Wednesday, July 11, 2012

വികസന ഫണ്ട്: ലീഗ് എംഎല്‍എമാര്‍ ചെലവഴിച്ചത് "വട്ടപ്പൂജ്യം"


കാസര്‍കോട്: വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയില്‍ എംഎല്‍എ ഫണ്ടില്‍നിന്ന് ഒറ്റ രൂപ പോലും വിനിയോഗിക്കാതെ മുസ്ലിംലീഗ് എംഎല്‍എമാര്‍. 2011-12 സാമ്പത്തിക വര്‍ഷം എംഎല്‍എമാര്‍ക്ക് വികസന ഫണ്ടില്‍ ലഭിച്ച 75 ലക്ഷം രൂപയാണ് മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍റസാഖും കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നും പാഴാക്കിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയില്‍ എംഎല്‍എ ഫണ്ടില്‍നിന്ന് ഒരുരൂപ പോലും ചെലവഴിക്കാത്തവരുടെ പേരും മണ്ഡലവും അറിയിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ആനപ്പാറയിലെ തോലിയാനിക്കരയില്‍ വീട്ടില്‍ സി റഷീദ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്.

കാസര്‍കോട് നഗരസഭയിലേയും പരിസര പഞ്ചായത്തുകളിലേയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ബാവിക്കര തടയണ. ഇവിടങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ വര്‍ഷങ്ങളായി തെരഞ്ഞെടുക്കപ്പെടുന്ന ലീഗ് എംഎല്‍എമാര്‍ക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എന്‍ എ നെല്ലിക്കുന്ന് നല്‍കിയ പ്രധാന വാഗ്ദാനം ഈ തടയണയായിരുന്നു. എംഎല്‍എയുടെ നാടായ നെല്ലിക്കുന്ന് കടപ്പുറത്തേക്കുള്ള പ്രധാന പാലവും ഏതുനിമിഷവും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. ഇതുള്‍പ്പെടെ നിരവധി പദ്ധതികള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് കിട്ടിയ ഫണ്ട് ജനോപകാരപ്രദമായി ഉപയോഗിക്കാതെ കളഞ്ഞത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു എംഎല്‍എയായിരിക്കെ വികസനരംഗത്ത് ചരിത്ര നേട്ടമാണ് കൈവരിച്ചത്. പി ബി അബ്ദുള്‍റസാഖ് എംഎല്‍എയായതോടെ മണ്ഡലത്തിലെ വികസന പ്രവൃത്തികള്‍ തകിടംമറിഞ്ഞു. മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ തീര്‍ത്തും ദുരവസ്ഥയിലാണ്. കുടിവെള്ളം കിട്ടാത്ത നിരവധി പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. ഇവയ്ക്ക് പരിഹാരം കാണാന്‍ എംഎല്‍എ മുന്‍കൈയെടുക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എംഎല്‍എമാര്‍ ഫലപ്രദമായി തുക ഉപയോഗിച്ച സ്ഥാനത്താണ് ലീഗ് എംഎല്‍എമാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടച്ചത്. ഭൂരിപക്ഷം എംഎല്‍എമാരും ഫണ്ടായി ലഭിക്കുന്ന തുക പോരെന്ന് പറയുമ്പോഴാണ് ലീഗ് എംഎല്‍എമാര്‍ കിട്ടിയ തുക പാഴാക്കുന്നത്. നാടിന്റെ വികസനം തങ്ങളുടെ സ്വപ്നമാണെന്ന് നാലാള്‍ കൂടുന്നിടത്തൊക്കെ പ്രസംഗിക്കുകയും കിട്ടുന്ന തുക ഉപയോഗിക്കാതെ പാഴാക്കുകയും ചെയ്യുന്ന ഇവരുടെ തനിനിറമാണ് പുറത്തായിരിക്കുന്നത്.
(കെ സി ലൈജുമോന്‍)

deshabhimani 110712


ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് എംഎല്‍എമാര്‍

കാസര്‍കോട്: എംഎല്‍എ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന് സമ്മതിച്ച് പി ബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ വിശദീകരണം. ചില പദ്ധതികള്‍ക്ക് പണം വകയിരുത്തിയിട്ടുണ്ടെന്നും ചിലതിന് ഭരണാനുമതി കിട്ടിയിട്ടുണ്ടെന്നുമാണ് മാധ്യമവാര്‍ത്ത ശരിയല്ലെന്ന് സ്ഥാപിക്കാന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. 2011 മാര്‍ച്ചില്‍ 75 ലക്ഷം രൂപ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടായി സര്‍ക്കാര്‍ നല്‍കിയ തുക 2012 മാര്‍ച്ച് കഴിഞ്ഞിട്ടും ഒരു രൂപപോലും വിനിയോഗിച്ചില്ലെന്നാണ് ദേശാഭിമാനിയും ചില ചാനലുകളും റിപ്പോര്‍ട്ട് ചെയ്തത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷപ്രകാരം സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയാണ് വാര്‍ത്തയുടെ അടിസ്ഥാനം. ഓരോവര്‍ഷവും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് എംഎല്‍എ ഫണ്ട് അനുവദിക്കുന്നത്. തുക അതത് വര്‍ഷം ചെലവഴിച്ചാലേ അടുത്ത വര്‍ഷവും മുഴുവന്‍ തുകയും കിട്ടു. ഇവിടെ അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിക്കാതെ കിടക്കുകയാണ്. ഫണ്ട് വീതിച്ച് കൊടുക്കല്‍ മാത്രമല്ല അത് ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും എംഎല്‍എമാര്‍ക്ക് ബാധ്യതയുണ്ട്. അതൊന്നും നടത്താതെ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. കാസര്‍കോട് എംഎല്‍എ ഇതിനേക്കാള്‍ വിചിത്രമായ വിശദീകരണമാണ് നല്‍കുന്നത്. കുടിവെള്ളം, ചെറിയ റോഡുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് ഫണ്ട് ചെലവഴിക്കേണ്ടത്. അതിന്റെ ആവശ്യം കാസര്‍കോട് മണ്ഡലത്തിലില്ല. വലിയ പദ്ധതിയാണ് ആവശ്യം. അതിനാണത്രെ ഫണ്ട് സൂക്ഷിച്ചുവച്ചിരിക്കുന്നത്

deshabhimani 130712

No comments:

Post a Comment