Wednesday, July 4, 2012

നോണ്‍ മാവേലി സാധനങ്ങള്‍ വാങ്ങിയതിലും വന്‍ അഴിമതി


നിലവാരം കുറഞ്ഞ ഇനങ്ങള്‍ "പ്രീമിയും ക്വാളിറ്റി" സാധനങ്ങളെന്ന പേരില്‍ വാങ്ങുന്നതിനു പുറമേ നോണ്‍ മാവേലി ഇനങ്ങളുടെ വാങ്ങലിലും സപ്ലൈകോയില്‍ വന്‍ കൊള്ള. വിതരണക്കാരില്‍ നിന്ന് കമീഷന്‍ ഈടാക്കി സാധനങ്ങള്‍ വാങ്ങിക്കുട്ടുന്നതു മൂലം, സബ്സിഡി ഇല്ലാതെ വില്‍ക്കുന്ന നോണ്‍ മാവേലി ഇനങ്ങള്‍ ഉപഭോക്താക്കളുടെ കീശ ചോര്‍ത്തും. ഡിപ്പൊ മാനേജര്‍, ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്), ജൂനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇന്‍സ്പെക്ഷന്‍) എന്നിവര്‍ക്കു പുറമേ തെരഞ്ഞെടുക്കപ്പെട്ട വില്‍പന കേന്ദ്രം മാനേജര്‍മാരും അടങ്ങുന്ന ഡിപ്പൊ മാനേജിങ്ങ് കമ്മിറ്റിക്കാണ് നോണ്‍ മാവേലി സാധനങ്ങള്‍ വാങ്ങുന്നതിന്റെ ചുമതല. സാധനങ്ങള്‍ വാങ്ങുന്നതിന്റെ തുക ഡിപ്പൊയില്‍നിന്നാണ് നല്‍കുന്നത്. ഇത് യഥാസമയം നല്‍കാന്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ കമീഷനാണ് സമിതി അംഗങ്ങള്‍ ഈടാക്കുന്നത്. പപ്പടം വിതരണം ചെയ്യുന്നവരില്‍ നിന്നുപോലും കമീഷന്‍ വാങ്ങുന്നുവെന്നാണ് ആക്ഷേപം. കമീഷന്‍തുക കണക്കാക്കിയാണ് കരാറുകാര്‍ സപ്ലൈകോയ്ക്ക് നോണ്‍മാവേലി സാധനങ്ങള്‍ നല്‍കുന്നത്. അതുകൊണ്ടു തന്നെ കായം, തീപ്പെട്ടി ചന്ദനത്തിരി തുടങ്ങിയ മിക്ക സാധനങ്ങള്‍ക്കും പൊതുവിപണയിലേക്കാള്‍ സപ്ലൈകോയില്‍ വില കൂടുതലാണ്. സ്റ്റേഷനറി സാധനങ്ങളിലെല്ലാം11 മുതല്‍ 50 ശതമാനം വരെ ലാഭമെടുത്താണ് സപ്ലൈകോയുടെ വില്‍പന. സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കരാറുകാരും ഉദ്യോഗസ്ഥരും നടത്തുന്ന ഒത്തുകളിയില്‍ കോടികള്‍ ചോരുന്നകാര്യം കഴിഞ്ഞദിവസം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെ, വലിയതുറ ഡിപ്പൊയില്‍ 90 ക്വിന്‍ല്‍ ഉഴുന്നു പരിപ്പ് വാങ്ങിയതില്‍ വെട്ടിപ്പ് നടത്തിയ കേസില്‍ ഒരു ജൂനിയര്‍ മാനേജരെ കൂടി സ്ഥലംമാറ്റി. ഡിപ്പൊയിലെ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇന്‍സ്പെക്ഷന്‍ ജൂനിയര്‍ മാനേജരായിരുന്ന ഇവരെയും തിരുവനന്തപുരത്ത് റീജണല്‍ ഓഫീസിലേക്ക് സൗകര്യപ്രദമായ വിധത്തില്‍ സ്ഥലം മാറ്റം നല്‍കി നടപടിയെടുത്തെന്ന് വരുത്തിത്തീര്‍ത്തു. സംഭവത്തില്‍ മുഖ്യപ്രതിയാകേണ്ട ഡിപ്പൊ മാനേജര്‍ക്ക് പാഡി പേയ്മെന്റ് ഓഫീസര്‍ തസ്തികയില്‍ തിരുവനന്തപുരത്താണ് നിയമനം നല്‍കിയത്. നെല്ല് സംഭരണം ഇല്ലാത്ത തലസ്ഥാന ജില്ലയില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായ ഇദ്ദേഹത്തെ മാറ്റിയിട്ടുള്ളത്.

deshabhimani 040712

No comments:

Post a Comment