കയ്യൂര്‍: തലമുറകളെ പുളകംകൊള്ളിച്ച കയ്യൂരിന്റെ വീരചരിതം പാര്‍ടി കോണ്‍ഗ്രസ് വേദിയെ ധന്യമാക്കും. ജന്മി- നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഏഴു പതിറ്റാണ്ടുമുമ്പ് കയ്യൂരിലെ കര്‍ഷകര്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രം ആലേഖനംചെയ്ത കൊടിമരമാണ് ഞായറാഴ്ച പാര്‍ടി കോണ്‍ഗ്രസ് വേദിയിലേക്ക് കൊണ്ടുപോകുന്നത്. പോരാട്ടവീറിന്റെ കയ്യൂര്‍ഗാഥയാണ് കൊടിമരത്തില്‍ ചിത്രീകരിച്ചത്. അഗ്നിപഥങ്ങളിലൂടെ മാനവവിമോചനത്തിന്റെ മഹാഗാഥ രചിക്കുകയായിരുന്നു കയ്യൂര്‍. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച ആ പോരാട്ടത്തിന്റെ ഇരമ്പുന്ന ഏടുകളാണ് പുതിയ കാലത്തിനുമുന്നില്‍ കലാകാരന്മാര്‍ വരച്ചുകാട്ടുന്നത്. ശില്‍പ്പിയും ചിത്രകാരനുമായ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തിലാണ് സമരചരിത്രം ആലേഖനം ചെയ്തത്. സന്തോഷ് മാനസം, മനോജ് പെരളം, അനൂപ് പൊതാവൂര്‍ എന്നിവരും പങ്കാളികളായി.
കരിങ്കല്‍ത്തൊഴിലാളിയായ കുണ്ടേംമൂലയിലെ ടി കെ ലീല സൗജന്യമായി നല്‍കിയ തവിടി മരമാണ് കൊടിമരമാക്കിയത്. മിനുസപ്പെടുത്തി മരത്തില്‍ മരപ്പൊടിയും മെറ്റാലിക് പെയിന്റും ഉപയോഗിച്ച് സ്വാതന്ത്ര്യസമരത്തിലെ ചോരകിനിയുന്ന ചരിത്രമുഹൂര്‍ത്തങ്ങളും രക്തസാക്ഷികുടീരങ്ങളും ആലേഖനം ചെയ്യുകയായിരുന്നു. നിസ്വവര്‍ഗത്തിന്റെ മോചനത്തിനായി പോരാടി തൂക്കുമരമേറിയ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കാല്‍ അബൂബക്കര്‍ എന്നിവരുടെ ധീരസ്മരണകള്‍ ജ്വലിച്ചുനില്‍ക്കുന്ന കയ്യൂരില്‍, കൊടിമരജാഥയുടെ ഉദ്ഘാടനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
(എം ഒ വര്‍ഗീസ്)
കൂട്ടായ്മയുടെ വിസ്മയക്കാഴ്ചകള്‍
മലബാറിലെ ചരിത്രനഗരം പാര്‍ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കത്തില്‍ ചാലിച്ചെടുത്തത് വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ച. പാര്‍ടി കോണ്‍ഗ്രസിന്റെ സന്ദേശം വിളംബരംചെയ്ത് ഉജ്വലവും മനോഹാരിത തുടിക്കുന്നതുമായ സംഘാടകസമിതി ഓഫീസുകളാണ് നാട്ടിന്‍പുറങ്ങളിലും നഗരവീഥികളിലും ഉയര്‍ന്നത്. കലയും സംഘബോധവും നിര്‍മാണ വൈഭവവും സമന്വയിപ്പിച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ പ്രചാരണഗോപുരങ്ങളായി തിളങ്ങിനില്‍ക്കയാണ് ഇവ. ജില്ലയില്‍ 2300 പാര്‍ടി ബ്രാഞ്ചുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഒരുക്കിയ സംഘാടകസമിതി ഓഫീസുകള്‍ അധ്വാനവര്‍ഗ കൂട്ടായ്മയുടെ ദൃശ്യചാരുതയാണ് സമ്മാനിക്കുന്നത്. നാടിന്റെ ചരിത്രവും സാംസ്കാരിക തനിമയും മാനവീകബോധവുമെല്ലാം വിളിച്ചോതുന്ന ഈ സാംസ്കാരിക ഗോപുരങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറി. ഓരോ സംഘാടകസമിതി ഓഫീസുകളുടെ നിര്‍മിതിക്കുപിന്നിലും ഗ്രാമീണ കലാകാരന്മാരുടെ കരവിരുതും രാഷ്ട്രീയത്തിനതീതമായുള്ള ജനകീയ സഹകരണവുമുണ്ടായിരുന്നു.
