Sunday, July 1, 2012
ലക്ഷ്യമിട്ടത് പിണറായി ഉള്‍പ്പെടെ 3 നേതാക്കളെ
ഇ പി ജയരാജനു പുറമെ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയും അപായപ്പെടുത്താന്‍ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം നടന്നു. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളുടെ ജീവനെടുക്കാന്‍ തോക്കും പണവും നല്‍കി അയച്ച കെ സുധാകരന്റെ കൊടിയ ക്രിമിനല്‍ മുഖമാണ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കും. കേവലം ഒരു രാഷ്ട്രീയ തിരിച്ചടി മാത്രമായിരുന്നില്ല സുധാകരന്‍ ലക്ഷ്യമിട്ടത്. കേരളത്തിലെ മുതിര്‍ന്ന സിപിഐ എം നേതാക്കളെ കൂട്ടമായോ അവരില്‍ ആരെയെങ്കിലുമോ വധിക്കുക; ഒപ്പം കണ്ണൂര്‍ ജില്ലയിലാകെ കലാപം അഴിച്ചുവിടുക ഇതായിരുന്നു പദ്ധതി. ഈ ലക്ഷ്യത്തോടെ സുധാകരന്റെ വീട്ടില്‍ ആരംഭിച്ച ഗൂഢാലോചന തിരുവനന്തപുരത്തും ഡല്‍ഹിയിലും തുടര്‍ന്നു. നേതാക്കളെ പിന്തുടര്‍ന്ന വാടകക്രിമിനലുകളുടെ കൈയില്‍ പെട്ടത് അന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജന്‍ മാത്രം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായിരുന്ന പിണറായിയും കോടിയേരിയും മറ്റൊരു ട്രെയിനിലായതുകൊണ്ടാണ് രക്ഷപ്പെട്ടത്.
ചണ്ഡീഗഢില്‍ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ 1995 ഏപ്രില്‍ 12ന് രാവിലെ 10.20നാണ് രാജധാനി എക്സ്പ്രസില്‍ ബപറ്റ്ല-ചിരാല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍വച്ച് ഇ പിയെ വെടിവച്ചത്. വാഷ്ബേസിനില്‍ മുഖം കഴുകവെ ഒന്നാംപ്രതി വിക്രംചാലില്‍ ശശിയാണ് വെടിവച്ചത്. രണ്ടാംപ്രതി പേട്ട ദിനേശന്‍ ശശിക്ക് ആയുധങ്ങളുമായി സംരക്ഷണം നല്‍കി. കഴുത്തില്‍ വെടിയേറ്റ ജയരാജന്റെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അന്നുതന്നെ ചെന്നൈയില്‍വച്ച് നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് ശശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ടി പി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും പ്രതികള്‍. ആന്ധ്ര ഗവണ്‍മെന്റില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് സുധാകരന്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടത്. ഇ പി ജയരാജന്‍ ആന്ധ്രയിലെ ഓംഗോള്‍, തിരുവനന്തപുരം വഞ്ചിയൂര്‍ കോടതികളില്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായങ്ങളില്‍ സുധാകരന്‍ പ്രതിയാണ്.
അന്വേഷണം വേണം: പിണറായി
ഇ പി ജയരാജന്‍ വധശ്രമം, സേവറി നാണുവിന്റെ കൊലപാതകം, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ് ആക്രമണം തുടങ്ങിയവ സംബന്ധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ ഉടന്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് ഇതിനാവശ്യമായ നടപടിയെടുക്കണം. കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങളില്‍ സുധാകരന്റെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിനോട് കെപിസിസിയും കോണ്‍ഗ്രസ് ദേശീയനേതൃത്വവും പ്രതികരിക്കണമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജയരാജന്‍ വധശ്രമത്തില്‍ സുധാകരന്റെ പങ്ക് നേരത്തെ വ്യക്തമായതാണെന്ന് പിണറായി പറഞ്ഞു. ജയരാജനെ വെടിവച്ചവര്‍ പിടിയിലായപ്പോള്‍ത്തന്നെ സുധാകരന്റെയും എം വി രാഘവന്റെയും പങ്കാളിത്തം പുറത്തുവന്നിരുന്നു. അന്ന് കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സുധാകരനെ രക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. ഇപ്പോള്‍ ഈ കേസില്‍ പുതിയ തെളിവ് വന്നിരിക്കുകയാണ്.
