Thursday, July 5, 2012
വടകര കോടതിക്കുമുന്നില്‍ സിപിഐ എം കുഴപ്പമുണ്ടാക്കിയിട്ടില്ല: പിണറായി
കുണ്ടംകുഴി (കാസര്‍കോട്): വടകര കോടതിക്കു മുന്നില്‍ കുഴപ്പമുണ്ടാക്കിയത് പൊലീസുകാര്‍ ഒരുക്കി നിര്‍ത്തിയ ആര്‍എംപിക്കാരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതിയെ ആക്രമിക്കുന്നത് സിപിഐ എം പരിപാടിയല്ലെന്നും കോടതി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ബേഡകം ഏരിയാകമ്മിറ്റി കുണ്ടംകുഴിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനനെപ്പോലുള്ള നേതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവിടെ പാര്‍ടി പ്രവര്‍ത്തകര്‍ വരുന്നത് സ്വാഭാവികം. ഈ പ്രവര്‍ത്തകരെ നേരിടാന്‍ പൊലീസ് മുന്‍കൂട്ടി ആര്‍എംപിക്കാരെ ഏര്‍പ്പാടാക്കിയിരുന്നു. അവരുണ്ടാക്കിയ പ്രകോപനത്തിന്റെ മറവിലാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചത്. അതല്ലാതെ കോടതിക്കെതിരെ അക്രമം നടന്നിട്ടില്ല. കോടതിയെ ആക്രമിച്ചെന്ന വിവരം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് എവിടെനിന്നാണ് കിട്ടിയത്. സത്യമറിയാതെ അഭിപ്രായം പറയരുത്.
കള്ളപ്രചാരണം നടത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്നാണ് ചിലര്‍ വിചാരിക്കുന്നത്. പി മോഹനനെ ഭീകരരെ അറസ്റ്റ് ചെയ്യുന്നതുപോലെയല്ലേ റോഡുതടഞ്ഞ് പിടിച്ചത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയല്ലേ ഇത്. എന്താണ് കേരളത്തില്‍ നടക്കുന്നത്. അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ രീതികളില്ലേ. അതൊന്നും ബാധകമല്ലെന്ന നിലയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പിറ്റേന്ന് ഒരു പത്രം മോഹനന്‍ കുറ്റം സമ്മതിച്ചുവെന്നാണ് വാര്‍ത്ത കൊടുത്തത്. പിന്നീട് അഭിഭാഷകന്‍ കണ്ടപ്പോള്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് മോഹനന്‍ പറഞ്ഞത്. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്നാണ് മറ്റൊരു പ്രചാരണം. അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അല്ലെങ്കില്‍തന്നെ മാനേജ്മെന്റിന്റെ താല്‍പര്യത്തിന് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, വയറ്റുപ്പിഴപ്പിന് പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മാധ്യമസ്ഥാപനങ്ങളെയല്ലേ ആക്രമിക്കേണ്ടത്. അതും ഇവിടെയുണ്ടായിട്ടില്ല.
എതിരെ പറയുന്നവരെ ആക്രമിച്ച് ഇല്ലാതാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്ന പാര്‍ടിയല്ല ഞങ്ങളുടേത്. അക്രമങ്ങളെ ജനങ്ങളെ അണിനിരത്തിയാണ് ഞങ്ങള്‍ നേരിടുന്നത്. സത്യം ജനങ്ങളോട് തുറന്നുപറയും. മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങളെ തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ട്. പാര്‍ടിയെ ആക്രമിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ ആര്‍ക്കുവേണ്ടിയാണ് അത് ചെയ്യുന്നതെന്ന് ആലോചിക്കണം. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തി സമരം ചെയ്യുന്ന പാര്‍ടിയെ ഇല്ലാതാക്കിയാല്‍ ആര്‍ക്കാണ് നേട്ടമെന്ന് ചിന്തിക്കണം. ഇതൊക്കെ നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് മനസിലാകും. കള്ളപ്രചാരണംകൊണ്ട് ഈ പാര്‍ടിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല- പിണറായി പറഞ്ഞു.
deshabhimani 040712
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment