Sunday, April 1, 2012

സിപിഐ എം നേതാക്കള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണത്തിന് നീക്കം


നെയ്യാറ്റിന്‍കരയില്‍ സിപിഐ എം ജാഥകള്‍ സമാപിച്ചു

നെയ്യാറ്റിന്‍കര: നാടെങ്ങും ജനങ്ങളൊരുക്കിയ സ്വീകരണങ്ങളേറ്റുവാങ്ങി സിപിഐ എം നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമകാലീന രാഷ്ട്രീയ പ്രചാരണജാഥകള്‍ സമാപിച്ചു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എന്‍ രതീന്ദ്രനും ജില്ലാ കമ്മിറ്റി അംഗം സി കെ ഹരീന്ദ്രനും ക്യാപ്റ്റന്മാരായ ജാഥയാണ് മൂന്നുനാള്‍ മണ്ഡലത്തില്‍ പ്രയാണം നടത്തിയത്. എന്‍ രതീന്ദ്രന്‍ ക്യാപ്റ്റനായ ജാഥ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പഴയകടയില്‍ നിന്ന് ശനിയാഴച് രാവിലെ ആരംഭിച്ചു. മത്സ്യത്തൊഴിലാളികള്‍ വസിക്കുന്ന കൊല്ലങ്കോട്, പൊഴിയൂര്‍ കടലോരമേഖലകളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഉച്ചക്കടയില്‍ സമാപിച്ചു. സ്വീകരണങ്ങള്‍ക്ക് ജാഥാക്യാപ്റ്റന്‍ നന്ദി പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ വട്ടവിള തങ്കയ്യന്‍, പി മോഹന്‍ലാല്‍, ആര്‍ വി വിജയബോസ്, പുല്ലുവിള സ്റ്റാന്‍ലി, കടകുളം ശശി, ബി അത്തനാസ്, വി സുരേഷ്, ആര്‍ സതികുമാര്‍ എന്നിവര്‍ സംസാരിച്ചു. സി കെ ഹരീന്ദ്രന്‍ ക്യാപ്റ്റനായ ജാഥ ശനിയാഴ്ച കര്‍ഷകത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അമരവിള, ഓലത്താന്നി മേഖലകളിലാണ് പര്യടനം നടത്തിയത്.

കാര്‍ഷിക മേഖലയലെ പ്രതിസന്ധി, സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുമുള്ള പ്രതിഷേധം സ്വീകരണകേന്ദ്രങ്ങളില്‍ അലയടിച്ചു. കൊടുംവേനല്‍ വകവയ്ക്കാതെ സ്ത്രീകളടക്കം വന്‍ജനാവലി ജാഥയെ വരവേല്‍ക്കാന്‍ വിവിധ കേന്ദ്രങ്ങളിലെത്തി. തിങ്കളാഴ്ച നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന പൊതുസമ്മേളനത്തിന്റെ സന്ദേശവും സെല്‍വരാജ് രാജിവയ്ക്കാനുണ്ടായ സാഹചര്യവും സവിസ്തരം ജാഥയില്‍ വിശദീകരിച്ചു. ശനിയാഴ്ച മണലിവിള, അത്താഴമംഗലം, ഓലത്താന്നി, അമരവിള, കണ്ണങ്കുഴി, ഇലിപ്പോട്ടുകോണം, തവരവിള വഴി നെയ്യാറ്റിന്‍കര ആശുപത്രി ജങ്ഷനില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ സി കെ ഹരീന്ദ്രന്‍, ഏരിയ സെക്രട്ടറി വി രാജേന്ദ്രന്‍, കെ ആന്‍സലന്‍, നെല്ലിമൂട് പ്രഭാകരന്‍, പി രാജന്‍, കെ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നത് സംശുദ്ധരാഷ്ട്രീയം: എം വിജയകുമാര്‍

സംശുദ്ധവും ജനപക്ഷവുമായ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാകും എല്‍ഡിഎഫ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ പറഞ്ഞു. യുഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും സദാചാരവിരുദ്ധവും അപഹാസ്യവുമായ രാഷ്ട്രീയവിഴുപ്പലക്കല്‍ തുറന്നുകാട്ടുമെന്നും വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെല്‍വരാജിന്റെ രാജിക്കുപിന്നില്‍ വന്‍തോതില്‍ പണവും പദവിയും വാഗ്ദാനമുള്ളതായി ആദ്യംതന്നെ എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി. ഇത് ശരിയായിരുന്നെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടു. സെല്‍വരാജ് യുഡിഎഫിന്റെ അപ്രഖ്യാപിത സ്ഥാനാര്‍ഥിയായി മാറിക്കഴിഞ്ഞു. സെല്‍വരാജിന് യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫ് ഉയര്‍ത്തിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആദ്യം നിഷേധിച്ചു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നും സെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥി ആയിരിക്കില്ലെന്നും പരസ്യമായി പ്രഖ്യാപിക്കണമെന്ന തന്റെ വെല്ലുവിളി ഇരുവരും ഇതുവരെയും സ്വീകരിച്ചിട്ടില്ല. പണവും പദവിയുമടക്കം വാഗ്ദാനം ചെയ്ത് ഒരു എംഎല്‍എയെ രാജി വയ്പിച്ച സംഭവത്തിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. ഈ കുതിരക്കച്ചവടത്തിന് യുഡിഎഫും കോണ്‍ഗ്രസും നെയ്യാറ്റിന്‍കരയില്‍ വലിയ വില കൊടുക്കേണ്ടിവരും. നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെ അടിച്ചേല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചാല്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് ഉറപ്പാണ്.

