Friday, July 6, 2012

ഫുകുഷിമ ദുരന്തം "മനുഷ്യനിര്‍മിത"മെന്ന് പാര്‍ലമെന്ററി സമിതി


ഫുകുഷിമ ആണവദുരന്തം "മനുഷ്യനിര്‍മിതമെന്ന്" ജപ്പാന്‍ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെയും ഫുകുഷിമ നിലയം പ്രവര്‍ത്തിപ്പിച്ചിരുന്ന "ടെപ്കോ" കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെപ്കോ ജീവനക്കാരും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവോട്ടോ കാന്റെ ഓഫീസും തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

2011 മാര്‍ച്ച് 11ന് ഉണ്ടായ ഭൂചലനവും സുനാമിയും കാരണം ഫുകുഷിമ-ദായ്ചി ആണവനിലയത്തിന് ഗുരുതരമായ കേടുപാട്സംഭവിച്ചു. പ്രകൃതിദുരന്തം നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് സമിതിയുടെ പ്രധാന വിമര്‍ശം. പതിനായിരക്കണക്കിന് ആളുകളെയാണ് പരിസരത്തു നിന്ന് മാറ്റിപാര്‍പ്പിച്ചത്. ആണവവ്യവസായം വളര്‍ത്താന്‍ ജപ്പാനിലെ ഉദ്യോഗസ്ഥവൃന്ദം അനാവശ്യ തിടുക്കം കാട്ടിയതായും സമിതി കുറ്റപ്പെടുത്തി. ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്ന് ഫുകുഷിമ നിലയത്തിന്റെ ശീതീകരണ സംവിധാനം തകരാറിലായി. മാര്‍ച്ച് 12 മുതല്‍ 15 വരെ നാല് ആണവ റിയാക്ടറിലും തുടര്‍ച്ചയായ സ്ഫോടനങ്ങളുണ്ടായി. ടെപ്കോ ജീവനക്കാര്‍ ശീതീകരണ സംവിധാനത്തിലേക്ക് കടല്‍വെള്ളം കയറ്റിയതിനെ തുടര്‍ന്ന് നിലയത്തില്‍ ചോര്‍ച്ചയുണ്ടായി. ദുരന്തം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നെന്നും ക്രിയാത്മകമായ മാനുഷിക ഇടപെടല്‍ ദുരന്തത്തിന്റെ പ്രത്യാഘാതം കുറയ്ക്കുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവദുരന്തം ചെറുക്കുന്നതിന് നിരവധി കര്‍മപരിപാടികളും സമിതി ശുപാര്‍ശ ചെയ്തു.

deshabhimani 060712

1 comment:

  1. ഫുകുഷിമ ആണവദുരന്തം "മനുഷ്യനിര്‍മിതമെന്ന്" ജപ്പാന്‍ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെയും ഫുകുഷിമ നിലയം പ്രവര്‍ത്തിപ്പിച്ചിരുന്ന "ടെപ്കോ" കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെപ്കോ ജീവനക്കാരും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവോട്ടോ കാന്റെ ഓഫീസും തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

    ReplyDelete