദരരാജന്‍, കെ ബാലകൃഷ്ണന്‍, പി സമ്പത്ത്, എസ് വീരയ്യ, നരസയ്യ ആദം, ജി വി ശ്രീരാമ റെഡ്ഡി, ജി കെ ബക്ഷി, ദേബന്‍ ഭട്ടാചാര്യ, രാജേന്ദ്ര ശര്‍മ്മ.

മറ്റ് കേന്ദ്രകമ്മറ്റി അംഗങ്ങള്‍: വിഎസ്, എ വിജയരാഘവന്‍, പി രാമയ്യ, പി മധു, ടി വീരഭദ്രം, എം എ ഗഫൂര്‍, സുകര്‍മ്മ പുണ്യവതി, ഉദ്ധബ്് ബര്‍മ്മന്‍, വിജയ്കാന്ത് താക്കൂര്‍, പി എം എസ് ഗ്രേവാള്‍, അരുണ്‍ മേത്ത, ഇന്ദ്രജിത്ത് സിങ്, രാകേഷ് സിന്‍ഹ, മുഹമ്മദ് യൂസഫ് തരിഗാമി, ജെ എസ് മജുംദാര്‍, പാലോളി, പി കെ ഗുരുദാസന്‍, പി കരുണാകരന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, ഇ പി ജയരാജന്‍, വൈക്കം വിശ്വന്‍, തോമസ് ഐസക്ക്, ബാദന്‍ സരോജ്, അശോക് ദാവ്ലെ, കെ എല്‍ ബജാജ്, ജനാര്‍ദ്ദന്‍ പതി, ചരണ്‍സിങ് വിറുദ്ധി, വാസുദേവ്, അംറ റാം, ടി കെ രംഗരാജന്‍, യു വാസുകി, ജി രാമകൃഷ്ണന്‍, അഘോര്‍ ദേവ് വര്‍മ്മ, ബിജന്‍ ദാര്‍, ഖഗന്‍ ദാസ്, ബാദല്‍ ചൗധരി, ബജുദന്‍ റിയാന്‍, രമാ ദാസ്, സുഭാഷിണി അലി, എസ് പി കാശ്യപ്, മുഹമ്മദ് സലീം, ശ്യാമള്‍ ചക്രവര്‍ത്തി, ശ്യാമിലി ഗുപ്ത, ബനാനി ബിശ്വാസ്, വാസുദേവ് ആചാര്യ, ഗൗതം ദേവ്, മദന്‍ ഘോഷ്, മൃദുല്‍ ഡേ, ഹരിസിങ് കാങ്, വി ശ്രീനിവാസ റാവു, ഹനന്‍ മുള്ള, നീലോല്‍പ്പല്‍ ബസു, ജോഗീന്ദര്‍ ശര്‍മ്മ, സുകോമാള്‍ സെന്‍, സുനീത് ചോപ്ര, കെ ഹേമലത, തപന്‍ സെന്‍, സുധ സുന്ദരരാമന്‍.

വിജയ് റാവത്ത്, എം കെ നന്തി എന്നിവര്‍ കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാക്കളും സമര്‍ മുഖര്‍ജി, ആര്‍ ഉമാനാഥ്, മുഹമ്മദ് അമീന്‍, മല്ലു സ്വരാജ്യം എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്. കണ്‍ട്രോള്‍ കമ്മീഷന്‍: ബിനോയ് കോനാര്‍(ചെയര്‍മാന്‍). പി രാജേന്ദ്രന്‍, ജി രാമലു, ബിനോതി ഘോഷ്, ആര്‍ ഗോവിന്ദ രാജ്.

