Friday, July 6, 2012
ബാലന്റെ "ശല്യ"വും സ്പീക്കറുടെ ഖേദവും
പട്ടികജാതിക്കാരെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നൂറുനാവാണ്. പട്ടികജാതി/വര്‍ഗ/പിന്നോക്കവിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയിലും പതിവ് തെറ്റിയില്ല. പട്ടികജാതിക്കാരുടെ ദൈന്യത കോറിയിട്ട കെ രാധാകൃഷ്ണന്‍, എ കെ ബാലന്‍, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉള്ളില്‍ തട്ടിയാണ് വിഷയം അവതരിപ്പിച്ചത്. കഴിഞ്ഞ 65 വര്‍ഷത്തിനിടെ പട്ടികവിഭാഗങ്ങളുടെ ജീവിതത്തില്‍ എന്തുനേട്ടം ഉണ്ടായെന്ന ചോദ്യമാണ് കെ രാധാകൃഷ്ണന്‍ ഉയര്‍ത്തിയത്. പട്ടികജാതിക്കാരുടെ ക്ഷേമത്തിന് മതിയായ തുക വകയിരുത്തണമെന്നായിരുന്നു എ കെ ബാലന്റെ ആവശ്യം.
പട്ടികജാതിക്കാരുടെ ക്ഷേമത്തിന് 65 വര്‍ഷത്തിനുള്ളില്‍ 25,000 കോടി രൂപയെങ്കിലും ചെലവഴിച്ചിരിക്കാമെന്നാണ് കെ രാധാകൃഷ്ണന്റെ പക്കലുള്ള കണക്ക്. പക്ഷേ, ഇതിന്റെ പത്തിലൊന്ന് പ്രയോജനം പോലും ഈ ജനവിഭാഗങ്ങള്‍ക്ക് കിട്ടിയില്ല. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേരളത്തില്‍ സ്ഥിതി അല്‍പ്പം ഭേദമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ അതല്ലെന്ന് കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത് മധുരയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ അനുഭവം വിവരിച്ചാണ്. അവിടെ പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് ഉയര്‍ന്ന ജാതിക്കാരുടെ വീട്ടില്‍ പണിയെടുത്ത് വശംകെട്ടു. എല്ലാ വീട്ടുകാര്‍ക്കും പ്രസിഡന്റിനെ ജോലിക്ക് വേണം. പ്രസിഡന്റിനെ കൊണ്ട് കക്കൂസ് കുത്തിയെന്നും വാഴക്കുഴിയെടുത്തെന്നും മേനിനടിക്കാനാണ് ഉയര്‍ന്ന ജാതിക്കാരെല്ലാം അദ്ദേഹത്തെ ജോലിക്ക് വിളിച്ചതത്രേ.
കേരളത്തില്‍ പട്ടികജാതിക്കാരുടെ ആളോഹരി ഭൂമി വിഹിതം 1.94 സെന്റ് മാത്രമാണ്. പട്ടികവിഭാഗങ്ങള്‍ക്ക് സ്വന്തമായി സ്കൂളില്ല, ബാങ്കില്ല, വാണിജ്യസ്ഥാപനമില്ല. എന്തിന് നല്ല മുറുക്കാന്‍ കട പോലും ഇല്ല. ആട് മാടും കോഴിയും ആനയും കൊടുത്തുകൊണ്ടുള്ള ക്ഷേമപദ്ധതി നിര്‍ത്തണമെന്നായിരുന്നു രാധാകൃഷ്ണന്റെ ആവശ്യം. ആനയെ കിട്ടിയാല്‍ എവിടെ കെട്ടും? വിത്തും വളവും നല്‍കിയാല്‍ എവിടെ വിതയ്ക്കും? ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ശക്തിയുള്ളിടത്ത് മാത്രമേ പട്ടികവിഭാഗങ്ങള്‍ക്കും രക്ഷയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗിലെ എന്‍ ഷംസുദീന്റെ നാട്ടില്‍ ലീഗ് വിട്ട് ഒരാള്‍ സിപിഐ എമ്മില്‍ ചേര്‍ന്നു. പിറ്റേന്ന് ജാഥയില്‍ പങ്കെടുത്ത അയാള്‍ "പച്ചച്ചെങ്കൊടി" സിന്താബാദ് എന്ന് മുദ്രാവാക്യം വിളിച്ചത് ഷംസുദീന്‍ കേട്ടത്രേ. സിപിഐ എം വിരോധം നിമിത്തം കാടുകയറിയ ഷംസുദീനെ എ കെ ബാലന്‍ വിട്ടില്ല. "ചത്ത കുതിര" എന്ന് മുസ്ലിംലീഗിനെ വിളിച്ചത് നെഹ്റുവാണ്. സ്പീക്കറാകണമെങ്കില്‍ തൊപ്പി ഊരണമെന്ന് സി എച്ചിനോട് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് ആണ്.
