Tuesday, April 10, 2012
മഹാപ്രവാഹം, ചുവപ്പുതീരം
വിപ്ലവകാഹളമുയര്‍ത്തി ജനലക്ഷങ്ങളുടെ മഹാറാലി. ചുവന്ന ഇന്ത്യ സ്വപ്നം കാണുന്ന മനുഷ്യരുടെ പ്രവാഹത്തില്‍ കോഴിക്കോട് ജ്വലിച്ചു. പുതിയ പ്രഭാതത്തിലേക്ക് നാടിനെ നയിക്കാനുള്ള തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനമായ സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയില്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. നാടിനെ കെടുതിയിലേക്ക് തള്ളിവിടുന്ന ജനവിരുദ്ധഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സമരപഥങ്ങളിലേക്ക് ചുവപ്പുകൊടിയുമേന്തി ഇന്ത്യയുടെ ജനകീയമാര്‍ച്ച്. വര്‍ഗീയ- ഫാസിസ്്റ്റുകള്ക്കും ഭീകരവാദികള്‍ക്കുമെതിരെ മതനിരപേക്ഷ സമൂഹസൃഷ്ടിക്കായി വിമോചനപ്രസ്ഥാനത്തിനൊപ്പം മുഷ്ടികളുയര്ന്നു.
മലബാറിന്റെ രാഷ്ട്രീയ ആസ്ഥാനഗരിയില്നിന്നുയര്ന്നത് ജനദ്രോഹികള്‍ക്ക് താക്കീതുമായി സിപിഐ എം സമരമുന്നണിയുടെ കേളികൊട്ട്. അറബിക്കടലിന്റെ തീരത്ത് ചക്രവാളത്തില്‍ ചുവന്നുതുടുത്ത സൂര്യന്, കടലോരത്ത് ഉയര്ന്നുപാറുന്ന ചെമ്പതാകകളുമായി ലക്ഷങ്ങള്‍, ജാഗ്രതയുടെ, സമരോത്സുകതയുടെ, സംഘബോധത്തിന്റെ കാവല്ഭടരായ കാല്‍ലക്ഷം ചുവപ്പുവളന്റിയര്സേന, അലകളിളക്കിയ കടലിന് സമാന്തരമായി തീരത്ത് ഇരമ്പിയാര്‍ത്ത് ചുവന്ന സാഗരം- അണയുന്ന സായന്തന സൂര്യന്. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യസെല്‍ രൂപീകരിച്ച നഗരത്തില്‍ പ്രസ്ഥാനത്തിന്റെ സമ്മേളനം ജനലക്ഷങ്ങള്‍ ദേശത്തിന്റെ മഹോത്സവമാക്കി. ജനങ്ങളുടെ കുത്തൊഴുക്കില്‍ കോഴിക്കോട് അക്ഷരാര്‍ഥത്തില്‍ നിറഞ്ഞുകവിഞ്ഞു. എല്ലാവഴികളും ഒരേദിശയില്‍. എല്ലാകൈകളിലും ചെമ്പതാക.. തെരുവിലാകെ വിപ്ലവഗീതങ്ങളും പ്രകമ്പനംകൊള്ളിക്കുന്ന മുദ്രാവാക്യങ്ങളും. ചരിത്രനഗരി ത്രസിച്ചുനിന്ന മുഹൂര്‍ത്തം.... തങ്ങളുടെ നിറവും അടയാളവും രാഷ്ട്രീയവും സംസ്കാരവുമെല്ലാം രക്തനക്ഷത്രശോഭയാര്ന്ന ഈ പ്രസ്ഥാനമാണെന്ന് തൊഴിലാളികളും യുവജനങ്ങളും കര്‍ഷകരുമടങ്ങുന്ന മനുഷ്യരുടെ പടയണി പ്രഖ്യാപിച്ചു. ജനകീയാടിത്തറയിലും സംഘടനാശേഷിയിലുമുള്ള പ്രസ്ഥാനത്തിന്റെ അജയ്യത ആവര്‍ത്തിച്ചുറപ്പിച്ച് ജനസഞ്ചയത്തിന്റെ കുത്തൊഴുക്കില്‍ നഗരം ഇരമ്പി. രാഷ്ട്രസ്വാതന്ത്ര്യത്തിനായി ഉശിരന്‍ സമരത്തിന് വേദിയായ കടപ്പുറത്തിന്റെ മണ്ണിനെ സമരപുളകിതമാക്കുന്നതായിരുന്നു മഹാറാലിയും സമ്മേളനവും.
