Thursday, July 5, 2012

ഉച്ചക്കഞ്ഞിയില്‍ വെള്ളം ചേര്‍ക്കുന്നു


സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്. പട്ടിണപ്പാവങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന പിന്നോക്ക മേഖലകളിലേതടക്കം മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പായിട്ടില്ല.

സര്‍ക്കാര്‍ ഇനിമേല്‍ ഉച്ചഭക്ഷണത്തിന് അരി മാത്രമേ നല്‍കൂ എന്നുകാണിച്ച് ഇക്കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഈ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്ന വ്യക്തമായ സൂചനയുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറിയ വിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണ വിതരണച്ചുമതല മുഴുവന്‍ അധ്യാപക-രക്ഷകര്‍ത്തൃസംഘടനയും ഉച്ചഭക്ഷണ കമ്മറ്റികളും ചേര്‍ന്ന് ഏറ്റെടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എല്‍ ഡി എഫ് സര്‍ക്കാര്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരിയും പയറും പലവ്യഞ്ജനങ്ങളും പാകം ചെയ്യാനുള്ള ചെലവും വഹിച്ചിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പാണ് അരിയും മറ്റും വിതരണം ചെയ്തിരുന്നത്. മുട്ടയും പാലും മൃഗസംരക്ഷണ വകുപ്പുമുഖേനയാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.

അരിമാത്രം നല്‍കിയാല്‍ ഉച്ചഭക്ഷണമാകുമെന്ന വിധത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ഉച്ചഭക്ഷണത്തിനാവശ്യമായ മറ്റ് സാധനസാമഗ്രികള്‍ വാങ്ങുന്നതിനും കുട്ടികള്‍ക്ക് മുട്ട, പാല്‍ എന്നിവ നല്‍കുന്നതിനും ഉച്ചഭക്ഷണത്തിനുപുറമെ വൈകിട്ടും ലഘുഭക്ഷണം നല്‍കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികള്‍, സന്നദ്ധസംഘടനകള്‍, എം എല്‍ എമാര്‍ എന്നിവരില്‍ നിന്നും പിരിവ് നടത്തിക്കൊള്ളാമെന്ന ഔദാര്യം കൂടി വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്.പാചകത്തൊഴിലാളികളെ നിയമിക്കുന്ന ചുമതലപോലും ഇല്ലാത്ത പി ടി എകളുടേയും ഉച്ചഭക്ഷണ കമ്മറ്റികളുടെയും ചുമലിലാക്കിക്കൊണ്ടാണ് ഉത്തരവ്.

കേരളത്തിലെ സ്‌കൂള്‍ സംവിധാനത്തിന്റെ മൂന്നിലൊരുഭാഗം അണ്‍ എക്കണോമിക് പട്ടികയിലാണ്. അതില്‍തന്നെ 50.41 ശതമാനം എല്‍ പി സ്‌കൂളുകളുമാണ്. അണ്‍ എക്കണോമിക് സ്‌കൂളുകളിലെ 30 ശതമാനം കുട്ടികള്‍ ദളിത്-ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരും ബാക്കിയുള്ളവര്‍ മത്സ്യമേഖലയിലും മറ്റ് ദരിദ്രവിഭാഗങ്ങളില്‍ പെട്ടവരുമാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിനിധീകരിക്കുന്ന ഈ സ്‌കൂളുകളില്‍ പി ടി എ സംവിധാനമേ ഇല്ല. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം ഈ കമ്മറ്റികളില്‍ വരുന്നതോടെ 4280 അണ്‍ എക്കണോമിക് സ്‌കൂളുകളിലെ അഞ്ചുലക്ഷത്തോളം വരുന്ന പാവപ്പെട്ട കുട്ടികളുടെ ഭക്ഷണവിതരണം ഫലപ്രദമായി നടക്കാതെവരും. ദേശീയ-ആരോഗ്യ കുടുംബസര്‍വേ പ്രകാരം കേരളത്തിലെ ദളിത്-ആദിവാസി കുട്ടികള്‍ പോഷകാഹാര നിലയില്‍ വളരെ പിറകിലാണെന്ന് കണ്ടെത്തിയിരുന്നു.

അടുത്തകാലത്ത് വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ അവകാശനിയമത്തെ അട്ടിമറിക്കുന്നതാണ്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റികള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ ഈ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളില്‍ നിന്നെല്ലാം തന്നെ കേരളത്തിലെ പകുതിയിലധികം വരുന്ന എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കുന്നതിലൂടെ സ്വകാര്യ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ കച്ചവടത്തിന് തുടരനുവാദം നല്‍കുകയും വിദ്യാഭ്യാസ അവകാശനിയമം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന അവകാശങ്ങളെ നിഷേധിക്കുകയുമാണ് പുതിയ രണ്ട് ഉത്തരവുകളിലൂടെ ചെയ്യുന്നതെന്ന് ജനമുന്നേറ്റം എന്ന സന്നദ്ധസംഘടന കുറ്റപ്പെടുത്തി.

janayugom 050712

1 comment:

  1. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്. പട്ടിണപ്പാവങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന പിന്നോക്ക മേഖലകളിലേതടക്കം മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പായിട്ടില്ല.

    സര്‍ക്കാര്‍ ഇനിമേല്‍ ഉച്ചഭക്ഷണത്തിന് അരി മാത്രമേ നല്‍കൂ എന്നുകാണിച്ച് ഇക്കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഈ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്ന വ്യക്തമായ സൂചനയുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറിയ വിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണ വിതരണച്ചുമതല മുഴുവന്‍ അധ്യാപക-രക്ഷകര്‍ത്തൃസംഘടനയും ഉച്ചഭക്ഷണ കമ്മറ്റികളും ചേര്‍ന്ന് ഏറ്റെടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

    ReplyDelete