ബേപ്പൂര്‍ നടുവട്ടത്ത് കപ്പല്‍ മാതൃകയില്‍ പാര്‍ടി കോണ്‍ഗ്രസിന്റെ വലിയ എംബ്ലവുമായി നിര്‍മിച്ച സംഘാടകസമിതി ഓഫീസ് ഇതിലൊരു ഉദാഹരണം മാത്രം. ഇതിന്റെ നിര്‍മിതിക്കുപിന്നില്‍ ഡസനിലേറെ കലാകാരന്മാരുടെ ആഴ്ചകള്‍ നീണ്ട പ്രയത്നമുണ്ടായിരുന്നു. സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കലാകാരനും നിര്‍മിതിയില്‍ പങ്കാളിയായി. ചില ബ്രാഞ്ചുകള്‍ ഒന്നിലേറെ ഓഫീസുകള്‍ നിര്‍മിച്ചു. മറ്റുള്ളതിനെക്കാള്‍ മികച്ചതായിരിക്കണം തങ്ങളുടെ ഗ്രാമത്തിലെ സംഘാടകസമിതി ഓഫീസെന്ന മത്സരബുദ്ധിയും പലയിടത്തും പ്രകടമായി. ഭൂരിഭാഗം ലോക്കലുകളും സംഘാടക സമിതി ഓഫീസ് നിര്‍മാണത്തിന് മത്സരം ഏര്‍പ്പെടുത്തി. ഭാവനയും രാഷ്ട്രീയബോധവും ജ്വലിക്കുന്ന വിപ്ലവമുഹൂര്‍ത്തങ്ങളും ചരിത്രത്തിലെ യുഗപുരുഷരും സംഘാടകസമിതി ഓഫീസുകള്‍ക്ക് വിഷയമായി. പലയിടത്തും പാര്‍ടി കോണ്‍ഗ്രസിന്റെ എംബ്ലമായ കപ്പലില്‍ ചെങ്കൊടി പാറുന്ന രൂപമാണ് സൃഷ്ടിച്ചത്. മാര്‍ക്സും എംഗല്‍സും ലെനിനുമടക്കമുള്ള വിപ്ലവകാരികളും പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, നായനാര്‍, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, എം കെ പന്ഥെ, ബി ടി ആര്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനംചെയ്ത് ആകര്‍ഷകമാക്കിയിരിക്കയാണ് ഓഫീസുകള്‍.
രക്തസാക്ഷികളുടെ പടങ്ങള്‍ സ്ഥാപിച്ച് രക്തസാഹോദര്യം പ്രഖ്യാപിച്ച ഓഫീസുകളും നിരവധി.
ഫാറൂഖ് കോളേജിനുമുന്നില്‍ സ്ഥാപിച്ച ഏറുമാടം 30 അടി ഉയരത്തിലാണ്. ഗോപുരങ്ങള്‍, വീടുകള്‍, പഴയ കെട്ടിടങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയ മാതൃകകളിലാണ് മിക്കവയും നിര്‍മിച്ചത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പൊതുയോഗങ്ങളിലാണ് സംഘാടക സമിതി ഓഫീസുകള്‍ തുറന്നത്. നാടിന്റെ സജീവതക്ക് പുതിയമുഖം നല്‍കി ഉയര്‍ന്ന സംഘാടകസമിതി ഓഫീസുകള്‍ രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രഭവസ്ഥാനമായി ഇപ്പോള്‍ മാറിയിട്ടുണ്ട്.
(എം വി പ്രദീപ്)
ജനം ഒക്ടോബര്‍ 17; ആദ്യ സെക്രട്ടറി ഷഫീഖ്
""1920 ഒക്ടോബര്‍ 17ന് താഷ്കെന്റില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചു.""- ആദ്യയോഗത്തിന്റെ മിനിറ്റ്സിനെ ആധാരമാക്കി "സോഷ്യലിസമാണ് ഭാവി" പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ പാര്‍ടി രൂപീകരണത്തെക്കുറിച്ച് വിശദീകരിക്കുന്നു. താഷ്കെന്റ് യോഗത്തില്‍ മുഹമ്മദ് ഷഫീഖ് സിദ്ധിഖിയെ സെക്രട്ടറിയായും എം എന്‍ റോയിയെ ടര്‍ക്ക് ബ്യൂറോ സെക്രട്ടറിയായും ആചാര്യയെ ചെയര്‍മാനായും തെരഞ്ഞെടുത്തു. ചെയര്‍മാന്‍ എന്ന നിലയില്‍ ആചാര്യയാണ് മിനിറ്റ്സില്‍ ഒപ്പിട്ടിരിക്കുന്നത്. ഇ എം എസ് നഗറില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി പിന്നിട്ട വഴികള്‍ ആധികാരിക രേഖകളെ അടിസ്ഥാനപ്പെടുത്തി വിവരിക്കുന്നു. ആദ്യയോഗ മിനിറ്റ്സിന്റെ കൂടുതല്‍ വിവരങ്ങള്‍ ചരിത്രപ്രദര്‍ശന നഗരിയിലെ ലൈബ്രറി വിഭാഗത്തിലുണ്ട്.
