Saturday, July 14, 2012

സത്യം പുറത്തുവരണം


ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിലെ ഒരു ഡിവൈഎസ്പി മാധ്യമപ്രവര്‍ത്തകരുമായി മെബൈല്‍ ഫോണില്‍ അസാധാരണമാംവിധം നിരന്തരം ബന്ധപ്പെടുന്ന വിവരം ദേശാഭിമാനി പുറത്തുകൊണ്ടുവന്നു. എത്രതവണ ഫോണില്‍ ബന്ധപ്പെട്ടു എന്ന വിവരമാണ് നമ്പര്‍ സഹിതം ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലമെന്ന പേരില്‍ പൊലീസ് സമര്‍പ്പിച്ചത് സത്യവിരുദ്ധമാണെന്ന് ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടുന്നതാണ് ഡിവൈഎസ്പിയുടെ ഫോണ്‍ബന്ധം. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടിട്ട് 71 ദിവസമായി. ഇത്രയും നാള്‍ ഇടതടവില്ലാതെ അപസര്‍പ്പക കഥയിലെന്നപോലെ വാര്‍ത്ത കെട്ടിച്ചമച്ച് പൊടിപ്പും തൊങ്ങലുംവച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. മാധ്യമങ്ങള്‍ പലതാണെങ്കിലും ലക്ഷ്യം ഒന്നാണ്. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തി ജനമധ്യത്തില്‍ താറടിച്ചുകാണിക്കുക എന്നതുതന്നെ. ഈ കേസില്‍ ഇതിനകം 70 പേരെ അറസ്റ്റുചെയ്തെന്നാണ് രണ്ടുദിവസം മുമ്പുവന്ന വാര്‍ത്ത. ഇതില്‍ തൃപ്തരാകാതെ ഏകോപനസമിതി, ആര്‍എംപി നേതാക്കള്‍ തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെയും മറ്റുചില നേതാക്കളെയും കണ്ട് വീണ്ടും സമ്മര്‍ദം ചെലുത്തിയതായി അവര്‍ തന്നെ വെളിപ്പെടുത്തി. അറസ്റ്റുചെയ്ത് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കേണ്ടവരുടെ പുതിയ പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ചോദ്യംചെയ്യലും അറസ്റ്റും അവസാനിച്ചിട്ടില്ലെന്നു വേണം കരുതാന്‍. കഴിഞ്ഞദിവസം സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്കരന്‍ മാസ്റ്ററെയും മറ്റു മൂന്നുപേരെയും അന്വേഷണ സംഘം ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചന്ദ്രശേഖരന്‍ വധം ഒരു നിമിത്തമായെടുത്ത് പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ കഴിയുമെന്നാണ് ഇക്കൂട്ടര്‍ സ്വപ്നംകാണുന്നത്. ചോദ്യംചെയ്യുന്നതിന് പതിവുരീതിയുണ്ട്. അറസ്റ്റുരേഖപ്പെടുത്തുന്നതിനുമുമ്പ് മണിക്കൂറുകള്‍ ചോദ്യംചെയ്യും.