ജനങ്ങളുടെ ഒഴുക്ക് ഞായറാഴ്ച രാത്രിയിലേ തുടങ്ങിയിരുന്നു. ഉറങ്ങാത്ത രാവിനുശേഷം കണ്ടത് ജനങ്ങളുടെ കുതിപ്പായിരുന്നു. കേന്ദ്രീകരിച്ച പ്രകടനമില്ലെന്നറിയിച്ചിട്ടും പുഴകളായി അരുവികളായി ചെറിയകൂട്ടങ്ങള്‍ വന്നുകൊണ്ടിരുന്നു. അച്ഛനും അമ്മയും മക്കളുമൊന്നിച്ചായിരുന്നു എത്തിയത്. ഭക്ഷണപ്പൊതികളുമായി കുടുംബവും വീടും നാടുമൊന്നാകെ വന്നു. കിലോമീറ്ററുകള്‍ നടന്നിട്ടും ഭൂരിപക്ഷത്തിനും പൊതുസമ്മേളനം ചേര്‍ന്ന കടപ്പുറത്തെ എം കെ പന്ഥെ നഗറിലെത്താനായില്ല. കാല്‍ലക്ഷം ചുവപ്പുവളന്റിയര്മാരാണ് റാലിക്ക് മുന്നിലായി ചുവടുവച്ചത്. അയ്യായിരം സ്ത്രീകളുമടങ്ങുന്ന ചുവപ്പിന്റെ പടയണി മൂന്നുകേന്ദ്രങ്ങളില്നിന്നായി മാര്‍ച്ച് ചെയ്തു. വളന്റിയര്മാരെയും പ്രവര്‍ത്തകരെയും വേദിയില്‍ നിന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ അഭിവാദ്യം ചെയ്തു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോര്പറേഷന് സ്റ്റേഡിയം, സാമൂതിരി സ്കൂള്‍ മൈതാനം എന്നിവിടങ്ങളിലായി പകല്‍ രണ്ടിന് ബാന്ഡ്വാദ്യമുയര്ന്നു. മുന്നിലായി ടാഗോര്‍ ഹാളിന് മുന്നില്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളണിനിരന്നു. കടപ്പുറത്ത് ചുവപ്പുവളന്റിയര്‍മാരുടെ പരേഡ് വീക്ഷിച്ച ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് അഭിവാദ്യം സ്വീകരിച്ചു. പൊതുസമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗവും സ്വാഗതസംഘം ചെയര്‍മാനുമായ പിണറായി വിജയന് അധ്യക്ഷനായി. പ്രകാശ് കാരാട്ട് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്തു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ബസു, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, കോടിയേരി ബാലകൃഷ്ണന്, എം എ ബേബി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന് സ്വാഗതവും പി മോഹനന് നന്ദി പറഞ്ഞു. തുടര്‍ന്ന് വിപ്ലവഗാനമേള അരങ്ങേറി.
