Monday, April 9, 2012

വേനലില്‍ വസന്തത്തിന്റെ തീജ്വാല തീര്‍ത്ത് ഗുല്‍മോഹര്‍


പുനലൂര്‍: വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ മലയോരമേഖലയില്‍ വസന്തതീജ്വാലകള്‍ പോലെ തിളങ്ങുകയാണ് ഗുല്‍മോഹര്‍ പൂക്കള്‍. തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും മൂകസാക്ഷികളായി കാവ്യലോകം കരുതാറുള്ള ചുവന്നപൂക്കള്‍ നിറഞ്ഞ ഈ വലിയ തണല്‍മരങ്ങളാണ് നാട്ടിടവഴിയോരങ്ങളിലും പ്രധാന വീഥികളിലുമൊക്കെ വര്‍ണലോകം തീര്‍ക്കുന്നത്. മെയ്മാസമാകുമ്പോഴേക്കും ചെറുചില്ലകള്‍പോലും പൂക്കളാല്‍ നിറയുന്നതിനാല്‍ ഗുല്‍മോഹറിനെ മെയ്ഫ്ളവര്‍ എന്നും വിളിക്കാറുണ്ട്. അലസിപ്പൂമരമെന്നും ഈ വാകമരത്തിന് വിളിപ്പേരുണ്ട്.

അലങ്കാരത്തിനും തണലിനുമായി നട്ടുവളര്‍ത്താറുള്ള ഗുല്‍മോഹര്‍ വിദേശിയാണ്. മഡഗാസ്ക്കറാണ് ഈ മരത്തിന്റെ ജന്മദേശം. ഭാരതത്തിന്റെ മണ്ണിലേക്ക് ഗുല്‍മോഹര്‍ എത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. വളരുവാന്‍ നല്ല സൂര്യപ്രകാശം ആവശ്യമുള്ള ഗുല്‍മോഹറിന് വരള്‍ച്ചയും ശൈത്യവും ഒരുപോലെ അതിജീവിക്കാനുള്ള കരുത്തുണ്ട്. പത്തു മീറ്ററോളം വളര്‍ന്നാല്‍പ്പിന്നെ അലസിമരത്തിന്റെ ശിഖരങ്ങള്‍ പടര്‍ന്നു പന്തലിക്കും. ഇവയുടെ വേരുകള്‍ മണ്ണില്‍ ആഴത്തില്‍ പോകാറില്ല. അതിനാല്‍ നല്ല കാറ്റു വിശുമ്പോള്‍ മരം കടപുഴകും. ഗുല്‍മോഹറിന്റെ ഈ കുഴപ്പം കാരണം ഇപ്പോള്‍ വീടുകളോട് ചേര്‍ന്ന് തണലിനും അലങ്കാരത്തിനുമായി മരം നട്ടുവളര്‍ത്താന്‍ മടിയാണ്. ചുവപ്പു മാത്രമല്ല മറ്റു നിറങ്ങളിലും ഗുല്‍മോഹറുണ്ട്. വിനോദസഞ്ചാരികള്‍ക്കാണ് ഗുല്‍മോഹറിന്റെ ചുവന്ന മേലാപ്പു തീര്‍ത്ത തണല്‍ കൂടുതല്‍ ആസ്വാദ്യതയേകുന്നത്. ഏപ്രിലില്‍ വെയില്‍ചൂടില്‍ തിളങ്ങുന്ന കണിക്കൊന്ന മരങ്ങള്‍ക്കൊപ്പമാണ് ഗുല്‍മോഹറിന്റെ ചുവന്നലോകം ഹൃദ്യതയാകുന്നത്.

deshabhimani 090412

1 comment:

  1. വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ മലയോരമേഖലയില്‍ വസന്തതീജ്വാലകള്‍ പോലെ തിളങ്ങുകയാണ് ഗുല്‍മോഹര്‍ പൂക്കള്‍. തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും മൂകസാക്ഷികളായി കാവ്യലോകം കരുതാറുള്ള ചുവന്നപൂക്കള്‍ നിറഞ്ഞ ഈ വലിയ തണല്‍മരങ്ങളാണ് നാട്ടിടവഴിയോരങ്ങളിലും പ്രധാന വീഥികളിലുമൊക്കെ വര്‍ണലോകം തീര്‍ക്കുന്നത്. മെയ്മാസമാകുമ്പോഴേക്കും ചെറുചില്ലകള്‍പോലും പൂക്കളാല്‍ നിറയുന്നതിനാല്‍ ഗുല്‍മോഹറിനെ മെയ്ഫ്ളവര്‍ എന്നും വിളിക്കാറുണ്ട്. അലസിപ്പൂമരമെന്നും ഈ വാകമരത്തിന് വിളിപ്പേരുണ്ട്.

    ReplyDelete