കുരുക്ഷേത്ര സര്‍വകലാശാലയിലെ ചരിത്രാധ്യാപകനായ ഡോ. ദേവേന്ദ്ര കൗശിക് "ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ച" എന്ന പ്രബന്ധത്തിനുവേണ്ടി താഷ്കെന്റിലെ പാര്‍ടിരൂപീകരണം, പാര്‍ടിയുടെ ആദ്യയോഗം എന്നിവയുടെ "മിനിറ്റ്സ്" ഉസ്ബക്കിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ലൈബ്രറിയില്‍നിന്ന് ശേഖരിച്ചിരുന്നു. (ഇതിലെ വിവരങ്ങളാണ് മുസഫര്‍ അഹമ്മദിന്റെ "മൈ സെല്‍ഫ് ആന്‍ഡ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ" എന്ന പുസ്തകത്തിനായി ഉപയോഗിച്ചത്) ഇതില്‍ പാര്‍ടി രൂപീകരിച്ചത് 1920, ഒക്ടോബര്‍ 17നാണെന്നും എം എന്‍ റോയ്, അദ്ദേഹത്തിന്റെ ഭാര്യ എവലീന ട്രെന്റ് റോയ്, അബനി മുഖര്‍ജി, ഭാര്യ റോസ ഫിറ്റിങോഫ്, മൊഹമ്മദ് അലി (അഹമ്മദ് ഹസ്സന്‍), മുഹമ്മദ് ഷഫീഖ് സിദ്ധിഖി, ആചാര്യ എം പ്രതിവാദി ബയങ്കര്‍ എന്നിവരാണ് ആദ്യത്തെ അംഗങ്ങളെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആധികാരിക ചരിത്രഗ്രന്ഥമായ "ഡോക്യുമെന്റ്സ് ഓഫ് കമ്യൂണിസ്റ്റ് മൂവ്മെന്റ് ഇന്‍ ഇന്ത്യ"യില്‍ 1920 ഒക്ടോബര്‍ 17നാണ് താഷ്കെന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഇതിന്റെ മലയാള പരിഭാഷയായ "ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു ചരിത്ര"ത്തില്‍ 1920 ഒക്ടോബര്‍ "7"ന് താഷ്കെന്റില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അച്ചടിപ്പിശകായി വിലയിരുത്തപ്പെടുന്നു. ഇ എം എസിന്റെ "ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം" എന്ന ഗ്രന്ഥത്തില്‍ ""1920 ഡിസംബര്‍ 15ന് സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനത്ത് (താഷ്കെന്റ്) ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി എന്ന പേരില്‍ ഒരു പുതിയ സംഘടന രൂപംകൊണ്ടു"" എന്നു പറയുന്നുണ്ട്. ""രൂപീകരണദിവസത്തില്‍ വ്യത്യാസമുണ്ടാകാം, അത് കണ്ടെത്തേണ്ടത് ഗവേഷകരാണ്"" എന്നും ഇ എം എസ് പറഞ്ഞിട്ടുണ്ട്.
(വി എസ് വിഷ്ണുപ്രസാദ്)
ലോകമാകെ കാണണം ഈ ചരിത്രദൗത്യം
""ചരിത്രപ്രാധാന്യമുള്ള പ്രദര്‍ശനം സഞ്ചരിക്കുന്ന പ്രദര്‍ശനമാക്കിയാല്‍ കൂടുതല്‍പേര്‍ക്ക് പ്രയോജനപ്രദമാകും"" എന്ന് കെ എന്‍ പണിക്കരുടെ വാക്കുകള്‍. ""വെബ്സൈറ്റിലും ലഭ്യമാക്കണം"" എന്ന് ഡോ. ബി ഇക്ബാല്‍. ഇ എം എസ് നഗറിലെ "സോഷ്യലിസമാണ് ഭാവി" ചരിത്രപ്രദര്‍ശനം എല്ലാ ജനങ്ങളിലും എത്തണമെന്നതില്‍ സന്ദര്‍ശകര്‍ക്ക് ഏകസ്വരം. ""സാമ്രാജ്യത്വ- നാടുവാഴി ശക്തികള്‍ക്കും ഇല്ലാത്തവനെ ചൂഷണംചെയ്യുന്ന വ്യവസ്ഥിതിയെ സ്ഥാപനവല്‍ക്കരിക്കാനായി മതത്തിന്റെയും ആത്മീയതയുടെയും ബിംബങ്ങളെ ഉപയോഗിക്കുന്ന ദുഷ്ടശക്തികള്‍ക്കുമെതിരെ "ഭൂമിയിലെ ശപിക്കപ്പെട്ടവര്‍" നടത്തിയ ഐതിഹാസികസമരങ്ങളിലേക്ക് വെളിച്ചംവീശുന്ന ഒന്നാണിത്""- ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി. ""പാശ്ചാത്യ അധിനിവേശ ശക്തികളുടെ കുടില മാന്ത്രികവലയത്തില്‍ സ്വയം നഷ്ടപ്പെട്ട പുത്തന്‍ യുവത്വത്തിന് തിരിച്ചറിവിന്റെ അവബോധം വിജ്ഞാനപ്രദമായ ഈ പ്രദര്‍ശനം നല്‍കുമെന്ന് പ്രതീക്ഷിക്കാം"" എന്നും ശ്രീകുമാര്‍ കുറിച്ചിട്ടു.
