Monday, July 2, 2012

കലാമിന്റെ സോണിയ പരാമര്‍ശം ദുഃഖകരമെന്ന് എന്‍ഡിഎ


സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലായിരുന്നെന്ന മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ പരാമര്‍ശം ദുഃഖകരമാണെന്ന് എന്‍ഡിഎ കണ്‍വീനര്‍ ശരദ് യാദവ് പറഞ്ഞു. "ടേണിങ് പോയിന്റ്" എന്ന തന്റെ പുതിയ പുസ്തകത്തിലാണ് കലാമിന്റെ വിവാദപരാമര്‍ശം.

എന്‍ഡിഎ പിന്തുണയോടെയാണ് കലാം രാഷ്ട്രപതിയായത്. 2004ലെ തെരഞ്ഞെടുപ്പിനുശേഷം സോണിയ പ്രധാനമന്ത്രിയാകുന്നതില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ അവരെ പ്രധാനമന്ത്രിയാക്കാന്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്ന കലാമിന്റെ പ്രസ്താവന അംഗീകരിക്കാവുന്നതല്ല. ഭരണഘടനാപരമായി ആവശ്യമുള്ള സമയത്താണ് രാഷ്ട്രത്തലവന്‍ അഭിപ്രായം പറയേണ്ടത്. എട്ടുവര്‍ഷം കഴിഞ്ഞുള്ള വെളിപ്പെടുത്തല്‍ അനൗചിത്യമാണ്. മനഃസാക്ഷി പറയുന്ന കാര്യങ്ങള്‍ വൈകി വെളിപ്പെടുത്തുന്നത് ശരിയല്ല. അത് വിസര്‍ജനംപോലെയാണ്. രാഷ്ട്രപതിഭവനെ വഞ്ചിക്കുകയാണ് അബ്ദുള്‍കലാം ചെയ്തതെന്നും ശരദ് യാദവ് പറഞ്ഞു.

വിദേശപൗരത്വത്തിന്റെ പേരില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ അന്ന് രാഷ്ട്രപതിയായിരുന്ന അബ്ദുള്‍കലാം സോണിയയെ പിന്തിരിപ്പിച്ചുവെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, തനിക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും സോണിയയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ രാഷ്ട്രപതിഭവന്‍ തയ്യാറായിരുന്നുവെന്നുമാണ് കലാം തന്റെ ഓര്‍മക്കുറിപ്പുകളില്‍ പറയുന്നത്. സോണിയയെ പ്രധാനമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി ഇ മെയിലുകളും കത്തുകളും വന്നു. നിരവധി രാഷ്ട്രീയനേതാക്കള്‍ നേരിട്ടുകണ്ടും ആവശ്യപ്പെട്ടു. പക്ഷേ, ഭരണഘടനാപരമായി അതൊന്നും നിലനില്‍ക്കുന്നതായിരുന്നില്ല. അതിനാല്‍ സോണിയയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ നിശ്ചയിക്കുകയായിരുന്നു.

മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയായി നിശ്ചയിച്ചുള്ള കത്ത് സോണിയ നല്‍കിയപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്ന് അബ്ദുള്‍കലാം പറയുന്നു. 2005ല്‍ ബിഹാര്‍ നിയമസഭ പിരിച്ചുവിട്ടുള്ള തന്റെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയപ്പോള്‍ രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും കലാം പുസ്തകത്തില്‍ പറയുന്നു. മോസ്കോയിലുള്ളപ്പോഴാണ് ബിഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ച വിവരം അറിയിച്ചത്. ഇതിന്റെ അത്യാവശ്യം എന്താണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ചോദിച്ചിരുന്നു. പിന്നീട് കോടതിയില്‍ കേസ് വന്നപ്പോള്‍ യുപിഎ സര്‍ക്കാര്‍ ശരിയായ രീതിയില്‍ കേസ് വാദിച്ചില്ലെന്നും കലാം പറഞ്ഞു.

deshabhimani 020712

1 comment:

  1. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലായിരുന്നെന്ന മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ പരാമര്‍ശം ദുഃഖകരമാണെന്ന് എന്‍ഡിഎ കണ്‍വീനര്‍ ശരദ് യാദവ് പറഞ്ഞു. "ടേണിങ് പോയിന്റ്" എന്ന തന്റെ പുതിയ പുസ്തകത്തിലാണ് കലാമിന്റെ വിവാദപരാമര്‍ശം.

    ReplyDelete