Thursday, July 5, 2012

പിറവം പണപ്പിരിവിനെച്ചൊല്ലി ജേക്കബ് ഗ്രൂപ്പില്‍ വാഗ്വാദം


പിറവം ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ പിരിച്ചുകൂട്ടിയ ലക്ഷക്കണക്കിനു രൂപ പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അടിച്ചുമാറ്റിയതായി പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ ആരോപണം. ആരോപണം ഉന്നയിച്ചയാള്‍ കോട്ടയത്തെ റേഷന്‍ മൊത്തവില്‍പ്പനക്കാരനില്‍നിന്ന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ജോണി നെല്ലൂര്‍ വിഭാഗം. ആരോപണ പ്രത്യാരോപണങ്ങളെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നിര്‍വാഹക സമിതിയോഗത്തില്‍ രൂക്ഷമായ വാദപ്രതിവാദം. കുറച്ചുകാലമായി പാര്‍ടിയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് ഇതോടെ രൂക്ഷമായി.

മന്ത്രി അനൂപ് ജേക്കബിന്റെ ഔദ്യോഗികവസതിയില്‍ കൂടിയ യോഗത്തിലാണ് ജോണി നെല്ലൂര്‍ പിരിച്ച തുക കണക്കില്‍ വന്നിട്ടില്ലെന്ന് കോട്ടയത്തുനിന്നുള്ള ജനറല്‍ സെക്രട്ടറി പറഞ്ഞത്. റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായ ജോണി നെല്ലൂര്‍ റേഷന്‍കട ഉടമകളില്‍നിന്ന് 2000 രൂപവരെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് സംഭാവന വാങ്ങിയെന്നും അങ്ങിനെ ലഭിച്ച 60 ലക്ഷത്തിലേറെ രൂപ അടിച്ചുമാറ്റിയെന്നുമായിരുന്നു ആരോപണം. എന്നാല്‍, അജന്‍ഡയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാവില്ലെന്നു പറഞ്ഞ് ജോണി നെല്ലൂര്‍ ചര്‍ച്ച തടഞ്ഞതായി എതിര്‍ വിഭാഗം പറഞ്ഞു. പിറവം തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് കാര്യമായ പണം ചെലവായില്ലെന്നും പിരിച്ച തുകയില്‍ വലിയൊരുഭാഗം കണക്കില്‍ ചേര്‍ക്കാതെ ജോണി നെല്ലൂര്‍ അടിച്ചുമാറ്റിയയെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചെലവ് മുഴുവന്‍ മുന്നണിയാണ് വഹിച്ചതെന്നും ഈ നേതാക്കള്‍ പറയുന്നു.

അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച നേതാവ്കോട്ടയത്ത് റേഷന്‍ മൊത്തവില്‍പ്പനകേന്ദ്രം അനുവദിച്ചതു വഴി ഏതാണ്ട് 50 ലക്ഷത്തോളം രൂപ വാങ്ങിയെന്നാണ് ജോണി നെല്ലൂര്‍ ആരോപിക്കുന്നത്. ആരോപണം ഇനിയും ഉയര്‍ത്തിയാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാനാണ് നെല്ലൂരിന്റെ നീക്കമെന്നും അറിയുന്നു. അനൂപ് ജേക്കബിനെ പിന്തുണയ്ക്കുന്നവരും ജോണി നെല്ലൂരിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള ചേരിപ്പോര് പാര്‍ടിയില്‍ രൂക്ഷമാവുകയാണ്. സ്വന്തം നേട്ടത്തിന് അനൂപിനെ താഴ്ത്തിക്കെട്ടാനും പാര്‍ടിയെ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിപ്പിക്കുന്നതിനുമുള്ള ശ്രമമാണ് ജോണി നെല്ലൂര്‍ നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പാര്‍ടി ചെയര്‍മാനും മന്ത്രിക്കും പുറമെ ആറ് ജനറല്‍ സെക്രട്ടറിമാരും രണ്ട് വൈസ് ചെയര്‍മാന്‍മാരും ട്രഷററുമാണ് തിരുവനന്തപുരത്തെ യോഗത്തില്‍ പങ്കെടുത്തത്.

deshabhimani 040712

1 comment:

  1. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ പിരിച്ചുകൂട്ടിയ ലക്ഷക്കണക്കിനു രൂപ പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അടിച്ചുമാറ്റിയതായി പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ ആരോപണം. ആരോപണം ഉന്നയിച്ചയാള്‍ കോട്ടയത്തെ റേഷന്‍ മൊത്തവില്‍പ്പനക്കാരനില്‍നിന്ന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ജോണി നെല്ലൂര്‍ വിഭാഗം. ആരോപണ പ്രത്യാരോപണങ്ങളെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നിര്‍വാഹക സമിതിയോഗത്തില്‍ രൂക്ഷമായ വാദപ്രതിവാദം. കുറച്ചുകാലമായി പാര്‍ടിയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് ഇതോടെ രൂക്ഷമായി

    ReplyDelete