Monday, July 9, 2012

കുട്ടികള്‍ക്കുള്ള അരിയില്‍ ചത്ത എലിയും ബീഡിയും


കോഴിക്കോട്: സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരിയില്‍ ചത്ത എലിയും ബീഡിക്കുറ്റിയും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനായി എടുത്ത പുതിയ ചാക്ക് അരി പൊട്ടിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം. ചത്തുദ്രവിച്ച നിലയിലായിരുന്നു എലി. ഇതിനുപുറമെ ബീഡിക്കുറ്റിയും കല്ലും മണ്ണും അരിയില്‍ നിന്നും കണ്ടെടുത്തു.

പൂവാട്ടുപറമ്പിലെ മാവേലി സ്റ്റോറില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായി കൊണ്ടുവന്ന 58 അരി ച്ചാക്കുകളില്‍ ഒന്ന് പൊട്ടിച്ചപ്പോഴാണിത്. എല്‍കെജി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള ക്ലാസുകളിലായി 2011 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. ഇവരില്‍ 1018 പേര്‍ ഇവിടെ തയ്യാറാക്കുന്ന ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. രാവിലെ പാചക തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യാനായി 50 കിലോ തൂക്കം വരുന്ന അരിച്ചാക്ക് പൊളിച്ചപ്പോഴാണ് എലിയും മാലിന്യങ്ങളും കണ്ടത്. വിവരം അറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ പ്രധാന അധ്യാപകന്റെ ഓഫീസ് ഉപരോധിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. വിശദമായ വകുപ്പ്തല അന്വേഷണം നടത്തുമെന്ന് പ്രധാന അധ്യാപകന്‍ എന്‍ എ അഗസ്റ്റിന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരി റീത്തയും ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ഇബ്രാഹിം, സെക്ഷന്‍ സൂപ്രണ്ട് അജയ്കുമാര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി അരിച്ചാക്ക് സീല്‍ ചെയ്ത് സ്കൂള്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരി റീത്ത പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നൂണ്‍ ഫീഡിങ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വൈകാതെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

deshabhimani 100712

2 comments:

  1. സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരിയില്‍ ചത്ത എലിയും ബീഡിക്കുറ്റിയും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനായി എടുത്ത പുതിയ ചാക്ക് അരി പൊട്ടിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം. ചത്തുദ്രവിച്ച നിലയിലായിരുന്നു എലി. ഇതിനുപുറമെ ബീഡിക്കുറ്റിയും കല്ലും മണ്ണും അരിയില്‍ നിന്നും കണ്ടെടുത്തു.

    ReplyDelete
  2. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചഭക്ഷണത്തിനുവേണ്ടി എത്തിച്ച അരിയില്‍ ചത്ത എലിയും ബീഡിക്കുറ്റിയും കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഉച്ചക്കഞ്ഞി വിതരണത്തിനുള്ള അരിയില്‍ ചത്ത എലിയും ബീഡിക്കുറ്റിയും സിമന്റ് കട്ടകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കണ്ടുകിട്ടിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

    അരിയില്‍ മാലിന്യമുണ്ടെന്ന വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധത്തിന് ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, വരുണ്‍ഭാസ്കര്‍, എം ബിജുലാല്‍, കെ രാജേഷ്, കെ അരുണ്‍, സി ഷാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ സൗത്ത് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ ചത്ത എലിയും സിഗരറ്റ് കുറ്റികളും മറ്റ് മാലിന്യങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ സപ്ലൈ ഓഫീസറെ ഉപരോധിച്ചു. തുടര്‍ന്ന് എസ്എഫ്ഐ നടത്തിയ ഉപരോധ സമരത്തിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസര്‍ കേരള സ്റ്റേറ്റ് സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ കോഴിക്കോട് മേഖലാ മാനേജര്‍, കൊടുവള്ളി ഡിപ്പോ മാനേജര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടിയെടുക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ കിരണ്‍രാജ് അധ്യക്ഷനായി. എം സമീഷ്, കെ കെ ഷനീഷ്, എസ് എസ് അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി ബിനീഷ് സ്വാഗതം പറഞ്ഞു.

    ReplyDelete