Tuesday, July 10, 2012

സുധാകരനെതിരായ കേസ്: അന്വേഷണ റിപ്പോര്‍ട്ട് 4 ദിവസത്തിനകം നല്‍കണം: കോടതി


സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടെന്ന് പ്രസംഗിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിക്കെതിരായ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നാലു ദിവസത്തിനകം ഹാജരാക്കാന്‍ കോടതി ഉത്തരവ്. മ്യൂസിയം പൊലീസിനോട് തിങ്കളാഴ്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) എ ഇജാസ് നിര്‍ദേശിച്ചിരുന്നു. 2012 ജനുവരി 23 മുതല്‍ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ ഇ ബൈജുവാണ് അന്വേഷണം നടത്തുന്നതെന്ന് മ്യൂസിയം പൊലീസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. ഇത് പരിഗണിച്ചാണ് ക്രൈം ഡിറ്റാച്ച്മെന്റ് എസിയോട് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

സുപ്രീംകോടതി വിധിച്ച തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് 2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് സുധാകരന്റെ വിവാദപ്രസംഗം. 21 ബാര്‍ ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. ഇതിന് സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പള്ളിച്ചല്‍ എസ് കെ പ്രമോദ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. അഴിമതിസംബന്ധിച്ച വിവരം അറിഞ്ഞിട്ടും പൊലീസിന് വിവരം നല്‍കാതെ മറച്ചുവച്ചതിനാണ് കേസെടുത്തത്.

ഭരണസ്വാധീനം ഉപയോഗിച്ച് ഡിജിപി ജേക്കബ് പുന്നൂസും മ്യൂസിയം എസ്ഐയും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് മജിസ്ട്രേട്ട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതുവരെയുള്ള അന്വേഷണം നടത്തിയതിന്റെ വിശദവിവരവും രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. നീതിപൂര്‍വമായി അന്വേഷണം നടത്താന്‍ സാധ്യതയില്ലാത്തതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സുധാകരനെ അറസ്റ്റുചെയ്യണമെന്നും നുണപരിശോധന നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സുധാകരനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് പേടി: വിഎസ്

കെ സുധാകരനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സുധാകനെതിരെ നടപടിയെടുക്കണമെന്ന് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മുട്ട് വിറയ്ക്കുകയാണെന്നും വിഎസ് പറഞ്ഞു. ഒരേതരം കേസുകളില്‍ രണ്ട് തരം അന്വേഷണമാണ് നടക്കുന്നതെന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധാകരനെതിരായ കേസ്: പുതിയ സംഘമായി

കെ സുധാകരന്‍ എം പിക്കെതിരായ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പുതിയ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചു.തിരുവനന്തപുരം റേഞ്ച് ഐ ജി ഷേക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജ, സിഐ ബാലകൃഷ്ണന്‍ എന്നിവരും ഉള്‍പ്പെടുന്നു. നേരത്തേ തൃശ്ശൂര്‍ റേഞ്ച് ഐ ജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്.

സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ കെ സുധാകരന്‍ എം പി നീക്കം നടത്തിയതായി സുധാകരന്റെ അനുയായി ആയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റിയാണ് അന്വേഷണം.

ഇതിനിടെ സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കിയെന്ന 'വെളിപ്പെടുത്തല്‍' നടത്തിയതിന് സുധാകരനെതിരെ എടുത്ത കേസിന്റെ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവിട്ടത്.

deshabhimani 100712

1 comment:

  1. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടെന്ന് പ്രസംഗിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിക്കെതിരായ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നാലു ദിവസത്തിനകം ഹാജരാക്കാന്‍ കോടതി ഉത്തരവ്. മ്യൂസിയം പൊലീസിനോട് തിങ്കളാഴ്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) എ ഇജാസ് നിര്‍ദേശിച്ചിരുന്നു. 2012 ജനുവരി 23 മുതല്‍ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ ഇ ബൈജുവാണ് അന്വേഷണം നടത്തുന്നതെന്ന് മ്യൂസിയം പൊലീസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. ഇത് പരിഗണിച്ചാണ് ക്രൈം ഡിറ്റാച്ച്മെന്റ് എസിയോട് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

    ReplyDelete