കാരാട്ട്: ദേശീയരാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം

കോഴിക്കോട്: സിപിഐ എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ നായകനാണ്. ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മലയാളി സാന്നിധ്യമാണ് കാരാട്ട്. സാമ്രാജ്യത്വത്തിനുകീഴടങ്ങി ജനങ്ങളെ ദുരിതങ്ങളിലാഴ്ത്തുന്ന കോണ്‍ഗ്രസിനും വര്‍ഗീയത ആളിക്കത്തിച്ച് രാജ്യത്തിന്റെ ഐക്യവും ഭദ്രതയും തകര്‍ക്കുന്ന ബിജെപിക്കുമെതിരെ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ ബദല്‍ കെട്ടിപ്പടുത്ത് ശക്തമായ പോരാട്ടങ്ങള്‍ക്ക് പാര്‍ടി കോണ്‍ഗ്രസ് രൂപംനല്‍കിയ ഘട്ടത്തിലാണ് കാരാട്ടിനെ ഒരിക്കല്‍ക്കൂടി പാര്‍ടിയുടെ സാരഥ്യമേല്‍പ്പിച്ചത്. ആറുദിവസം നീണ്ടുനിന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് 89 അംഗ കേന്ദ്രകമ്മിറ്റിയെയും തെരഞ്ഞെടുത്തു. രണ്ട് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 15 അംഗങ്ങളടങ്ങിയതാണ് പൊളിറ്റ്ബ്യൂറോ. ബിനോയ് കോനാര്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രോള്‍ കമീഷനും രൂപീകരിച്ചു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പ്രകാശ് കാരാട്ട് ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇ എം എസിന്റെയും എ കെ ജിയുടെയും ശിഷ്യനാണ് അറുപത്തിനാലുകാരനായ ഈ പാലക്കാട്ടുകാരന്‍. 1992 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗം. പിബി അംഗം വൃന്ദ കാരാട്ടാണ് ഭാര്യ. 1972ല്‍ എസ്എഫ്ഐ അംഗമായ കാരാട്ട് "74ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റുമായി. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ എസ്എഫ്ഐയെ നയിച്ചു. അഞ്ചുവര്‍ഷം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. "82 മുതല്‍ "85 വരെ പാര്‍ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. "85ലാണ് കേന്ദ്രകമ്മിറ്റി അംഗമായത്. മാര്‍ക്സിസം- ലെനിനിസവുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

മഹാപ്രവാഹം

മീനമാസ സൂര്യന്‍ കത്തിനിന്ന പകലില്‍ കോഴിക്കോട്ട് വിപ്ലവസൂര്യനുദിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ചുവപ്പിന്റെ ഉദയം വിളംബരംചെയ്ത് ജനലക്ഷങ്ങളുടെ മഹാപ്രവാഹം. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച് കോഴിക്കോട് നഗരത്തില്‍ തിങ്കളാഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയപ്രഭാതത്തിന്റെ വരവറിയിച്ച് വീഥികളിലൂടെ നാടൊന്നാകെ ഒഴുകുകയായിരുന്നു. ചെങ്കൊടിയേന്തി എല്ലാ വീഥികളിലൂടെയും ജനം പ്രവഹിച്ചു. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും അച്ചടക്കവും ഘോഷിച്ച് ജനലക്ഷങ്ങള്‍ക്ക് കാവലാളായി ചുവപ്പുവളന്റിയര്‍മാരും മാര്‍ച്ച്ചെയ്തു. ചുവപ്പിന്റെ സമസ്തസൗന്ദര്യവുമായി ചെറുപുഴകളായായിരുന്നു തുടക്കം. മാവൂര്‍ റോഡിലും പാളയത്തും കണ്ണൂര്‍റോഡിലും വയനാട് റോഡിലുമെല്ലാമായി ഒഴുകി കടപ്പുറത്തെത്തിയപ്പോള്‍ എം കെ പന്ഥെ നഗര്‍ ചെങ്കടലായി.
ഞായറാഴ്ച കോഴിക്കോട് ഉറങ്ങിയിരുന്നില്ല. ഗസല്‍പാടുന്ന കോഴിക്കോടന്‍ രാവില്‍ വിപ്ലവത്തിന്റെ മെഹ്ഫിലുകളുയര്‍ന്നു. പടപ്പാട്ടുകളും മുദ്രാവാക്യങ്ങളുമായി മിഠായിത്തെരുവിലും മാനാഞ്ചിറയിലും പാളയത്തും മാവൂര്‍റോഡിലും ബീച്ചിലും പ്രവര്‍ത്തകര്‍ അലയടിച്ചു. മലയാളത്തില്‍, തമിഴില്‍, ഹിന്ദിയില്‍, ബംഗാളിയില്‍, തെലുങ്കില്‍ തുടങ്ങി വിവിധ ഭാഷകളില്‍ മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ പ്രകമ്പനമായി. കോഴിക്കോട് ഇന്ത്യയുടെ ഹൃദയസംഗമകേന്ദ്രമായി മാറിയ മുഹൂര്‍ത്തങ്ങള്‍... എല്ലാത്തിനും ഒരേ താളമായിരുന്നു, ഒരേ ഹൃദയവികാരം... കാല്‍ലക്ഷം ചെമ്പട, പിന്നിലായി ലക്ഷക്കണക്കിന് ജനങ്ങള്‍...വീഥികള്‍ക്കിരുപുറവും അഭിവാദ്യങ്ങളുമായി പതിനായിരങ്ങള്‍..... ചരിത്രത്തിലേക്കൊരു ലോങ്മാര്‍ച്ചായി കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ റാലി.

