Monday, April 2, 2012

ചരിത്രം കുറിച്ച് വീണ്ടും കയ്യൂര്‍


സാമ്രാജ്യത്വത്തിന്റെ നിഷ്ഠുരതകള്‍ക്ക് മുന്നില്‍ പതറാതെ ഇന്ത്യന്‍ വിപ്ലവ ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം രചിച്ച കയ്യൂര്‍ ജനത മറ്റൊരു ചരിത്രംകൂടി തീര്‍ത്തു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളിയായ സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്താനുള്ള കൊടിമരജാഥയുടെ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയാണ് കയ്യൂര്‍ ജനത പുതിയ ചരിത്രം കുറിച്ചത്. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് നാടിന്റെയും ജനതയുടെയും മോചനമാര്‍ഗം തുറന്ന കയ്യൂര്‍ രക്തസാക്ഷികളുടെ സ്പന്ദിക്കുന്ന ഓര്‍മകള്‍ തുടിക്കുന്ന ചുവന്ന മണ്ണില്‍നിന്ന് കൊണ്ടുപോയ കൊടിമരവും ചരിത്രത്തിന്റെ ഭാഗമായി. കയ്യൂര്‍ ഉള്‍പ്പെടുന്ന പോരാട്ടങ്ങളുടെ ആവേശകരമായ ഓര്‍മകള്‍ ജ്വലിപ്പിക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൊടിമരം സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നത് ഇതാദ്യമാണ്. അത് സംഭാവന ചെയ്യാന്‍ കയ്യൂരിനായി എന്നതില്‍ ഓരോ പാര്‍ടി പ്രവര്‍ത്തകനും അനുഭാവികളും അഭിമാനം കൊള്ളുന്നുവെന്ന് തെളിയിക്കുന്നതായി ഉദ്ഘാടന ചടങ്ങിനെത്തിയ പുരുഷാരം. വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഗ്രാമമൊന്നാകെ രക്തസാക്ഷി നഗറിലേക്ക് ഒഴൂകിയെത്തി. കയ്യൂര്‍ പോരാളികളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന കുറുവാടന്‍ നാരായണന്‍നായരും കോരന്‍ മാസ്റ്ററും എത്തി.

സാധാരണക്കാര്‍ അധിവസിക്കുന്ന കയ്യൂരില്‍നിന്ന് കൊണ്ടുപോയ കൊടിമരത്തിന് തൊഴിലാളി കുടുംബത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. പാര്‍ടിയോടുള്ള അവരുടെ അകമഴിഞ്ഞ സ്നേഹവും പ്രകടമാണ്. കരിങ്കല്‍ തൊഴിലാളിയായ കുണ്ടേംമൂലയിലെ പി കെ ലീലയുടെ കുടുംബം സംഭാവന നല്‍കിയ തവിടി മരത്തിലാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ചെമ്പതാക ഉയരുക. പകല്‍ മൂന്നോടെതന്നെ പൊതുയോഗം ചേര്‍ന്ന രക്തസാക്ഷി നഗറിലേക്ക് ഗ്രാമവാസികളെല്ലാം എത്തി. രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമായിരുന്നു ഉദ്ഘാടന പൊതുയോഗം. അപ്പോഴേക്കും വയലും റോഡും തിങ്ങിനിറഞ്ഞിരുന്നു. കേരളീയ വേഷം ധരിച്ച വനിതകളാണ് കൊടിമരം വാഹനത്തിലേക്ക് എടുത്തത്. 60 ബൈക്കുകളില്‍ ചെമ്പതാകയേന്തിയ റെഡ് വളണ്ടിയര്‍മാരും ബാന്‍ഡ്വാദ്യ സംഘവും ജാഥയെ അനുഗമിച്ചു. ബാലസംഘം പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയോടെയാണ് കൊടിമരം വാഹനത്തിലേക്ക് ആനയിച്ചത്.

മുഴക്കോം, വി വി നഗര്‍, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്. നൂറുകണക്കിനാളുകള്‍ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ജാഥയെ എതിരേറ്റു. കാലിക്കടവില്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ ജനസഞ്ചയമാണ് ഇവിടെയെത്തിയത്. പി ജയരാജന്റെ നേതൃത്വത്തില്‍ ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിച്ചു. ഇവിടെ ചേര്‍ന്ന യോഗത്തില്‍ ലീഡര്‍ പി കരുണാകരന്‍, എം വി ജയരാജന്‍, പി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. പി രാഘവന്‍ അധ്യക്ഷനായി. വി പി പി മുസ്തഫ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം വി കോമന്‍നമ്പ്യാര്‍, എം വി ബാലകൃഷ്ണന്‍, പി ജനാര്‍ദനന്‍, കെ ബാലകൃഷ്ണന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ പി വത്സലന്‍ തുടങ്ങി നിരവധി നേതാക്കളും സംബന്ധിച്ചു.

1 comment:

  1. സാമ്രാജ്യത്വത്തിന്റെ നിഷ്ഠുരതകള്‍ക്ക് മുന്നില്‍ പതറാതെ ഇന്ത്യന്‍ വിപ്ലവ ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം രചിച്ച കയ്യൂര്‍ ജനത മറ്റൊരു ചരിത്രംകൂടി തീര്‍ത്തു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളിയായ സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്താനുള്ള കൊടിമരജാഥയുടെ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയാണ് കയ്യൂര്‍ ജനത പുതിയ ചരിത്രം കുറിച്ചത്. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് നാടിന്റെയും ജനതയുടെയും മോചനമാര്‍ഗം തുറന്ന കയ്യൂര്‍ രക്തസാക്ഷികളുടെ സ്പന്ദിക്കുന്ന ഓര്‍മകള്‍ തുടിക്കുന്ന ചുവന്ന മണ്ണില്‍നിന്ന് കൊണ്ടുപോയ കൊടിമരവും ചരിത്രത്തിന്റെ ഭാഗമായി.

    ReplyDelete