അറസ്റ്റിന് ന്യായീകരണം കണ്ടെത്താനാണെന്ന് തോന്നുന്നു ഒന്നാമത്തെ ചോദ്യംചെയ്യല്‍. ഉടന്‍ തന്നെ കുറ്റം സമ്മതിച്ചതായി ചാനലുകളും പത്രങ്ങളും പ്രചരിപ്പിക്കുന്നു. കോടതിയില്‍ ഹാജരാക്കിയാല്‍ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങും. ചോദ്യംചെയ്യുന്നത് രഹസ്യമായാണ്. എന്നാല്‍, അതിനു വിരുദ്ധമായ രീതിയില്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യുമ്പോള്‍ നല്‍കുന്ന മൊഴി ദൃശ്യമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്ന പതിവുരീതിയാണ് തുടരുന്നത്. അടുത്തദിവസം പത്രങ്ങളിലും മൊഴിയെന്ന പേരില്‍ വാര്‍ത്തവരുന്നു. രണ്ട് ഉദാഹരണം ചൂണ്ടിക്കാണിക്കാം. സി എച്ച് അശോകന്‍ അന്വേഷണസംഘത്തിന്റെ മുമ്പില്‍ സ്വയം ഹാജരായി ചോദ്യംചെയ്യപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചതായി മലയാളമനോരമ ഒന്നാം പേജില്‍ എട്ടുകോളം വാര്‍ത്ത നല്‍കി. അശോകന്‍ കുറ്റം ചെയ്തിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ കുറ്റം സമ്മതിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല. പി മോഹനന്‍ മാസ്റ്ററെ സിനിമാസ്റ്റൈലില്‍ വഴിയില്‍ പിടികൂടി വടകര പൊലീസ് താവളത്തില്‍ കൊണ്ടുവന്ന് ചോദ്യംചെയ്യല്‍ നടന്നു. സഖാവ് ആദ്യദിവസം തന്നെ കുറ്റം സമ്മതിച്ചതായി അമിത പ്രാധാന്യത്തോടെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ടി പറഞ്ഞിട്ടാണ് കൊല നടത്തിയതെന്ന് മോഹനന്‍ മാസ്റ്റര്‍ പറഞ്ഞുപോലും. മാത്രമല്ല, 20-ാം പാര്‍ടി കോണ്‍ഗ്രസിനു മുമ്പ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ രഹസ്യയോഗം ചേര്‍ന്നതായും യോഗത്തില്‍ സംസ്ഥാന നേതാക്കളുള്‍പ്പെടെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും ആ പത്രം റിപ്പോര്‍ട്ട് ചെയ്തു.