""അത്ഭുതകരവും വിജ്ഞാനപ്രദവും. കലാവിരുത് കാണികളില്‍ സ്വാധീനംചെലുത്താന്‍ തക്കവണ്ണം ശക്തവും. പ്രദര്‍ശനം ഒരുക്കിയതില്‍ കലാകാരന്മാരുടെ ജന്മവാസന പ്രകടമാണ്""- പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് രേഖപ്പെടുത്തിയതിങ്ങനെ. ""സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ചരിത്രത്തിന്റെ രത്നച്ചുരുക്കമാണ് ഈ പ്രദര്‍ശനം. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഒരുപാട് മനസ്സിലാക്കാന്‍ കഴിഞ്ഞു.""- സ്പാനിഷ് ദമ്പതികളായ എനാരയും ബില്‍ബാവോയും ഏറെ അത്ഭുതത്തോടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
രാഷ്ട്രീയപ്രവര്‍ത്തകരും സാഹിത്യകാരന്മാരും വ്യവസായികളും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ചലച്ചിത്രകാരന്മാരുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധമേഖലകളില്‍നിന്നുള്ളവര്‍ നിത്യവും പ്രദര്‍ശനത്തിനെത്തുന്നു. വിജ്ഞാനപ്രദമാണ് പ്രദര്‍ശനമെന്ന് സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളും ഡയറിയില്‍ കുറിക്കുന്നു. തമിഴിലും കന്നടയിലുമുള്‍പ്പെടെ വിവിധ ഭാഷകളിലും പലരും സന്ദര്‍ശക ഡയറിയില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകാശ് കാരാട്ടും എസ് ആര്‍ പിയും എ കെ പിയും സ്വദേശ് ദേബ് റോയിയും വെങ്കടേഷ് ആത്രേയയും പി കെ ചന്ദ്രാനന്ദനും വൈക്കം വിശ്വനും എ വിജയരാഘവനും പന്ന്യന്‍ രവീന്ദ്രനുമുള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും പ്രദര്‍ശനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രപ്രദര്‍ശനത്തിനൊപ്പം ചരിത്രത്തിന്റെ ഭാഗമാകുകയാണ് അനുഭവക്കുറിപ്പുകളുടെ സാക്ഷ്യപത്രമായ സന്ദര്‍ശക ഡയറിയും.
(സിനോവ് സത്യന്‍)
തലമുറകളെ പുളകംകൊള്ളിച്ച കയ്യൂരിന്റെ വീരചരിതം പാര്‍ടി കോണ്‍ഗ്രസ് വേദിയെ ധന്യമാക്കും. ജന്മി- നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഏഴു പതിറ്റാണ്ടുമുമ്പ് കയ്യൂരിലെ കര്‍ഷകര്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രം ആലേഖനംചെയ്ത കൊടിമരമാണ് ഞായറാഴ്ച പാര്‍ടി കോണ്‍ഗ്രസ് വേദിയിലേക്ക് കൊണ്ടുപോകുന്നത്. പോരാട്ടവീറിന്റെ കയ്യൂര്‍ഗാഥയാണ് കൊടിമരത്തില്‍ ചിത്രീകരിച്ചത്. അഗ്നിപഥങ്ങളിലൂടെ മാനവവിമോചനത്തിന്റെ മഹാഗാഥ രചിക്കുകയായിരുന്നു കയ്യൂര്‍. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച ആ പോരാട്ടത്തിന്റെ ഇരമ്പുന്ന ഏടുകളാണ് പുതിയ കാലത്തിനുമുന്നില്‍ കലാകാരന്മാര്‍ വരച്ചുകാട്ടുന്നത്. ശില്‍പ്പിയും ചിത്രകാരനുമായ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തിലാണ് സമരചരിത്രം ആലേഖനം ചെയ്തത്. സന്തോഷ് മാനസം, മനോജ് പെരളം, അനൂപ് പൊതാവൂര്‍ എന്നിവരും പങ്കാളികളായി
ReplyDelete