കണ്ണൂര്‍ നഗരത്തിലെ സേവറി ഹോട്ടലിനുനേരെ ആക്രമണം നടത്തി നാണു എന്ന തൊഴിലാളിയെ ബോംബെറിഞ്ഞു കൊല്ലുകയായിരുന്നു. അതിന്റെ തലേന്നാണ് കണ്ണൂര്‍ സഹകരണ പ്രസ് ആക്രമിച്ചത്. ആക്രമണത്തിന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നത് താനാണെന്ന് പ്രശാന്ത്ബാബു വെളിപ്പെടുത്തിയിരിക്കുന്നു. എറണാകുളത്തും തൃപ്രയാറിലും നിന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്ത ഇവര്‍ തുടര്‍ന്ന് ആക്രമണം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ക്വട്ടേഷന്‍സംഘം തമ്പടിച്ചത് മുമ്പും വിവാദമായിരുന്നു. ഇവരെ പൊലീസ് പിടിച്ചെങ്കിലും സുധാകരന്‍ ബഹളമുണ്ടാക്കി മോചിപ്പിച്ചു. മറ്റൊരു കേസിന്റെ പേരില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്നെ നാണുവധക്കേസില്‍ പ്രതിയാക്കിയെന്നും ഹാജരാക്കിയപ്പോഴാണ് പ്രതിയായ കാര്യം അറിഞ്ഞതെന്നും പ്രശാന്ത്ബാബു പറയുന്നു. പൊലീസ് ഓഫീസര്‍ നിസ്സഹായത പ്രകടിപ്പിച്ചതായും പറഞ്ഞിട്ടുണ്ട്. നാണു വധക്കേസില്‍ പ്രതികളെ ഏര്‍പ്പാട് ചെയ്തുകൊടുത്തു എന്നാണിത് വ്യക്തമാക്കുന്നത്. സുധാകരന്‍ പറഞ്ഞതിനപ്പുറം പൊലീസ് ഉദ്യോഗസ്ഥന് ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. കേസ് വിട്ടുപോയി. നാണുവധക്കേസിലുള്‍പ്പെടെ യഥാര്‍ഥ കുറ്റവാളികള്‍ കേസില്‍ വന്നിട്ടുപോലുമില്ല. പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍വരെ കേസെടുക്കുന്ന കാലമാണിത്. സ്വന്തം നേതാവിനെക്കുറിച്ച് അനുയായിയുടെ വെളിപ്പെടുത്തല്‍പ്രകാരം അന്വേഷണം നടത്തണം. കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സുധാകരന്റെ പങ്ക് കെപിസിസിക്ക് നേരത്തേ ബോധ്യമായതാണ്. എന്നിട്ടും രക്ഷിക്കുന്ന നിലപാടെടുത്തു. ഇനിയും രക്ഷിക്കാനാണ് ഭാവമെങ്കില്‍ തുറന്നുപറയണം.
പ്രശാന്ത്ബാബുവിന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. നേരത്തേ ഡിസിസി അംഗമായിരുന്ന പുഷ്പരാജന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദരിയുമായുള്ള സുധാകരന്റെ ബന്ധം സംബന്ധിച്ച് മനോവേദനയില്‍ പരസ്യമായി ആക്ഷേപം ഉന്നയിച്ചതിന് പുഷ്പരാജന്റെ രണ്ടുകാലും തല്ലിയൊടിച്ചു. പ്രശാന്ത്ബാബു അപകടത്തിലാകുമെന്നുറപ്പാണെന്നും അയാളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രശാന്ത്ബാബുവിനെ സിപിഐ എം ഉപകരണമാക്കിയെന്ന സുധാകരന്റെ ആക്ഷേപം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അയാള്‍ക്ക് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പിണറായി പറഞ്ഞു.
സുധാകരനെ അറസ്റ്റുചെയ്യണം: ഇ പി
നീലേശ്വരം: വന്‍ ഗൂഢാലോചനയാണ് 1995ലെ ഓങ്കോള്‍ വെടിവയ്പിന് പിന്നില്‍ നടന്നതെന്നും അതിന് ദൃക്സാക്ഷിയായ കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.
പിണറായി വിജയനെ കൊന്ന് കേരളത്തിലെ പാര്‍ടിയെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പിണറായിയെ കിട്ടിയില്ലെങ്കില്‍ കോടിയേരിയേയൊ ഇ പി ജയരാജനേയൊ കൊല്ലണമെന്നാണ് ക്വട്ടേഷന്‍ സംഘത്തോട് ഇവര്‍ പറഞ്ഞത്. തങ്ങള്‍ക്ക് തോക്ക് തന്നുവിട്ടത് സുധാകരനും എം വി രാഘവനുമാണെന്ന് പിടിയിലായ പ്രതികള്‍ പൊലീസില്‍ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ നടാലിലെ വീട്ടിലാണ് ആദ്യ ഗൂഢാലോചന നടന്നതെന്നാണ് ദീര്‍ഘകാലം സുധാകരന്റെ ഡ്രൈവറായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്. അഡ്വ. ടി പി ഹരീന്ദ്രനും സിഎംപിയുടെ മറ്റൊരു ഉന്നതനും ഗൂഢാലോചനയില്‍ പങ്കെടുത്തു. പ്രസംഗത്തിന്റെ പേരില്‍പോലും കൊലക്കുറ്റത്തിന് കേസെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍, കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലില്‍ എന്തു നടപടി സ്വീകരിക്കുമെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
തെളിവ് പുറത്തുവിട്ട പ്രശാന്ത് ബാബുവിന്റെ ജീവന്‍ അപായപ്പെടുമോയെന്ന് ആശങ്കയുണ്ട്. സുധാകരനെതിരെ പ്രതികരിച്ചവരെയെല്ലാം ക്രൂരമായി ആക്രമിച്ച അനുഭവമാണുള്ളത്. ഡിസിസി സെക്രട്ടറി പുഷ്പരാജിന്റെ രണ്ടു കാലും അടിച്ചൊടിച്ച് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയത് സുധാകരനാണ്. തന്റെ സഹോദരിയെ തടങ്കലില്‍വച്ച് സുധാകരന്‍ പീഡിപ്പിക്കുകയാണെന്ന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതിനാണ് പുഷ്പരാജിന്റെ ഓട്ടോറിക്ഷ കത്തിച്ച് കാല്‍ തല്ലിയൊടിച്ചത്. നടാല്‍ ഭാഗത്ത് മുമ്പുകണ്ട ചില അനാഥ മൃതദേഹങ്ങള്‍ ഇത്തരത്തിലുള്ളതാണെന്ന സംശയം നേരത്തേ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് സത്യം വിളിച്ചുപറഞ്ഞ പ്രശാന്ത്ബാബുവിന് പൊലീസ് സംരക്ഷണം നല്‍കണം. ഇയാളെ ആക്രമിച്ച് അത് സിപിഐ എമ്മിന്റെ തലയിലിടാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രശാന്ത്ബാബു സിപിഐ എം തടങ്കലിലാണെന്ന സുധാകരന്റെ പ്രസ്താവന ഇതിനുള്ള നീക്കമാണ്. ഇയാള്‍ക്ക് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല.
കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ കൊന്നതും കോ- ഓപ്പറേറ്റീവ് പ്രസില്‍ കയറി ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ചതും സുധാകരന്‍ പറഞ്ഞിട്ടാണെന്നാണ് പ്രശാന്ത്ബാബു വെളിപ്പെടുത്തിയത്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ വ്യാജ പ്രതികളെ ഹാജരാക്കുകയായിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംപിയുമായ സുധാകരന്റെ നടപടികളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായം വ്യക്തമാക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.
അന്വേഷണം വേണം: കോടിയേരി
കണ്ണൂര്‍: പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇ പി ജയരാജനെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത് സുധാകരനാണെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഗൂഢാലോചന നടത്തിയതും പ്രതികള്‍ക്ക് പണം നല്‍കിയതും സുധാകരനാണെന്ന് അന്നേ വെളിപ്പെട്ടതാണ്. ചെന്നൈ പൊലീസ് കേസെടുത്തെങ്കിലും അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണി ഇടപെട്ട് കേസ് തേച്ചുമായ്ച്ച് കളയുകയായിരുന്നു. ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത്ബാബു കോണ്‍ഗ്രസ് നേതാവും സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രശാന്ത്ബാബുവിന് സംരക്ഷണം നല്‍കണം.
ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവര്‍ വെളിപ്പെടുത്തി എന്നാരോപിച്ച് പിഐ എം നേതാക്കളെ അറസ്റ്റ്ചെയ്യുന്ന പൊലീസ് ഇവിടെ ഇരട്ടത്താപ്പ് കാട്ടരുത്. കേരളത്തില്‍ ആഭ്യന്തരവകുപ്പ് രണ്ട് നീതിയാണ് നടപ്പാക്കുന്നത്.
കണ്ണൂരില്‍ സേവറി ഹോട്ടലിന് ബോംബെറിഞ്ഞ് നാണുവിനെ കൊലപ്പെടുത്തിയത്, സഹകരണ പ്രസില്‍ ബോംബെറിഞ്ഞ് പ്രശാന്തനെ മാരകമായി പരിക്കേല്‍പ്പിച്ചത് തുടങ്ങിയവയെല്ലാം സുധാകരന്റെ ഗൂഢാലോചനയില്‍ നടന്നതാണ്. കൂത്തുപറമ്പില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലാന്‍ അന്നത്തെ ഡിവൈഎസ്പി ഹക്കീംബത്തേരിയുമായി ചേര്‍ന്ന് സുധാകരനാണ് ഗൂഢാലോചന നടത്തിയതെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം-കോടിയേരി ആവശ്യപ്പെട്ടു.
deshabhimani 010712
Labels:
കണ്ണൂര്‍,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
ഇ പി ജയരാജനു പുറമെ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയും അപായപ്പെടുത്താന്‍ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം നടന്നു. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളുടെ ജീവനെടുക്കാന്‍ തോക്കും പണവും നല്‍കി അയച്ച കെ സുധാകരന്റെ കൊടിയ ക്രിമിനല്‍ മുഖമാണ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കും. കേവലം ഒരു രാഷ്ട്രീയ തിരിച്ചടി മാത്രമായിരുന്നില്ല സുധാകരന്‍ ലക്ഷ്യമിട്ടത്. കേരളത്തിലെ മുതിര്‍ന്ന സിപിഐ എം നേതാക്കളെ കൂട്ടമായോ അവരില്‍ ആരെയെങ്കിലുമോ വധിക്കുക; ഒപ്പം കണ്ണൂര്‍ ജില്ലയിലാകെ കലാപം അഴിച്ചുവിടുക ഇതായിരുന്നു പദ്ധതി.
ReplyDelete