Sunday, April 1, 2012

നേഴ്സുമാരുടെ കുറഞ്ഞ വേതനം 15,000 ആക്കണം: പി കെ ശ്രീമതി


തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ കുറഞ്ഞ വേതനം 15,000 രൂപയായി നിജപ്പെടുത്തണമെന്നും ആശുപത്രികളുടെ സൗകര്യങ്ങള്‍ക്കും സ്പെഷ്യലൈസേഷനും ആനുപാതികമായി ശമ്പളം ഉയര്‍ത്തണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. യുണൈറ്റഡ് നേഴ്സ്സ് അസോസിയേഷന്റെ (യുഎന്‍എ) ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്താപത്രികയുടെ പ്രകാശനവും നേഴ്സുമാരുടെ സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ശ്രീമതി.

അവകാശങ്ങള്‍ മുഴുവന്‍ അംഗീകരിച്ചുകിട്ടുംവരെ രാഷ്ട്രീയത്തിനതീതമായി എല്ലാ നേഴ്സുമാരും ഒന്നിച്ചുനില്‍ക്കണം. നക്കാപ്പിച്ചശമ്പളത്തിന് ജോലിചെയ്യാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന് ധൈര്യമായി പ്രഖ്യാപിക്കാന്‍ കഴിയണം. നേഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മറ്റുമായി രൂപം കൊടുത്ത കേരള നേഴ്സസ് കൗണ്‍സില്‍ ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നേഴ്സിങ് മേഖലയില്‍ 99 ശതമാനവും പെണ്‍കുട്ടികളായതുകൊണ്ടുതന്നെ ഇവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു- പി കെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ നാലുമാസമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് ബഹുജനപിന്തുണ ഏറിവരികയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍പോലെ നേഴ്സുമാരുടെ ആത്മഹത്യകള്‍ കേരളത്തില്‍ ഇല്ലാതിരിക്കണമെങ്കില്‍ മാനേജ്മെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ആനത്തലവട്ടം പറഞ്ഞു.

തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷനായി. ബിജെപി സംസ്ഥാന വക്താവ് ജോര്‍ജ് കുര്യന്‍, സേവാദള്‍ വൈസ് ചെയര്‍മാന്‍ അഡ്വ. പി കെ ജോണ്‍, മാധ്യമപ്രവര്‍ത്തകന്‍ വത്സന്‍ രാമംകുളത്ത്, സാമൂഹ്യപ്രവര്‍ത്തകന്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. യുഎന്‍എ ജനറല്‍ സെക്രട്ടറി സുധീപ് കൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് എം വി സുധീപ് നന്ദിയും പറഞ്ഞു.

deshabhimani 010412

1 comment:

  1. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ കുറഞ്ഞ വേതനം 15,000 രൂപയായി നിജപ്പെടുത്തണമെന്നും ആശുപത്രികളുടെ സൗകര്യങ്ങള്‍ക്കും സ്പെഷ്യലൈസേഷനും ആനുപാതികമായി ശമ്പളം ഉയര്‍ത്തണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. യുണൈറ്റഡ് നേഴ്സ്സ് അസോസിയേഷന്റെ (യുഎന്‍എ) ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്താപത്രികയുടെ പ്രകാശനവും നേഴ്സുമാരുടെ സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ശ്രീമതി.

    ReplyDelete