"സത്യം വദ ധര്‍മം ചര" എന്ന് നാഴികയക്ക് നാല്‍പ്പതുവട്ടവും ഉരുവിടുന്ന പത്രമാണല്ലോ മാതൃഭൂമി. രുദ്രാക്ഷമാല കഴുത്തിലും മറ്റൊന്ന് മനസ്സിലും എന്നതാണ് ആ പത്രത്തിന്റെ നിലപാട്. സിപിഐ എമ്മിന് എതിരെയാണെങ്കില്‍ എത്ര നികൃഷ്ടമായ രീതിയും സ്വീകരിക്കാന്‍ അവര്‍ക്ക് മടിയില്ല. കസ്റ്റഡിയിലായ കെ കെ കൃഷ്ണന്റെ ഭാര്യ, തന്റെ ഭര്‍ത്താവിന്റെ മൊഴിയെന്ന രൂപേണ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് പൊലീസിനും ബന്ധപ്പെട്ട മാധ്യമങ്ങള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നില്ലെന്ന പൊലീസിന്റെ അസത്യമൊഴി സമര്‍പ്പിക്കാനിടയായത്. ഈ കള്ളസത്യവാങ്മൂലത്തിന്റെ ഉള്ളുകള്ളി പൊളിക്കുന്നതാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ച മൊബൈല്‍ ഫോണ്‍ ബന്ധത്തിന്റെ വിവരം. സത്യം പുറത്തുകൊണ്ടുവരിക എന്നതാണ് മാധ്യമധര്‍മം. അനീതിക്കെതിരെ നീതി ലഭ്യമാക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് ദേശാഭിമാനി നടത്തിയത്. അത് പത്രധര്‍മമാണെന്നാണ് ഞങ്ങളുടെ ബോധ്യം. പാര്‍ടി ശത്രുക്കള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. കാരായി രാജനെ പിണറായി വിജയന്‍ കണ്ടത് ചില തല്‍പ്പരകക്ഷികള്‍ക്ക് രുചിച്ചിട്ടില്ല. കാരായി രാജന്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്. സഖാവിനെ സന്ദര്‍ശിക്കേണ്ടത് പാര്‍ടി സെക്രട്ടറിയുടെ കടമയാണ്. അതേപോലെ സി എച്ച് അശോകനും മോഹനന്‍ മാസ്റ്ററും മറ്റു പലരും പാര്‍ടി നേതാക്കളും പ്രവര്‍ത്തകരുമാണ്. പൊലീസ് അറസ്റ്റുചെയ്ത് ഗൂഢാലോചനക്കുറ്റം ആരോപിച്ചതുകൊണ്ടുമാത്രം അവര്‍ കുറ്റക്കാരാകുന്നില്ല. യുഡിഎഫ് മന്ത്രിസഭയിലെ അംഗമായ ആര്യാടന്‍ മുഹമ്മദ് കുഞ്ഞാലി വധക്കേസില്‍ ഒന്നാംപ്രതിയായിരുന്നു. ആരുടെയെങ്കിലും സമ്മര്‍ദംകൊണ്ട് പ്രതിയായതല്ല. തന്നെ കൊലപ്പെടുത്തിയത് ആര്യാടനാണെന്ന് അവസാനിമിഷത്തില്‍ കുഞ്ഞാലി വിളിച്ചുപറയുകയായിരുന്നു. എന്നിട്ടും ആര്യാടന്‍ മുഹമ്മദിനെ കോണ്‍ഗ്രസുകാര്‍ ബഹിഷ്കരിക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. തന്നെ കൊലക്കേസില്‍ സ്വന്തം കക്ഷിക്കാര്‍ പ്രതിയാക്കിയെന്ന് കെ കരുണാകരന്‍ തന്നെ വെളിപ്പെടുത്തിയതാണ്. കരുണാകരനെയും ആരും ബഹിഷ്കരിച്ചില്ല. ഒരാള്‍ കേസില്‍ പ്രതിയായതുകൊണ്ടുമാത്രം കുറ്റക്കാരനാകുന്നില്ലെന്നാണ് നിയമവ്യവസ്ഥ അനുശാസിക്കുന്നത്. കുറ്റം തെളിയിക്കപ്പെടുമ്പോള്‍ മാത്രമാണ് ഒരാള്‍ കുറ്റക്കാരനാകുന്നത്. ആ ദിവസംവരെയും നിരപരാധിയായി കണക്കാക്കുക തന്നെ വേണം.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും അവരുടെ സില്‍ബന്തികളുടെയും സമ്മര്‍ദത്തിനുവഴങ്ങി സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ഏകകാരണത്താല്‍ അവരെ കാണാതിരിക്കുകയോ അവരോട് മിണ്ടാതിരിക്കുകയോ ചെയ്താല്‍ അത് പാര്‍ടിശത്രുക്കളുടെ ലക്ഷ്യം സാധിച്ചുകൊടുക്കലാണ്. അതിന് സിപിഐ എം തയ്യാറാകുമെന്ന് കരുതേണ്ടതില്ല.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും വിദൂരബന്ധമെങ്കിലും ഉണ്ടെന്ന് പാര്‍ടിക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉത്തരവാദപ്പെട്ട നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ആരും സംശയിക്കേണ്ടതില്ല. നിയമാനുസരണമുള്ള ഏതന്വേഷണത്തെയും ഞങ്ങള്‍ വിലമതിക്കും. പൗരാവകാശലംഘനം വച്ചുപൊറുപ്പിക്കാന്‍ അനുവദിക്കുകയുമില്ല. നിയമപാലകര്‍ നിയമലംഘകരായാല്‍ അത് സധൈര്യം തുറന്നുകാണിക്കും. സംശയം വേണ്ട. ഈ ധീരമായ നിലപാടിന്റെ പേരില്‍ സംഘടിതമായ ആക്രമണത്തിലൂടെ സിപിഐ എമ്മിനെ തളര്‍ത്തിക്കളയാമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ.

deshabhimani editorial 140712

1 comment:

  1. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിലെ ഒരു ഡിവൈഎസ്പി മാധ്യമപ്രവര്‍ത്തകരുമായി മെബൈല്‍ ഫോണില്‍ അസാധാരണമാംവിധം നിരന്തരം ബന്ധപ്പെടുന്ന വിവരം ദേശാഭിമാനി പുറത്തുകൊണ്ടുവന്നു. എത്രതവണ ഫോണില്‍ ബന്ധപ്പെട്ടു എന്ന വിവരമാണ് നമ്പര്‍ സഹിതം ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലമെന്ന പേരില്‍ പൊലീസ് സമര്‍പ്പിച്ചത് സത്യവിരുദ്ധമാണെന്ന് ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടുന്നതാണ് ഡിവൈഎസ്പിയുടെ ഫോണ്‍ബന്ധം.

    ReplyDelete