മൂന്ന് കേന്ദ്രങ്ങളിലായാണ് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിലേക്ക് ചുവപ്പുവളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്തത്. പ്രതിനിധിസമ്മേളന ന ഗരിയായ ടാഗോര്‍ഹാളിന് മുന്നില്‍ വളന്റിയര്‍പരേഡ് വീക്ഷിച്ച പ്രതിനിധികളും പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങി. കേന്ദ്രീകരിച്ച പ്രകടനമില്ലാതിരുന്നിട്ടും ജനങ്ങളുടെ കുത്തൊഴുക്കിനാണ് നഗരം സാക്ഷ്യംവഹിച്ചത്. എല്ലാവഴികളും കോഴിക്കോട്ടേക്കായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വീറുറ്റ ഓര്‍മകള്‍ ഇരമ്പുന്ന കടപ്പുറത്തേക്ക് ജനകീയപ്രക്ഷോഭത്തിന്റെ പോരാളികള്‍ നീങ്ങി. പ്രസ്ഥാനത്തിനായി ജീവത്യാഗംചെയ്ത രക്തസാക്ഷികള്‍ക്ക് ലാല്‍സലാംപാടി ബലികുടീരസ്മരണകളുടെ ഊര്‍ജവും ഉണര്‍വുമേന്തി പുതുലോകത്തിനായി പോരാട്ടത്തിന്റെ ഗാഥകള്‍ പാടി നീങ്ങിയ ജനാവലി സിപിഐ എമ്മിന്റെ കരുത്ത് വിളിച്ചോതുന്നതായി.

ജനവിരുദ്ധഭരണത്തിനും നാടിനെ വിഴുങ്ങുന്ന ആഗോളവല്‍ക്കരണത്തിനുമെതിരെ ഇടതുപക്ഷരാഷ്ട്രീയത്തിനെ നയിക്കാന്‍ മുന്നണിയിലേക്കിതാ എന്ന പ്രതിജ്ഞയോടെയായിരുന്നു ജനമുന്നേറ്റം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന, മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങള്‍ പൊളിച്ച്, കര്‍ഷകര്‍, തൊഴിലാളികള്‍, യുവതീ യുവാക്കള്‍, ജീവിതത്തിന്റെ കൊടിപ്പടമേന്തി സാധാരണക്കാരായ മനുഷ്യര്‍ തുടങ്ങി എല്ലാ മേഖലകളിലുംപെട്ടവര്‍ അണിനിരന്നു.

ചുകപ്പുസേന സ്റ്റേഡിയത്തിലും ക്രിസ്ത്യന്‍ കോളേജിലും സാമൂതിരിസ്കൂള്‍ ഗ്രൗണ്ടിലുമായി ഒരുമണിയോടെ കേന്ദ്രീകരിച്ച് 2.45ന് പരേഡ് ആരംഭിച്ചു. വിപ്ലവഘോഷമുയര്‍ത്തി ബാന്‍ഡ്വാദ്യവും ബ്യൂഗിള്‍നാദവും. അതിനൊത്ത് ചുവടുവച്ച് 25,000 ചുകന്ന പട്ടാളക്കാര്‍. സിപിഐ എമ്മിന്റ കാവല്‍ഭടന്മാരായ ചെമ്പടയുടെ മാര്‍ച്ചില്‍ നഗരമാകെ ത്രസിച്ചു. മാര്‍ച്ചിന് പിറകിലായായിരുന്നു ചെറിയ പ്രകടനങ്ങള്‍. ചുകപ്പിനെ നെഞ്ചേറ്റി തുടുത്തസന്ധ്യയില്‍ നേതാക്കള്‍ ജനലക്ഷങ്ങളെ അഭിവാദ്യംചെയ്തു.
( പി വി ജീജോ)

deshabhimani news

1 comment:

  1. സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍ നിന്ന് എം എ ബേബിയെ പുതിയതായി തെരഞ്ഞെടുത്തു. പുതിയ പിബിയില്‍ 15 അംഗങ്ങളുണ്ട്. സിഐടിയു പ്രസിഡന്റ് ഏ കെ പത്മനാഭന്‍, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര എന്നിവരാണ് പിബിയിലെ മറ്റു രണ്ടു പുതുമുഖങ്ങള്‍. കേന്ദ്ര കമ്മറ്റിയിലേക്ക് കേരളത്തില്‍ നിന്ന് കെ കെ ശൈലജയെ ഉള്‍പ്പെടുത്തി. മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടിയാണ് ശൈലജ. അറുപത്തിനാലുകാരനായ കാരാട്ട് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. ന്യൂഡല്‍ഹി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹത്തെ കോയമ്പത്തൂര്‍ കോണ്‍ഗ്രസ്സ് വീണ്ടും തെരഞ്ഞെടുത്തു.

    ReplyDelete