Thursday, July 5, 2012

സംസ്ഥാനത്ത് നിലവാരമില്ലാത്ത 21 സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍


സംസ്ഥാനത്ത് നിലവാരമില്ലാത്ത 21 സ്വാശ്രയ എന്‍ജിനീയറിങ്ങ് കോളജുകളാണുള്ളതെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനീയറിങ്ങ് കോളജുകള്‍ സന്ദര്‍ശിച്ചു പഠനം നടത്തിയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ശരാശരി നിലവാരമുള്ള 34 കോളജുകളും തൃപ്തികരമായ നിലയിലുള്ള അഞ്ചു കോളജുകളും നല്ല നിലവാരമുള്ള 21 കോളജുകളും മികച്ച നിലവാരമുള്ള 26 കോളജുകളുമാണ് സ്വാശ്രയ എന്‍ജിനീയറിങ്ങ് മേഖലയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഓരോ കോളജിലെയും അടിസ്ഥാന സൗകര്യങ്ങള്‍, ഫാക്കല്‍റ്റി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു സമിതി പഠനം നടത്തിയിട്ടുള്ളത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. ജി രാമചന്ദ്രന്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ അസി. പ്രഫസര്‍ ഡോ. എന്‍  വിജയകുമാര്‍, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫ. എം ടി രാജപ്പന്‍പിള്ള, ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. പി എ സഹീദ, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വി ഗോപകുമാര്‍, പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ ഡോ. പി സി രഘുരാജ്, ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി എ സുഖി എന്നിവരടങ്ങിയ സമിതിയെയാണ് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ നിലവാരം പഠിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്.
2008-09, 2009-10, 2010-11 അധ്യയന വര്‍ഷങ്ങളിലെ വിജയശതമാനമാണ് സമിതി പഠനത്തിനായി ഉപയോഗിച്ചത്. ഈ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു വിജയശതമാനം തീരെ കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചു പൂട്ടാനും ഈ കോളജുകളിലെ വിദ്യാര്‍ഥികളെ മറ്റു കോളജുകളില്‍ പ്രവേശിപ്പിക്കാനും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

കേരള സര്‍വകലാശാലയുടെ കീഴിലുള്ള നൂറനാട് അര്‍ച്ചന എന്‍ജിനീയറിങ്ങ് കോളജ്, ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ്ങ് കോളജ്, പങ്കജ കസ്തൂരി കോളജ്, എം ജി സര്‍വകലാശാലയുടെ ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ്ങ്, എറണാകുളം, ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, വെണ്ണിമല, കോട്ടയം, ഇലാഹിയ കോളജ് ഓഫ് എന്‍ജിനീയറിങ്ങ്, മൂവാറ്റുപുഴ, മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങ്, ഇടുക്കി, മാതാ കോളജ് ഓഫ് എന്‍ജിനീയറിങ്ങ്, മനയ്ക്കപ്പടി, എറണാകുളം, എസ്‌സിഎംഎസ്, കറുകുറ്റി, ജയഭാരത് കോളജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍ഡ് ടെക്‌നോളജി, പെരുമ്പാവൂര്‍, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കിടങ്ങൂര്‍ കേപ്പ് - കോളജ് ഓഫ് എന്‍ജിനീയറിങ്ങ്, കൊട്ടാരക്കര ഐഎച്ച്ആര്‍ഡി കോളജ് ഓഫ് എന്‍ജിനീയറിങ്ങ്, പൂഞ്ഞാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങ് (ഐഎച്ച്ആര്‍ഡി), കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ ആക്‌സിസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങ്,  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ദേശമംഗലം മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍ഡ് ടെക്‌നോളജി, തൃശൂര്‍ നെഹ്‌റു കോളജ് ഓഫ് എന്‍ജിനീയറിങ്ങ്, പാലക്കാട് പ്രൈം കോളജ് ഓഫ് എന്‍ജിനീയറിങ്ങ് ഫോര്‍ വിമണ്‍, തൃശൂര്‍ അക്കിക്കാവ് റോയല്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങ്, കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള പയ്യന്നൂര്‍ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയാണ് സമിതി നിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്.

janayugom 040712

1 comment:

  1. സംസ്ഥാനത്ത് നിലവാരമില്ലാത്ത 21 സ്വാശ്രയ എന്‍ജിനീയറിങ്ങ് കോളജുകളാണുള്ളതെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

    ReplyDelete