ദേശീയപ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള നെയ്യാറ്റിന്‍കര സ്വദേശാഭിമാനിയുടെയും ധീര രക്തസാക്ഷി വീരരാഘവന്റെയും മണ്ണാണ്. അവിടെയാണ് സദാചാരവിരുദ്ധവും അപഹാസ്യവുമായ രാഷ്ട്രീയ വിഴുപ്പലക്കല്‍ നടന്നത്. തന്നെ തെരഞ്ഞെടുത്ത ജനങ്ങളോട് കാട്ടിയ വഞ്ചന മറച്ചുവയ്ക്കാന്‍ സെല്‍വരാജ് രാഷ്ട്രീയ ദുരാരോപണം ദിനംപ്രതി നടത്തുന്നു. സിപിഐ എം നേതാക്കളെ വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. മറുപടി പറഞ്ഞതും നിഷേധിച്ചതുമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. എല്ലാവരും അഴിമതിക്കാരും മോശക്കാരുമെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. ഇത്തരം ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നെയ്യാറ്റിന്‍കരയിലെയും ജില്ലയിലെയും ജനങ്ങള്‍ ഇത്തരക്കാരുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയും. സുസമ്മതനും ഏവര്‍ക്കും സ്വീകാര്യനുമായ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കും. രാഷ്ട്രീയത്തിന് ഉപരിയായ മികച്ച വിജയം എല്‍ഡിഎഫ് നേടും. ക്രൈസ്തവസഭകള്‍ക്ക് സിപിഐ എമ്മിനോട് നല്ല ബന്ധമാണുള്ളതെന്നും എം വിജയകുമാര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശിവന്‍കുട്ടി എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സിപിഐ എം നേതാക്കള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണത്തിന് നീക്കം

ജില്ലയിലെ സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢനീക്കം. നേതാക്കളെ കരിതേച്ചുകാണിക്കാനായി പോസ്റ്റര്‍ പ്രചാരണം നടത്താനാണ് എംഎല്‍എ സ്ഥാനം രാജിവച്ച ആര്‍ സെല്‍വരാജിന്റെ നേതൃത്വത്തില്‍ നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തിലെ പ്രസ്സുകളുടെ ഉടമകളെ സമീപിച്ച് അപകീര്‍ത്തികരമായ പോസ്റ്റര്‍ അച്ചടിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റര്‍ അച്ചടിപ്പിക്കുന്നവരുടെ ഉത്തരവാദിത്തത്തില്‍ സംശയമുള്ളതിനാല്‍ കഴിയില്ലെന്ന് പ്രസ് ഉടമകള്‍ അറിയിച്ചു. സംസ്ഥാനത്തിനുപുറത്ത് പോസ്റ്റര്‍ അച്ചടിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാറും ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശിവന്‍കുട്ടിയും പറഞ്ഞു. നുണ വിളമ്പുന്നതും രക്ഷാകര്‍തൃത്വമില്ലാത്തതുമായ പോസ്റ്ററുകള്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പ്രചരിപ്പിക്കാനാണ് ശ്രമം. ഇത്തരം അപഹാസ്യകരമായ നടപടികളെ അപലപിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

deshabhimani 010412

1 comment:

  1. ജില്ലയിലെ സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢനീക്കം. നേതാക്കളെ കരിതേച്ചുകാണിക്കാനായി പോസ്റ്റര്‍ പ്രചാരണം നടത്താനാണ് എംഎല്‍എ സ്ഥാനം രാജിവച്ച ആര്‍ സെല്‍വരാജിന്റെ നേതൃത്വത്തില്‍ നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തിലെ പ്രസ്സുകളുടെ ഉടമകളെ സമീപിച്ച് അപകീര്‍ത്തികരമായ പോസ്റ്റര്‍ അച്ചടിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റര്‍ അച്ചടിപ്പിക്കുന്നവരുടെ ഉത്തരവാദിത്തത്തില്‍ സംശയമുള്ളതിനാല്‍ കഴിയില്ലെന്ന് പ്രസ് ഉടമകള്‍ അറിയിച്ചു.

    ReplyDelete