Sunday, July 1, 2012

മൊഴികളെന്ന പേരിലുള്ള വാര്‍ത്തകള്‍ കള്ളം: പി മോഹനന്‍


പൊലീസിന് മുന്നില്‍ താനൊരു കുറ്റസമ്മതവും നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ വരുന്ന മൊഴികള്‍ സത്യമല്ലെന്നും സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്‍ അറിയിച്ചു. ശനിയാഴ്ച അഭിഭാഷകന്‍ സന്ദര്‍ശിച്ചപ്പോഴാണ് വധവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നും താനൊന്നും പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും പി മോഹനന്‍ വ്യക്തമാക്കിയത്. കേസില്‍ അറസ്റ്റിലായ കെ സി രാമചന്ദ്രന്‍, പി കെ കുഞ്ഞനന്തന്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ചു, ഗൂഢാലോചന അറിയാമെന്ന് സമ്മതിച്ചു എന്നെല്ലാം മോഹനന്‍ മൊഴി നല്‍കിയതായാണ് ശനിയാഴ്ച മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. നേരത്തെ ഈ കേസില്‍ മൊഴികളായി വന്ന വാര്‍ത്തകള്‍ പടയങ്കണ്ടി രവീന്ദ്രന്‍, സി എച്ച് അശോകന്‍, ടി കെ രജീഷ് എന്നിവരും നിഷേധിച്ചിരുന്നു. തെറ്റായതും പറയാത്തതുമായ മൊഴിയാണ് വാര്‍ത്തകളായി നല്‍കുന്നതെന്ന് ഇവര്‍ കോടതിയില്‍ സത്യവാങ്മൂലവും കൊടുത്തിട്ടുണ്ട്. പി മോഹനന്‍ അറസ്റ്റിലായി നിമിഷങ്ങള്‍ക്കകം മൊഴികളെന്നവിധം ചാനലുകള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും കോഴിക്കോടാണ് കേന്ദ്രമെന്നുമെല്ലാം മൊഴിനല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.

പി മോഹനനെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷക സാന്നിധ്യമാകാം

വടകര: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെ പൊലീസ് ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകസാന്നിധ്യം അനുവദിച്ച് കോടതി ഉത്തരവായി. എന്നാല്‍ മുഴുവന്‍സമയവും അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ല. അഭിഭാഷകന് ഏതുസമയത്തും മോഹനനെ സന്ദര്‍ശിക്കാമെന്ന് വടകര മജിസ്ട്രേറ്റ് എം ഷുഹൈബ് ഉത്തരവില്‍ വ്യക്തമാക്കി. ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കാനാവശ്യപ്പെട്ട് അഡ്വ. കെ എം രാംദാസ് മുഖേന മോഹനന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകസാന്നിധ്യം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി അംഗീകരിച്ചാണ് കോടതിവിധി. കോടതി ഉത്തരവിനെ തുടര്‍ന്ന് രാംദാസ് ശനിയാഴ്ച ഉച്ചക്ക് വടകര പുതുപ്പണത്തെ പ്രത്യേകാന്വേഷണസംഘത്തിന്റെ ക്യാമ്പിലെത്തി മോഹനനെ സന്ദര്‍ശിച്ചു. ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. മോഹനനെ വെള്ളിയാഴ്ച രാവിലെയാണ് പൊലീസ്് അറസ്റ്റുചെയ്തത്.

deshabhimani 010712

1 comment:

  1. പൊലീസിന് മുന്നില്‍ താനൊരു കുറ്റസമ്മതവും നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ വരുന്ന മൊഴികള്‍ സത്യമല്ലെന്നും സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്‍ അറിയിച്ചു. ശനിയാഴ്ച അഭിഭാഷകന്‍ സന്ദര്‍ശിച്ചപ്പോഴാണ് വധവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നും താനൊന്നും പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും പി മോഹനന്‍ വ്യക്തമാക്കിയത്.

    ReplyDelete