Monday, April 2, 2012
നിരവധി അധ്യാപകര്‍ക്കും ലാബ് അസി.മാര്‍ക്കും ജോലി ഇല്ലാതാകും
സംസ്ഥാനത്തെ വിഎച്ച്എസ്ഇ കോഴ്സുകള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍നീക്കം അധ്യാപകരും ലാബ് അസിസ്റ്റന്റുമാരുമടക്കം ആയിരക്കണക്കിന് വിഎച്ച്എസ്ഇ ജീവനക്കാരെ ആശങ്കയിലാക്കി. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെയും വേണ്ടത്ര മുന്നൊരുക്കം നടത്താതെയുമുള്ള തീരുമാനം നിരവധിപ്പേര്‍ക്ക് ജോലി ഇല്ലാതാകാന്‍ കാരണമാകും. ഈ മേഖലയിലുള്ള നൂറുകണക്കിന് തൊഴിലവസരങ്ങളും നഷ്ടപ്പെടും. വിഎച്ച്എസ്ഇ സ്കൂളുകളില്‍ 2700 നോണ്‍ വൊക്കേഷണല്‍ അധ്യാപകരും 1100 വീതം വൊക്കേഷണല്‍ അധ്യാപകരും ഇന്‍സ്ക്ട്രര്‍മാരും ലാബ് അസിസ്റ്റന്റുമാരുമുണ്ട്. വിഎച്ച്എസ്ഇ ഹയര്‍സെക്കന്‍ഡറിയില്‍ ലയിക്കുന്നതോടെ താല്‍പ്പര്യമുള്ളവര്‍ മാത്രം തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചാല്‍ മതി. അതിനായി ഈ കോഴ്സുകള്‍ ഐച്ഛിക വിഷയങ്ങളാക്കും. പ്ലസ്ടുവില്‍ ഇപ്പോള്‍ തന്നെ ഏറെ വിഷയങ്ങള്‍ പഠിക്കാനുള്ളതിനാല്‍ അധിക വിഷയങ്ങള്‍ എടുക്കാന്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യപ്പെടില്ല. ഈ കോഴ്സുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായാണ് വിഎച്ച്എസ്ഇ അധ്യാപകരെ പരിഗണിക്കുന്നത്. പഠിക്കാന്‍ കുട്ടികളില്ലെങ്കില്‍ വൊക്കേഷണല്‍ അധ്യാപകരും ഇന്‍സ്ട്രക്ടര്‍മാരും ആവശ്യമില്ല. സ്കൂളുകളില്‍ നിന്ന് സംഗീതം, തയ്യല്‍, ചിത്രരചന തുടങ്ങിയ അധ്യാപക തസ്തിക ഇല്ലാതായതുപോലെ ഈ തസ്തികകളും ക്രമേണ ഇല്ലാതാകും.
ലാബ് അസിസ്റ്റന്റുമാര്‍ക്ക് ഹയര്‍സെക്കന്‍ഡറിയിലേക്കുള്ള മാറ്റം തരംതാഴ്ത്തലാണ്. പ്ലസ്ടു ലാബ് അസിസ്റ്റന്റുമാരുടെ ശമ്പളസ്കെയില്‍ 8960-14260 രൂപയാണ്. വിഎച്ച്എസ്ഇ ലാബ് അസിസ്റ്റന്റുമാര്‍ക്ക് 9940-16580 രൂപ ശമ്പളസ്കെയിലും. പ്ലസ്ടുവില്‍ വേണ്ടത്ര ലാബ് അസിസ്റ്റന്റുമാരുള്ളതിനാല്‍ പുതുതായി ആളെ ആവശ്യമില്ലെന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് 1983 മുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലും 1991 മുതല്‍ എയ്ഡഡ് സ്കൂളുകളിലും വിഎച്ച്എസ്ഇ നിലവിലുണ്ട്. അഗ്രികള്‍ച്ചര്‍, ഫിഷറീസ്, അനിമല്‍ ഹസ്ബന്‍ഡറി, ലാബ് ടെക്നീഷ്യന്‍, ഇസിജി ടെക്നീഷ്യന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഫിസിക്കല്‍ എഡ്യുക്കേഷന്‍ തുടങ്ങി 42 കോഴ്സുകളാണ് 392 സ്കൂളുകളിലെ വിഎച്ച്എസ്സികളിലുള്ളത്. ഈ കോഴ്സുകള്‍ കാലഹരണപ്പെട്ടതിനാല്‍ നിര്‍ത്തലാക്കുന്നതായാണ് സര്‍ക്കാര്‍ വാദം. പകരം ടൂറിസം, ഐടി, റീട്ടെയില്‍ മാര്‍ക്കറ്റിങ്, ആരോഗ്യം എന്നിവയില്‍ മാത്രമായി കോഴ്സുകള്‍ ചുരുക്കും.
