Monday, July 2, 2012

റെയില്‍വേ പാര്‍ക്കിങ് ഫീസ് വര്‍ധന: ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളി


സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും. ഒറ്റയടിക്ക് 70 ശതമാനത്തിലധികമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഞായറാഴ്ചമുതല്‍ പുതുക്കിയ നിരക്ക് ഈടാക്കി തുടങ്ങി. പല സ്റ്റേഷനിലും നിയമാനുസൃതമല്ല ഫീസ് ഈടാക്കുന്നത്.

പാര്‍ക്കിങ്ങിന് ഷെല്‍ട്ടര്‍ നിര്‍ബന്ധമായും വേണമെന്നും വാഹന ഉടമസ്ഥര്‍ക്ക് കംപ്യൂട്ടറൈസ്ഡ് ബില്‍ നല്‍കണമെന്നും നിയമമുണ്ടെങ്കിലും ഇതൊന്നും പാലിക്കാറില്ല. തിരുവനന്തപുരം ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകളില്‍ ഷെല്‍ട്ടര്‍ ഇല്ലാതെയാണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. കംപ്യൂട്ടറൈസ്ഡ് ബില്ലുകള്‍ക്കുപകരം രസീതാണ് നല്‍കുന്നത്. കംപ്യൂട്ടറൈസ്ഡ് ബില്ലുകളില്‍ വാഹനം വയ്ക്കുന്ന സമയവും എടുക്കുന്ന സമയവും നമ്പറുമെല്ലാം രേഖപ്പെടുത്തണമെന്നുണ്ട്. പണമടച്ച് പാര്‍ക്കിങ്ങിന് നല്‍കിയ വാഹനം മോഷണം പോയ സന്ദര്‍ഭങ്ങളില്‍ കരാറുകാരന്‍ കൈമലര്‍ത്തുകയാണ് പതിവ്. വാഹനം നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണ്. വാഹനം നഷ്ടപ്പെട്ടതായുള്ള പരാതികള്‍ കോടതിയിലെത്തിയാല്‍ വാഹനം ഉടമസ്ഥന്‍ ഹാജരാക്കിയ രസീത് വ്യാജമാണെന്നും തങ്ങള്‍ നല്‍കിയതല്ലെന്നും കരാറുകാര്‍ വാദിക്കും. ഇത്തരം സാഹചര്യത്തില്‍ രക്ഷപ്പെടാനാണ് കരാറുകാര്‍ നിയമാനുസൃതം കംപ്യൂട്ടറൈസ്ഡ് ബില്‍ നല്‍കാതെ കടലാസ് രസീതുകള്‍ നല്‍കുന്നത്. ഇത്തരം പരാതികള്‍ റെയില്‍വേയ്ക്ക് നിരവധിതവണ ലഭിച്ചിട്ടുണ്ടെങ്കിലും കരാറുകാര്‍ക്ക് അനുകൂലമായ നടപടിയാണ് റെയില്‍വേ കൈക്കൊണ്ടതെന്ന് പരാതിയുണ്ട്.

കരാറുകാരന് 1500 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് പാര്‍ക്കിങ്ങിന് അനുവദിക്കുന്നതെങ്കില്‍ ആ സ്ഥലത്ത് വാഹനം വയ്ക്കുന്നതിനുമാത്രമേ ഫീസ് ഈടാക്കാവൂ. എന്നാല്‍, സ്റ്റേഷന്‍ പരിസരത്ത്എവിടെ വാഹനം വച്ചാലും ഫീസ് ഈടാക്കുന്ന സ്ഥിതിയുണ്ട്. സൈക്കിള്‍മുതല്‍ ആഡംബര കാര്‍ വരെയുള്ളവയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഡിവിഷണല്‍ മാനേജരാണ് ഫീസ് വര്‍ധന തീരുമാനിച്ചത്. എ, എ വണ്‍ ഗ്രേഡ് സ്റ്റേഷനുകളിലാണ് വന്‍വര്‍ധന. തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളാണ് തിരുവനന്തപുരം ഡിവിഷനില്‍ എ, എ വണ്‍ ഗ്രേഡിലുള്ളത്. മറ്റു ചെറിയ സ്റ്റേഷനുകളിലും വര്‍ധനയുണ്ട്. ടെന്‍ഡര്‍ വിളിക്കാതെ നിലവിലുള്ള കരാറുകാര്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ റെയില്‍വേ അനുമതി നല്‍കി. പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിന് ന്യായീകരണമില്ലെന്ന് എ സമ്പത്ത് എംപി പറഞ്ഞു. ഒരു സൗകര്യവും വര്‍ധിപ്പിക്കാതെയാണ് ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധന അടിയന്തരമായി പിന്‍വലിക്കാന്‍ റെയില്‍വേ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 010712

1 comment:

  1. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും. ഒറ്റയടിക്ക് 70 ശതമാനത്തിലധികമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഞായറാഴ്ചമുതല്‍ പുതുക്കിയ നിരക്ക് ഈടാക്കി തുടങ്ങി. പല സ്റ്റേഷനിലും നിയമാനുസൃതമല്ല ഫീസ് ഈടാക്കുന്നത്.

    ReplyDelete