Monday, April 9, 2012

കൂറുമാറ്റി ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് ശ്രമിച്ചതായി മനോരമ


കൂറുമാറ്റത്തിലൂടെ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിന്കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചന മനോരമയിലൂടെ പുറത്തുവന്നു. മന്ത്രിസഭാ രൂപീകരണവേളയില്‍ മുസ്ലിംലീഗ് അഞ്ചാം മന്ത്രിപദം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ദുര്‍ബലമായ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിന് ആറ് മാസത്തിനുള്ളില്‍ പുറമെനിന്ന് ഒരു ഘടകക്ഷിയെ ചേര്‍ക്കേണ്ടിവരുമെന്നും അതിന് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതായും മനോരമ ഞായറാഴ്ച റിപ്പോര്‍ട്ടുചെയ്തു. "അഞ്ചാം പദവി തീരുമാനം ബുധനാഴ്ച എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് കൂറുമാറ്റം യുഡിഎഫിന്റെ മുഖ്യ അജന്‍ഡ തന്നെയായിരുന്നു എന്ന് തെളിഞ്ഞത്.

കൂറുമാറിയെത്തുന്നവര്‍ക്ക് മന്ത്രി പദം വരെ നീക്കിവച്ചു. ഘടക കക്ഷിയെത്തന്നെ അടര്‍ത്തിയെടുക്കാനായിരുന്നു പദ്ധതിയെങ്കിലും അത് നടന്നില്ല. ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ഡിഎഫിലെ ഒരു ഘടകകക്ഷിയെയും സമീപിക്കാനുള്ള ധൈര്യംപോലും അവര്‍ക്കുണ്ടായില്ല. ആകസ്മികമായി ടി എം ജേക്കബ് മരിച്ചതോടെ ഭൂരിപക്ഷം പിന്നെയും നേര്‍ത്തു. പിറവത്ത് പരാജയപ്പെട്ടാല്‍ ഭരണം വീഴുമെന്ന് ഭയന്നു. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജുംചേര്‍ന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന സെല്‍വരാജിനെ വലയില്‍ കുരുക്കിയത്. ആറ് മാസത്തിനുള്ളില്‍ ഘടകകക്ഷി വരികയാണെങ്കില്‍ മന്ത്രിപദം വേണ്ടെന്ന് സമ്മതിച്ചതായും മറിച്ചാണെങ്കില്‍ മന്ത്രിസ്ഥാനം തരേണ്ടി വരുമെന്നും ലീഗ് നേതൃത്വം അറിയിച്ചതായും മനോരമ വെളിപ്പെടുത്തുന്നു. പത്തുമാസം കഴിഞ്ഞിട്ടും ഘടകകക്ഷിയെ കിട്ടിയില്ല, മറ്റാരെയും മന്ത്രിയാക്കിയിട്ടുമില്ല. ആ പശ്ചാത്തലത്തിലാണ് ലീഗ് വീണ്ടും അഞ്ചാം മന്ത്രി പദത്തിന് സമ്മര്‍ദം ശക്തമാക്കിയത്.

ടി എം ജേക്കബ്ബിന്റെ ഒഴിവിലേക്ക് മകന്‍ അനൂപ് ജേക്കബ്ബിനെ മന്ത്രിയാക്കാന്‍പ്പോലും ഇപ്പോള്‍ യുഡിഎഫിന് കഴിയുന്നില്ല. ഉപതെരഞ്ഞെടുപ്പിനുമുമ്പ് തന്നെ അനൂപിനെ മന്ത്രിയാക്കണമെന്ന് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. അന്ന് നല്‍കാതിരുന്നത് ലീഗ് സമ്മര്‍ദം മൂലമാണ്. പിറവത്ത് ജയിച്ച ഉടനെ മന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പാക്കാന്‍ കഴിയുന്നില്ല. കൂറുമാറ്റ രാഷ്ട്രീയമാണ് ഇന്നത്തെ യുഡിഎഫ് കുഴപ്പത്തിനാധാരമെന്ന് യുഡിഎഫ് പത്രമായ മനോരമയുടെ വാര്‍ത്തയില്‍ തെളിയുന്നു. കോണ്‍ഗ്രസിലും ലീഗിലും കേരളകോണ്‍ഗ്രസിലും ഭിന്നത അതിരൂക്ഷമായി. ഘടകക്ഷികള്‍ തമ്മിലെ തര്‍ക്കംപാരമ്യത്തിലെത്തി. ഭരണം നിശ്ചലമായി. ഓരോ മന്ത്രിയും തന്റെ സ്ഥാനം ഇപ്പോള്‍ തെറിക്കുമോ എന്ന ഭീതിയിലാണ്. നിഷ്പക്ഷത പുലര്‍ത്തേണ്ടുന്ന സ്പീക്കറുടെ കസേരപ്പോലും യുഡിഎഫ് തെരുവില്‍ വലിച്ചിഴച്ചു.

deshabhimani 090412

1 comment:

  1. കൂറുമാറ്റത്തിലൂടെ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിന്കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചന മനോരമയിലൂടെ പുറത്തുവന്നു. മന്ത്രിസഭാ രൂപീകരണവേളയില്‍ മുസ്ലിംലീഗ് അഞ്ചാം മന്ത്രിപദം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ദുര്‍ബലമായ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിന് ആറ് മാസത്തിനുള്ളില്‍ പുറമെനിന്ന് ഒരു ഘടകക്ഷിയെ ചേര്‍ക്കേണ്ടിവരുമെന്നും അതിന് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതായും മനോരമ ഞായറാഴ്ച റിപ്പോര്‍ട്ടുചെയ്തു. "അഞ്ചാം പദവി തീരുമാനം ബുധനാഴ്ച എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് കൂറുമാറ്റം യുഡിഎഫിന്റെ മുഖ്യ അജന്‍ഡ തന്നെയായിരുന്നു എന്ന് തെളിഞ്ഞത്.

    ReplyDelete