( പി വി ജീജോ)
ചുവപ്പുതീരം
വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും സംഘബോധവും വിളിച്ചോതി ചരിത്രനഗരിയില്‍ ചെമ്പടയുടെ മാര്‍ച്ച്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച്് നടന്ന കാല്‍ലക്ഷം പേരടങ്ങുന്ന ചുവപ്പ് വളന്റിയര്‍ മാര്‍ച്ച് കോഴിക്കോട് നഗരത്തെ ചെങ്കടലാക്കി. അച്ചടക്കവും അര്‍പ്പണബോധവും ഹൃദയത്തില്‍ ചേര്‍ത്തുവച്ച് 5000 വനിതകളടക്കമുള്ള ചുവപ്പുഭടന്മാര് ഒരേതാളത്തില്‍, ഒരേബോധത്തില് അണിനിരന്നു. ചരിത്രവീഥികളെ ത്രസിപ്പിച്ച് മുന്നേറിയ മാര്ച്ചിനുപിറകെ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. ആറുമാസത്തെ ചിട്ടയായ പരിശീലനമാണ് അജയ്യത വിളിച്ചോതിയ മാര്‍ച്ചിന് അടിത്തറയായത്. കാക്കി പാന്റ്സും ചുവപ്പ് ഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് പുരുഷ വളന്റിയര്‍മാര്‍ ചുവടുവച്ചു. വനിതകള്‍ക്ക് വെള്ള പാന്റ്സും ചുവപ്പ് കുര്‍ത്തയും വെള്ള ഷാളുമായിരുന്നു വേഷം.
നഗരത്തിന്റെ മൂന്നു ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് (പടിഞ്ഞാറുവശം), സ്റ്റേഡിയം, സാമൂതിരി ഹൈസ്കൂള്‍ മൈതാനം എന്നിവിടങ്ങളില്‍നിന്ന് പകല്‍ രണ്ടിന് മാര്‍ച്ച് തുടങ്ങി. മണിക്കൂറുകള്ക്കുമുമ്പുതന്നെ ചുവപ്പുസേനാംഗങ്ങള്‍ മൂന്നിടത്തും അണിനിരന്നു. അടിവച്ചുനീങ്ങിയ ചെമ്പടയ്ക്ക് റോഡിനിരുവശവും തിങ്ങിക്കൂടിയ ആയിരങ്ങള്‍ മുഷ്ടിചുരുട്ടി അഭിവാദ്യമേകി. സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം മാര്‍ച്ച് കടന്നുപോകുന്നത് കാണാന്‍ പൊരിവെയിലത്ത് മണിക്കൂറുകള്ക്കുമുമ്പുതന്നെ പാതയോരങ്ങളില്‍ സ്ഥാനംപിടിച്ചു. മൂന്നു മാര്‍ച്ചും പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ എം കെ പന്ഥെനഗറില്‍ അണിനിരന്നപ്പോള്‍ അറബിക്കടലിന് ചുവപ്പുതീരം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ച് അഭിവാദ്യംചെയ്തു. മൂന്നു മാര്‍ച്ചിന്റെയും മുന്‍നിര രണ്ടരമണിക്കൂറിലധികം പിന്നിട്ടാണ് ബീച്ചിലെത്തിയത്. ഓരോ മാര്‍ച്ചും ബാന്‍ഡുവാദ്യത്തിന്റെ താളത്തിനൊപ്പം ചുവടുവച്ചു. ഓരോ മാര്ച്ചിനുമുന്നിലും 20 ചെങ്കൊടികളുമായി വളന്റിയര്‍മാര്‍ അണിചേര്‍ന്നു. മാര്‍ച്ചുകളുടെ പിന്നില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചും വാഹനങ്ങളിലും ജനലക്ഷങ്ങള്‍ അകമ്പടിയായി.