പണ്ട് പള്ളിയുടെ ഓട് മാറ്റിയിടണമെങ്കില്‍ കലക്ടറുടെ മുമ്പില്‍ പോയി നില്‍ക്കണമായിരുന്നു. അതിന് മാറ്റം വരുത്തിയത് "57ലെ ഇ എം എസ് സര്‍ക്കാരാണ്"- ഇതേപ്പറ്റിയെല്ലാം ഒരു വിചാരം വേണം. ബാലന്‍ ഉപദേശിച്ചു. കെ സുധാകരനെതിരെ പുറത്തുവന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച അടിയന്തരപ്രമേയം സഭയെ പ്രക്ഷുബ്ധമാക്കി. കെ സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കോടിയേരി ബാലകൃഷ്ണന്റെ നോട്ടീസിന് മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് ഇടപെട്ട മുഖ്യമന്ത്രിയും അതിന് വ്യക്തമായ മറുപടി നല്‍കിയില്ല. കേസ് രജിസ്റ്റര്‍ ചെയ്യാതെ പിന്നെ എന്ത് അന്വേഷണമെന്നായി കോടിയേരി. ജനങ്ങള്‍ക്ക് വിശ്വാസം വരണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അറിയിച്ചു. "നിയമത്തിന് രണ്ടുതൂക്കമില്ല, ഭീതിയും പ്രീതിയുമില്ലാതെ അന്വേഷണം" ഇങ്ങനെ ചില ആപ്തവാക്യങ്ങളായിരുന്നു തിരുവഞ്ചൂരിന് പ്രിയം. മന്ത്രിയുടെ നിലപാടിനെതിരെ രംഗത്തുവന്ന എ കെ ബാലനെ കുറിച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. "ബാലന്റെ ശല്യം അതിരുകടക്കുന്നു" എന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം. നടുത്തളത്തില്‍ കുതിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ചു. സഭ ബഹളത്തില്‍ മുങ്ങിയതോടെ പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ചു.
പച്ചനിറത്തെ ചൊല്ലിയുള്ള വിവാദം വീണ്ടും സഭാതലത്തില്‍ ഇടംനേടി. പച്ച ഇസ്ലാമുമായി ബന്ധപ്പെട്ട നിറമല്ലെന്ന് പി ടി എ റഹീം ഓര്‍മിപ്പിച്ചു. മനസ്സ് ശുദ്ധമല്ലാത്തതു കൊണ്ടാണ് പച്ച ബ്ലൗസ് ധരിക്കാന്‍ ഉത്തരവിട്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം ഉത്തരവ് ഇറക്കുന്നവരെ കരുതിയിരിക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രിയോട് എ കെ ബാലന്‍ പറഞ്ഞത്. "എലിമെന്ററി സ്കൂളില്‍ ചേരാന്‍ സുന്നത്ത് ചെയ്യണമെന്ന് ഉത്തരവിടുമോയെന്ന്" അദ്ദേഹം ഭയന്നു. ടൂറിസം രംഗത്തെ അപാരമായ സാധ്യതകളെ കുറിച്ചാണ് ഡൊമിനിക് പ്രസന്റേഷന്‍ വാചാലനായത്. ഷാജി കൈലാസിന്റെ സിനിമയില്‍ കാണുന്നതുപോലെ ജനനേതാക്കളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പുരുഷന്‍ കടലുണ്ടി. ലോകത്തിനു മാതൃകയായ കേരള പൊലീസിനെ കുടിപ്പക തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മന്ത്രിമാരായ എ പി അനില്‍കുമാര്‍, പി കെ ജയലക്ഷ്മി, മഞ്ഞളാംകുഴി അലി എന്നിവരാണ് മറുപടി നല്‍കിയത്. വി ശശി, ജോസ് തെറ്റയില്‍, ടി യു കുരുവിള, ടി എ അഹമ്മദ് കബീര്‍, ഷാഫി പറമ്പില്‍, ഇ കെ വിജയന്‍, വി പി സജീന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
(കെ ശ്രീകണ്ഠന്‍)
deshabhimani 060712
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment