Sunday, July 1, 2012

ക്ഷേത്രപ്രവേശനം സിപിഐ എം സമരത്തെ തുടര്‍ന്ന് മുത്താലമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം: ദളിതര്‍ പങ്കെടുത്തു


വര്‍ഷങ്ങള്‍ നീണ്ട സമരത്തെ തുടര്‍ന്ന് മധുര മുത്താലമ്മന്‍ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേകത്തില്‍ ദളിതര്‍ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന കുംഭാഭിഷേകത്തില്‍ ആയിരത്തോളം ദളിതരാണ് പങ്കെടുത്തത്. പരിപാടിയില്‍ സിപിഐ എമ്മിന്റേയും അയിത്ത വിരുദ്ധമുന്നണിയുടേയും നേതാക്കളും പങ്കെടുത്തു.

മധുര ജില്ലയില്‍ പേരയൂര്‍ താലൂക്കിലാണ് ഉത്തപുരം ഗ്രാമത്തിലാണ് ക്ഷേത്രം. മധുരയില്‍ നിന്നും 52 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. ഏതാനും വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ കുംഭാഭിഷേകത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. 1948 മുതല്‍ ദളിതരും ഉയര്‍ന്ന ജാതിക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 1948ലും 1964ലും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇരുവിഭാഗവും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. 1989 ല്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ദളിതരെ ഭീകരമായി മര്‍ദിച്ചു. തുടര്‍ന്ന് 131 പേരെ അറസ്റ്റ് ചെയ്തതില്‍ അധികവും ദളിതരായിരുന്നു. പാരമ്പര്യമായി ദളിതര്‍ ആല്‍മരത്തില്‍ കറുപ്പുതുണി കെട്ടി കറുപ്പുസ്വാമിയെ പ്രാര്‍ഥിക്കുന്നത് തടഞ്ഞു. ക്ഷേത്രത്തിലേക്കുള്ള വഴിയും സവര്‍ണര്‍ അടച്ചു. അരനൂറ്റാണ്ടിലേറെ പഴക്കമുളള ക്ഷേത്രമാണിത്. നേരത്തെ സവര്‍ണ വിഭാഗവും ദളിതരും ഒന്നിച്ചായിരുന്നു ഉത്സവം നടത്തിയിരുന്നത്. ക്ഷേത്ത്രിന്റെ അവകാശം സംബന്ധിച്ച് 1989 ല്‍ ദളിതരെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ച് ക്ഷേത്രം കൈയ്യടക്കാനും സവര്‍ണര്‍ ശ്രമിച്ചു. അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത് അഞ്ച് ദളിതുകളും ബാക്കി 22 പേര്‍ ഉയര്‍ന്ന ജാതിക്കാരുമായിരുന്നു. ഇവര്‍ ഭീഷണിപ്പെടുത്തിയാണ് ഒപ്പിടിവിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദളിതര്‍ കയറാതിരിക്കാന്‍ മതില്‍ കെട്ടി. 1989 ല്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 89 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ദളിതര്‍ മരിക്കുകയും ചെയ്തു. അലങ്കാരം, വെളിച്ചം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 2008 മുതല്‍ ക്ഷേത്രം പൊലീസ് കാവലിലായിരുന്നു. അയിത്ത മതില്‍ 2008 ഏപ്രില്‍ 30 ന് പ്രകാശ് കാരാട്ടിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു.

സിപിഐ എമ്മിന്റെയും പാര്‍ടി നേതൃത്വത്തിലുള്ള തീണ്ടാമൈ ഒഴുപ്പു മുന്നണിയുടേയും നീണ്ടകാല സമരത്തെ തുടര്‍ന്നാണ് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശം ലഭിക്കുന്നത്.2011 ജനുവരി 31 ന് മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം സമരം നടത്തി. തുടര്‍ന്ന് മൂന്ന് ഭാഗങ്ങളിലായി മൂവായിരത്തോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ സമരങ്ങളെ തുടര്‍ന്ന് 2011 ഒക്ടോബര്‍ 20ന് എസ്പിയുടെ നേതൃത്വത്തില്‍ കരാര്‍ ഉണ്ടാക്കി. 2012 മാര്‍ച്ചില്‍ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കണമെന്നുള്ള കോടതി ഉത്തരവ് വന്നു. ഇതിന്റെ തുടര്‍ന്നാണ് വെള്ളിയാഴ്ച കുംഭാഭിഷേകം നടന്നത്. മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാത്തതിനെതിരെ സിപിഐ എമ്മും തീണ്ടാമൈ ഒഴുപ്പു മുന്നണിയും മധുര ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്നാണ് ദളിതര്‍ക്ക് ഇപ്പോള്‍ പ്രശേനമുണ്ടായത്. കുംഭാഭിഷേകത്തില്‍ തീണ്ടാമൈ ഒഴുപ്പുമുന്നണി മധുര ജില്ലാ സെക്രട്ടറി എം തങ്കരാജ്, സംസ്ഥാന ഭാരവാഹിയായ എസ് കെ പൊന്നുത്തായി, തമിഴ്നാട് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ചെല്ലക്കണ്ണ്, അവിഭാഷകരായ യു നിര്‍മലാമണി, രാജ്കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുത്തുറാണി. സുരക്ഷയുടെ ഭാഗമായി മധുര എസ്പി ബാലകൃഷ്ണന്‍, ഉസിലംപെട്ടി ഡിവൈഎസ്പി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 500 ലധികം പൊലീസിനേയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

deshabhimani 010712

1 comment:

  1. വര്‍ഷങ്ങള്‍ നീണ്ട സമരത്തെ തുടര്‍ന്ന് മധുര മുത്താലമ്മന്‍ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേകത്തില്‍ ദളിതര്‍ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന കുംഭാഭിഷേകത്തില്‍ ആയിരത്തോളം ദളിതരാണ് പങ്കെടുത്തത്. പരിപാടിയില്‍ സിപിഐ എമ്മിന്റേയും അയിത്ത വിരുദ്ധമുന്നണിയുടേയും നേതാക്കളും പങ്കെടുത്തു.

    ReplyDelete