Monday, July 9, 2012

യൂത്ത്ലീഗ്- എംഎസ്എഫ് ആക്രമണം: 2 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്


പെരിങ്ങോം: യൂത്ത്ലീഗ്- എംഎസ്എഫ് ആക്രമണത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊരങ്ങാടുനിന്ന് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ പത്തംഗസംഘമാണ് എസ്എഫ്ഐ പ്രവര്‍ത്തകരായ അരുണ്‍ (19) പൊന്നമ്പാറ, അഖില്‍ (16) കൊരങ്ങാട് എന്നിവരെ ക്രൂരമായി മര്‍ദിച്ചത്. ഇരുവരെയും പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പെരിങ്ങോത്ത് പ്രകടനം നടത്തി. കെ നിഖില്‍ദാസ്, പി നിതിന്‍, പി പി റഷീദ് എന്നിവര്‍ സംസാരിച്ചു.

കുടുംബയോഗം കഴിഞ്ഞ് മടങ്ങിവരുന്ന സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം പി നാരായണന്‍, ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കെ വി മധുസൂദനന്‍ എന്നിവരെ കഴിഞ്ഞ ദിവസം രാത്രി ലീഗുകാര്‍ തടച്ചുവച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിന്റെ വീട്ടില്‍ രാത്രി അതിക്രമിച്ചുകയറി കൊലവിളി നടത്തുകയും ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനം അലങ്കോലമാക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പെരിങ്ങോം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

യൂത്തുലീഗുകാരെ അറസ്റ്റ് ചെയ്യണം

നാദാപുരം: കല്ലാച്ചി ഐഎച്ച്ആര്‍ഡി കോളേജ് യൂണിറ്റ് സെക്രട്ടറിയും എസ്എഫ്ഐ ഏരിയാ സെക്രട്ടറിയറ്റ് അംഗവുമായ സായൂജിനെ ആക്രമിച്ച യൂത്തുലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. കോളേജിനകത്ത് കയറി വിദ്യാര്‍ഥികളെ അക്രമിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്. ക്യാമ്പസിലെ ബോര്‍ഡുകളും കൊടികളും നശിപ്പിച്ചത് ചോദ്യംചെയ്ത ഏരിയാ സെക്രട്ടറി കെ അശ്വന്തിനെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുമാണ് ചെയ്തത്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

deshabhimani 090712

No comments:

Post a Comment