Tuesday, July 10, 2012

ജനങ്ങളെ പരിഭ്രാന്തിയിലാക്കി പൊലീസിന്റെ നാടകം


തളിപ്പറമ്പ് അരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനില്‍നിന്ന് പൊലീസ് തിങ്കളാഴ്ച വീണ്ടും മൊഴിയെടുത്തു. ജില്ലയിലാകെ യുദ്ധസമാനം സേനയെ വിന്യസിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ്, മൊഴിയെടുക്കലിന്റെ പേരില്‍ ജനങ്ങളെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. പയ്യാമ്പലത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒന്നാം നിലയിലെ ഒമ്പതാം നമ്പര്‍ മുറിയിലാണ് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം മൊഴിയെടുത്തത്. ഗസ്റ്റ് ഹൗസ് പരിസരത്തും പ്രധാന കേന്ദ്രങ്ങളിലും ജലപീരങ്കിയും ഗ്രനേഡും ഉള്‍പ്പെടെയുള്ള സന്നാഹങ്ങളൊരുക്കിയിരുന്നു. യന്ത്രത്തോക്കുള്‍പ്പെടെയുളള ആയുധങ്ങളുമായി ദ്രുതകര്‍മസേനയും നൂറുകണക്കിനു സായുധ പൊലീസുകാരും നിലയുറപ്പിച്ചു. പൊലീസ് വണ്ടികള്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. എങ്ങും ഭീതിദമായ അന്തരീക്ഷം. അതോടെ ജയരാജനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹവും പരന്നു.

രാവിലെ പതിനൊന്നോടെ സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഒ വി നാരായണന്‍, എം സുരേന്ദ്രന്‍, അഭിഭാഷകന്‍ ബി പി ശശീന്ദ്രന്‍ എന്നിവരോടൊപ്പമാണ് പി ജയരാജന്‍ ഗസ്റ്റ് ഹൗസിലെത്തിയത്. കാറില്‍നിന്നിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ സജ്ജമാക്കിയ മുറിയിലേക്കു കയറിപ്പോയി. മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നപ്പോള്‍ എം വി ജയരാജനും പിന്നാലെ മുറിയിലേക്കു കയറി. എം വി ജയരാജന്‍ പുറത്തിറങ്ങണമെന്നായി പൊലീസ്. പി ജയരാജനെ മൂന്നാം മുറക്ക് വിധേയമാക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ച എം വി ജയരാജന്‍ ഉടന്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം പുറത്തിറങ്ങി. ഒരു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനുശേഷം പന്ത്രണ്ടരയോടെ പുറത്തുവന്ന ജയരാജന്‍ ഒന്നും പറയാനില്ലെന്ന് മാധ്യമങ്ങളെ അറിയിച്ചു മടങ്ങി. പി ജയരാജന്‍ സഹകരിച്ചുവെന്നും ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്നും പൊലീസ് മേധാവി പറഞ്ഞു. മൊഴി സംബന്ധിച്ചു വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ടൗണ്‍ ഡിവൈഎസ്പി പി സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു പ്രേമന്‍ എന്നിവരായിരുന്നു എസ്പിക്കു പുറമെ പൊലീസ് സംഘത്തില്‍. ജൂണ്‍ 12ന് ജയരാജന്റെ മൊഴിയെടുത്തിരുന്നു. 22ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ തീയതി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിങ്കളാഴ്ച നിശ്ചയിച്ചത്.

ഇതിനിടെ, കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റംചുമത്തി എം വി ജയരാജനെതിരെ കേസെടുത്തു. ഗസ്റ്റ് ഹൗസില്‍ പി ജയരാജനൊപ്പം ചെന്നപ്പോള്‍ പൊലീസിനോട് സംസാരിച്ചതാണ് കേസിന് ആധാരം. പൊലീസ് ആക്ട് 117 പ്രകാരമാണ് കേസ്. കണ്ണൂര്‍ ജില്ലയിലാകെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന ഭീകരതയാണ് സൃഷ്ടിച്ചതെന്ന് പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കക്കയം ക്യാമ്പിലേതിനു സമാനമായ മര്‍ദനമുറകളാണ് കണ്ണൂര്‍ സിറ്റി പൊലീസ് സറ്റേഷനില്‍ നടന്നത്. ശാസ്ത്രീയ അന്വേഷണമെന്ന് ആഭ്യന്തരമന്ത്രി പറയുമ്പോഴും നടക്കുന്നത് മലദ്വാരത്തില്‍ കമ്പി കയറ്റല്‍ ഉള്‍പ്പെടെയുള്ള കിരാതമുറകളാണ്. സിപിഐ എമ്മിനെതിരെ എന്തു നിയമവിരുദ്ധ നടപടിയും ആകാമെന്ന നിലയാണ്. നിരവധി വിദ്യാര്‍ഥികളെയും യുവാക്കളെയും പൊലീസ് ഭഭീകരമായി മര്‍ദിച്ചു. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ഓരോ വിദ്യാര്‍ഥിയുടെയും പേരില്‍ 11 കേസുവരെ ചുമത്തി. ജയിലില്‍ കാണാന്‍ പോയ സഹവിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി ഭീകരത സൃഷ്ടിച്ചുവെന്ന് ജയരാജന്‍ പറഞ്ഞു.

deshabhimani 100712

No comments:

Post a Comment