കോഴിക്കോട് നോര്‍ത്ത്, കക്കോടി, ബാലുശേരി, കൊയിലാണ്ടി, പയ്യോളി ഏരിയകളില്‍നിന്നുള്ള വളന്റിയര്‍മാര്‍ സ്റ്റേഡിയത്തിനുസമീപം അണിനിരന്നു. ജില്ലാ ക്യാപ്റ്റന്‍ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെനിന്നുള്ള മാര്‍ച്ച്. സ്റ്റേഡിയത്തിന്റെ കിഴക്കെ ഗേറ്റുവഴി രാജാജി റോഡ്- മാവൂര്‍ റോഡ്- സിഎച്ച് ഫ്ളൈ ഓവര്വഴിയാണ് ബീച്ചിലേക്ക് വളന്റിയര്‍മാര്‍ മാര്‍ച്ചുചെയ്തത്. പേരാമ്പ്ര, കുന്നുമ്മല്‍, നാദാപുരം, ഒഞ്ചിയം, വടകര ഏരിയകളില്‍നിന്നുള്ള വളന്റിയര്‍മാര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിന് പടിഞ്ഞാറുവശത്ത് കേന്ദ്രീകരിച്ചു. ഫറോക്ക്, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി,താമരശേരി ഏരിയകളില്‍നിന്നുള്ളവര്‍ സാമൂതിരി ഹൈസ്കൂള്‍ മൈതാനത്താണ് അണിനിരന്നത്. കല്യാണ്‍കേന്ദ്ര സ്ക്വയര്വഴി പാളയം ജങ്ഷന്- ഒന്നാം റെയില്‍വേ മേല്‍പ്പാലം- മാതൃഭൂമി ജങ്ഷന്- ബോംബെ ഹോട്ടല്‍വഴി രക്തസാക്ഷി സ്ക്വയറിലൂടെബീച്ചിലേക്ക് നീങ്ങി. ഏരിയ ക്യാപ്റ്റന്മാരും വൈസ് ക്യാപ്റ്റന്മാരും മാര്‍ച്ചുകള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടങ്ങുന്ന പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്റ്റേഡിയത്തില്‍നിന്ന് പുറപ്പെട്ട റെഡ് വളന്റിയര്‍ മാര്ച്ചിനുമുന്നില് അണിനിരന്നാണ് കടപ്പുറത്തെ എം കെ പന്ഥെനഗറിലേക്ക് നീങ്ങിയത്.
(പി വിജയന്)
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കുടുംബസമേതം
പൊരിവെയിലത്തും അണയാത്ത ഐക്യബോധവുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളുടെ ഒഴുക്ക്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് സമാപനദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെറിയകുട്ടികളും പ്രായമായവരും ഉള്‍പ്പെടെയാണ് കുടുംബങ്ങള്‍ എത്തിയത്. ട്രെയിനുകളിലും സ്വകാര്യവാഹനങ്ങളിലും എത്തിയവര്‍ രാവിലെ മുതല്‍ ചെംപുതപ്പണിഞ്ഞ കോഴിക്കോടിന്റെ ഭാഗഭാക്കായി. തിങ്കളാഴ്ച സമാപിക്കുന്ന ചരിത്രപ്രദര്‍ശനം കണ്ടിറങ്ങിയാണ് പൊരിവെയിലിനെ വകവെയ്ക്കാതെ കുട്ടികളടക്കം നടന്നുനീങ്ങിയത്. ചരിത്രപ്രദര്‍ശനം കാണാനുള്ള ക്യൂവില്‍ കുടുംബങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി. പാര്‍ടി ചരിത്രത്തിലേക്കുള്ള എത്തിനോട്ടത്തോടൊപ്പം കുട്ടികള്‍ക്ക് അവധിക്കാലത്ത് നല്കാനായ വിജ്ഞാനപ്രദമായ അനുഭവമാണിതെന്ന് മിക്ക രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
ബീച്ചില്‍ കാലുകുത്താനിടമില്ലാത്ത തിരക്കായിരിക്കുമെന്നതിനാല്‍ മിക്കവരും രാവിലെ തന്നെ ബീച്ചില്‍ ഇടം പിടിച്ചു. ചുവപ്പിലും വെള്ളയിലും പാര്ടിചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും പതിച്ച തൊപ്പിയുമണിഞ്ഞ് നീങ്ങുന്ന നിരവധി കുടുംബങ്ങള്‍ ജനലക്ഷങ്ങളുടെ പിന്തുണയുടെ പ്രഖ്യാപനമായി. തന്റെയും സഹോദരങ്ങളുടെയും ചുവപ്പണിഞ്ഞ കുട്ടികളെയുമായി നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ സന്തോഷ് പാര്‍ടിയുടെ വലിയ പരിപാടികള്‍ക്കെല്ലാം കുടുംബവുമായാണ് പോകാറ്.
"കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും അറിഞ്ഞതാണ് പാര്‍ട്ടിയെ. ധീരസഖാക്കളും പ്രവര്‍ത്തകരും വളര്‍ത്തിയ പാര്‍ടിയുടെ വലിയ പരിപാടി ഇവിടെ നടക്കുമ്പോള്‍ വരാതിരിക്കുന്നതെങ്ങനെയാണ്. ഞങ്ങളേക്കാള്‍ ആവേശമാണ് കുട്ടികള്‍ക്ക്"-സന്തോഷ് പറയുന്നു. ചുവപ്പും വെള്ളയും ധരിച്ചാണ് ബാലസംഘം പ്രവര്‍ത്തകര്‍കൂടിയായ അശ്വതിയും നിമ്മിയും കോഴിക്കോട്ടെത്തിയത്. കാസര്‍കോട്ടുനിന്നെത്തിയ പ്രകാശും എറണാകുളത്തുനിന്നെത്തിയ ജോസഫും ഒരു ദിവസം മുമ്പുതന്നെ കോഴിക്കോട്ടെത്തി. കുടുംബത്തോടൊപ്പം ഇരുവരുടെയും പ്രായമായ അച്ഛനമ്മമാരും ഉണ്ടായിരുന്നതിനാല്‍ നേരത്തെ എത്തുകയായിരുന്നു. തിരക്ക് മൂലം നഗരത്തില്‍ തങ്ങാന്‍ ഒരു മുറി കിട്ടാന്‍ പലരും വലഞ്ഞു. ഞായറാഴ്ച എത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും വീടുകളില്‍ തങ്ങിയവര് നിരവധിയാണ്.
പര്‍ദയണിഞ്ഞ സ്ത്രീകളും
സിപിഐ എമ്മിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുത്തതില്‍ മുസ്ലിംസമുദായത്തിലെ സ്ത്രീകള്‍ അഭിമാനംകൊള്ളുന്നു. പര്‍ദയണിഞ്ഞ ആയിരക്കണക്കിന് സ്ത്രീകള്‍ സമ്മേളനത്തിനെത്തി. സിപിഐ എം ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന നുണപ്രചാരണം അഴിച്ചുവിടുന്ന വര്‍ഗീയ ശക്തികള്‍ക്കുള്ള മറുപടിയായിരുന്നു ഇവരുടെ പങ്കാളിത്തം. സിപിഐ എമ്മില്‍ എല്ലാ മതങ്ങള്‍ക്കും പരിഗണനയുണ്ടെന്നും സ്ത്രീകള്‍ക്ക് തുല്യഅവകാശം നല്‍കുന്നുണ്ടെന്നും കുറ്റ്യാടി സ്വദേശിനി നൗഫിയ പറഞ്ഞു. ഉമ്മയും ഉപ്പയും അനുജന്മാരും ഉള്‍പ്പെടെ കുടുംബസമേതമാണ് നൗഫിയ എത്തിയത്. കോളേജ് വിദ്യാര്‍ഥിനിയായ നൗഫിയ മതത്തെ അനുസരിക്കുന്നതോടൊപ്പം സിപിഐ എമ്മിനെയും ഇഷ്ടപ്പെടുന്നു. ഇത്തരത്തില്‍ ഒരുപാട് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ സമ്മേളനത്തില്‍ പങ്കാളികളായി. കുടുംബത്തില്‍നിന്ന് കിട്ടുന്ന പിന്തുണയാണ് ശക്തിപകരുന്നതെന്ന് പലരും പറയുന്നു.
ആവേശംവിതച്ച് പെണ്മയുടെ സംഘഗാഥ
കരിവളയണിഞ്ഞ കൈകളില്‍ ചെങ്കൊടി പാറിച്ച് സംഘശക്തിയുടെ വീരഗാഥ. വിപ്ലവഭേരിമുഴക്കി സ്ത്രീകളുടെ വന്‍നിര സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. പ്രായത്തിന്റെ അവശത മറന്ന് മുത്തശ്ശിമാരും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ചെറുപ്പത്തിന്റെ പൂക്കാലം തീര്‍ത്ത് യുവതികളും വിദ്യാര്‍ഥിനികളും. വിമോചനത്തിന്റെ കരുത്തും ഊര്‍ജവുമായി വിസ്മയഭരിതമായ ഏടാണ് തിങ്കളാഴ്ച അവര്‍ എഴുതിച്ചേര്‍ത്തത്.