അഗ്രികള്‍ച്ചര്‍, അനിമല്‍ ഹസ്ബന്‍ഡറി അടക്കം തൊഴില്‍സാധ്യതയുള്ള കോഴ്സുകള്‍ പഠിക്കാന്‍ ഇനി അവസരമില്ല. മറ്റു കോഴ്സുകളുടെ അധ്യാപകര്‍ക്കും ജോലി ഇല്ലാതാകും. പ്ലസ്ടു കഴിയുന്നവര്‍ക്ക് അതേ വിഷയത്തില്‍ ഉപരിപഠനം കൂടി കഴിയാതെ ജോലി ലഭിക്കില്ല. എന്നാല്‍ കൃഷി, മത്സ്യം, മൃഗസംരക്ഷണ വകുപ്പുകളില്‍ അടക്കം വിഎച്ച്എസ്ഇ കഴിഞ്ഞവര്‍ക്ക് ഉടന്‍ ജോലി കിട്ടുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ടൈപ്പ്റൈറ്റിങ് പഠിപ്പിക്കുന്ന ഓഫീസ് സെക്രട്ടറിഷിപ്പാണ് കാലഹരണപ്പെട്ട കോഴ്സ്. ടൈപ്പിനു പകരം കംപ്യൂട്ടര്‍ പഠനം ഉള്‍പ്പെടുത്തിയാല്‍ ഇതു പരിഹരിക്കാം. മറ്റു കോഴ്സുകളിലും സിലബസ് പരിഷ്കരിക്കണം. വിഎച്ച്എസ്ഇയിലെ 42 കോഴ്സുകളുടെയും റാങ്ക്ലിസ്റ്റ് നിലവിലുള്ളതിനാല്‍ ജോലി പ്രതീക്ഷിക്കുന്നവരും നിരാശയിലായി. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ലക്ചറേഴ്സ് അസോസിയേഷന്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്സ് അസോസിയേഷന്‍, ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ് യൂണിയന്‍ എന്നീ സംഘടനകള്‍ ഒമ്പതു മുതല്‍ സെക്രട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തും.
(സിബി ജോര്‍ജ്)
deshabhimani 010412
Subscribe to:
Post Comments (Atom)
സംസ്ഥാനത്തെ വിഎച്ച്എസ്ഇ കോഴ്സുകള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍നീക്കം അധ്യാപകരും ലാബ് അസിസ്റ്റന്റുമാരുമടക്കം ആയിരക്കണക്കിന് വിഎച്ച്എസ്ഇ ജീവനക്കാരെ ആശങ്കയിലാക്കി. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെയും വേണ്ടത്ര മുന്നൊരുക്കം നടത്താതെയുമുള്ള തീരുമാനം നിരവധിപ്പേര്‍ക്ക് ജോലി ഇല്ലാതാകാന്‍ കാരണമാകും. ഈ മേഖലയിലുള്ള നൂറുകണക്കിന് തൊഴിലവസരങ്ങളും നഷ്ടപ്പെടും.
ReplyDelete