Friday, July 6, 2012

സിപിഐ എമ്മിനെ പ്രതിയാക്കണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി


നന്ദിഗ്രാം വെടിവയ്പുകേസില്‍ സിപിഐ എമ്മിനെ പ്രതിചേര്‍ക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം സുപ്രീംകോടതി തള്ളി. ഹൈക്കോടതി നിര്‍ദേശം കേസിന്റെ നിഷ്പക്ഷമായ അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കരുതെന്ന ഉത്തരവും സുപ്രീംകോടതി നല്‍കി. ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, സി എം പ്രസാദ് എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ചിന്റേതാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേസിന്റെ അന്വേഷണം സിബിഐക്ക് നല്‍കിയതും ഹൈക്കോടതിയാണ്.

2007 മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ 13 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പില്‍ സിപിഐ എമ്മിന് പങ്കുണ്ടെന്ന് അന്നത്തെ പ്രതിപക്ഷമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും മാധ്യമങ്ങളും പ്രചരിപ്പിച്ചു. പൊലീസ്സേനയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി വെടിവയ്പ് നടത്തിയെന്നായിരുന്നു ആരോപണം. ദേശീയതലത്തില്‍ ഇതിന് വന്‍ പ്രചാരണവും ലഭിച്ചു. വെടിവയ്പ് നടന്ന് രണ്ടു ദിവസത്തിനുള്ളില്‍, പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണം പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സിപിഐ എമ്മിന് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ഹൈക്കോടതി നല്‍കിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ വാദവും അംഗീകരിച്ചില്ല. അന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എസ് നിജ്ജര്‍, ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് കേസ് കൈകാര്യം ചെയ്തത്. തിരക്കിട്ട് കേസിന്റെ വാദം കേള്‍ക്കലും വിധി പ്രസ്താവിക്കലും നടത്തി. മാര്‍ച്ച് 16നുതന്നെ വെടിവയ്പ് ഭരണഘടനാവിരുദ്ധവും അസാധാരണവുമാണെന്ന് പ്രസ്താവിച്ച കോടതി, കേസ് സിബിഐ അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു.

വിവാദം സൃഷ്ടിച്ച ഹൈക്കോടതി നിര്‍ദേശത്തിനെതിരെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാരും സിപിഐ എമ്മും സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി വിധി തള്ളിക്കൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഈ വര്‍ഷം ഫെബ്രുവരി 24ന് മമത സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ സിപിഐ എമ്മിനെ പ്രതിചേര്‍ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ പാര്‍ടിയും അന്നത്തെ ഇടതുമുന്നണി സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നതിനാല്‍ സിബിഐ അന്വേഷണം മുന്നോട്ടുനീങ്ങിയിരുന്നില്ല. ഹൈക്കോടതി വിധിയുടെ യുക്തിരാഹിത്യം നിയമജ്ഞരും രാഷ്ട്രീയനിരീക്ഷകരും തുടക്കത്തില്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.സിപിഐ എമ്മിനുവേണ്ടി അഡ്വ. റൗഫ് റഹിം സുപ്രീംകോടതിയില്‍ ഹാജരായി.
(ഗോപി)

deshabhimani 060712

No comments:

Post a Comment