ചരിത്രനഗരി സമീപകാലത്തൊന്നും ദര്‍ശിക്കാത്ത സ്ത്രീമുന്നേറ്റത്തിനാണ് സമാപന സമ്മേളനം സാക്ഷ്യം വഹിച്ചത്. പൊതുസമ്മേളനത്തിനുമുന്നോടിയായി നടന്ന റെഡ്വളന്റിയര്‍ മാര്‍ച്ചിലും ബഹുജനറാലിയിലും അവര്‍ വീരചരിതമെഴുതി. മണ്ണുംവിണ്ണും മനസ്സും ചെഞ്ചായംപൂശി ആവേശഭരിതമായ മണിക്കൂറുകളില്‍ അണയാത്ത പോരാട്ടമനസ്സുമായി അവര്‍ എത്തി; ഭൂതകാലത്തിന്റെ കണ്ണീരും ചോരയും വീണ വഴിത്താരകളില്‍നിന്ന്. ജീവിതത്തിന്റെ സമസ്തമേഖലയും പ്രതിനിധാനംചെയ്ത് എത്തിയവര്‍ ധീരതയുടെയും ദേശാഭിമാനത്തിന്റെയും ഇങ്ക്വിലാബ് വിളികളുമായി ഒറ്റമനസ്സായി മാറി. മുഴുവന്‍ ജനതയുടെയും വിമോചനത്തിനായി പോരാടുന്ന ജനകീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അവര്‍ വീറോടെ അണിനിരന്നു. ദൂരദിക്കുകളില്‍നിന്നും ഞായറാഴ്ച വൈകിട്ടോടെതന്നെ ആയിരങ്ങളാണ് മഹാനഗരത്തിലെത്തിയത്. കര്‍ണാടകം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്നിന്നുമായി കുടുംബസമേതം തിങ്കളാഴ്ച രാവിലെയും ആയിരങ്ങള്‍ എത്തി. കത്തുന്ന വെയിലിനെ വെല്ലുവിളിച്ച് മുദ്രാവാക്യംവിളികളുമായി അവര്‍ നഗരം ചുറ്റി. നക്ഷത്രം പതിച്ച തൊപ്പി ധരിച്ചും കൊടിയേന്തിയും വിപ്ലവഗാനങ്ങള്‍ ആലപിച്ചും നഗരവീഥികളില്‍ അവര്‍ താളവും മേളവും തീര്‍ത്തു.
(മിഥുന് കൃഷ്ണ)
deshabhimani 100412
Subscribe to:
Post Comments (Atom)

വിപ്ലവകാഹളമുയര്‍ത്തി ജനലക്ഷങ്ങളുടെ മഹാറാലി. ചുവന്ന ഇന്ത്യ സ്വപ്നം കാണുന്ന മനുഷ്യരുടെ പ്രവാഹത്തില്‍ കോഴിക്കോട് ജ്വലിച്ചു. പുതിയ പ്രഭാതത്തിലേക്ക് നാടിനെ നയിക്കാനുള്ള തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനമായ സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയില്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. നാടിനെ കെടുതിയിലേക്ക് തള്ളിവിടുന്ന ജനവിരുദ്ധഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സമരപഥങ്ങളിലേക്ക് ചുവപ്പുകൊടിയുമേന്തി ഇന്ത്യയുടെ ജനകീയമാര്‍ച്ച്. വര്‍ഗീയ- ഫാസിസ്്റ്റുകള്ക്കും ഭീകരവാദികള്‍ക്കുമെതിരെ മതനിരപേക്ഷ സമൂഹസൃഷ്ടിക്കായി വിമോചനപ്രസ്ഥാനത്തിനൊപ്പം മുഷ്ടികളുയര്ന്നു.
ReplyDelete