Sunday, July 22, 2012
സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് 3 മാസത്തേക്ക് 2500 രൂപ!
വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലാക്കി വീണ്ടും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം. ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതലയില്‍നിന്ന് പിന്നോക്കം പോയ സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചതാകട്ടെ നാമമാത്ര തുക. 100 കുട്ടികളുള്ള ഒരു സ്കൂളിന് ശരാശരി 2500 രൂപയാണ് മൂന്നുമാസത്തേക്ക് ലഭിച്ചത്. 33,000 രൂപ ചെലവാകുന്നിടത്താണിത്. സര്‍ക്കാര്‍ നല്‍കുമെന്നു പറഞ്ഞ കുറഞ്ഞ തുക ഉപയോഗിച്ച് ഉച്ചക്കഞ്ഞി വിതരണം സാധ്യമാകില്ല എന്നിരിക്കെയാണ് വീണ്ടും സര്‍ക്കാരിന്റെ വഞ്ചന. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഉച്ചക്കഞ്ഞി വിഹിതമായി സംസ്ഥാനത്തെ 163 വിദ്യാഭ്യാസ ഉപജില്ലകള്‍ക്കായി 3,30,20,760 രൂപ മാത്രമാണ് അനുവദിച്ചത്. നേരത്തെ, സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍നിന്ന് വ്യത്യസ്തമായി തുക പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അക്കൗണ്ടിലേക്കാണ് അയച്ചത്. ഇതില്‍നിന്നാണ് എഇഒമാര്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക വീതംവെച്ചത്. മൂന്നുമാസത്തേക്കുള്ള ചെലവിന്റെ 80 ശതമാനം എന്ന പേരില്‍ അനുവദിച്ച ഈ തുക യഥാര്‍ഥ ചെലവിന്റെ അടുത്തൊന്നും എത്തില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലാക്കുന്ന തരത്തിലായിരുന്നു തുടക്കംമുതല്‍ സര്‍ക്കാര്‍ നിലപാട്. എല്ലാമാസവും ഒന്നിന് ഉച്ചക്കഞ്ഞിക്കുള്ള തുക മുന്‍കൂറായി പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍ ജൂലൈ തീരാറായപ്പോള്‍ മാത്രമാണ് തുക അനുവദിച്ചത്. ഉച്ചക്കഞ്ഞിക്കുള്ള അരി മാത്രമേ സര്‍ക്കാര്‍ നല്‍കൂ എന്ന മുന്‍ ഉത്തരവില്‍ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം മാറ്റംവരുത്തി. ജൂലൈ മാസം അരിയും പയറും സിവില്‍സപ്ലൈസ് സ്റ്റോറുകളില്‍നിന്ന് ലഭിക്കും എന്നാണ് പുതിയ ഉത്തരവ്. ഇതിറങ്ങിയതാകട്ടെ ജൂലൈ 20നും. ഈ മാസം ഇനി ഏഴ് പ്രവൃത്തി ദിവസം മാത്രമാണുള്ളത് എന്നിരിക്കെ ഈ ഉത്തരവ് ഫലത്തില്‍ വിദ്യാലയങ്ങള്‍ക്ക് പ്രയോജനംചെയ്യില്ല. മൂന്നുമാസത്തെ ഉച്ചക്കഞ്ഞിക്കുള്ള ചെലവായി വളരെ കുറച്ചുമാത്രം ഫണ്ട് അനുവദിച്ച സര്‍ക്കാര്‍ കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയെക്കുറിച്ച് ഒന്നും പറയുന്നില്ല. ആറുമാസത്തോളം മുട്ട വിതരണംചെയ്തതിന്റെ ചെലവും സ്കൂളുകള്‍ക്ക് നല്‍കാനുണ്ട്. പുതിയ അധ്യയനവര്‍ഷം ആരംഭിച്ച് ഇത്ര ദിവസമായിട്ടും ബഹുഭൂരിപക്ഷം സ്കൂളിലും മുട്ടയും പാലും ഇതുവരെ വിതരണം തുടങ്ങിയിട്ടുമില്ല.
deshabhimani 230712
Subscribe to:
Post Comments (Atom)
No comments:
Post a Comment