Sunday, July 22, 2012

മേള കേമമാക്കാന്‍ പട്ടയങ്ങള്‍ പിടിച്ചുവച്ചു


എടക്കര: ജില്ലാ പട്ടയമേളയില്‍ വിതരണംചെയ്യുന്നത് ഏഴ് മാസം മുമ്പ് അനുവദിച്ച പട്ടയങ്ങളും. ഏഴ് മാസമായി വിതരണം ചെയ്യാതെ ഈ പട്ടയങ്ങള്‍ ഉദ്ഘാടന മാമാങ്കത്തിന് പിടിച്ചുവയ്ക്കുകയായിരുന്നു. അധികൃതരുടെ ഈ നടപടിമൂലം കണ്ണീരുകുടിച്ചത് നിരവധി പാവങ്ങളും. നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ള ഇരുനൂറോളം പട്ടയങ്ങളാണ് ഏഴ് മാസത്തോളമായി കലക്ടറേറ്റില്‍ ഉദ്ഘാടനദിനം കാത്ത് കഴിയുന്നത്. നൂറുദിന പരിപാടിയില്‍ വിതരണംചെയ്യുമെന്നാണ് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് 2008 നവംബര്‍ എട്ടിന് ജില്ലയില്‍ നടന്ന പട്ടയമേളയില്‍ 2481 പേര്‍ക്കാണ് പുതുതായി പട്ടയം അനുവദിച്ചത്. ഇതില്‍ 33.41 ഹെക്ടര്‍ മിച്ചഭൂമിയുടെ പതിച്ചുനല്‍കിയ പട്ടയമായിരുന്നു ഭൂരിഭാഗവും. എന്നാല്‍ മാസങ്ങളായി എല്ലാ നടപടിക്രമവും പാലിച്ച് അഞ്ച്, പത്ത് സെന്റുകാര്‍ക്ക് മഞ്ചേരി ലാന്‍ഡ് ട്രിബൂണലില്‍നിന്ന് പട്ടയം അനുവദിച്ചവയാണ് ഇപ്പോള്‍ ഉദ്ഘാടന മാമാങ്കത്തിനായി കലക്ടറേറ്റില്‍ കെട്ടിക്കിടക്കുന്നത്. വിവാഹം, വിദ്യാഭ്യാസ ധനസഹായം, ഭവനിര്‍മാണം എന്നിവക്കായി ലോണ്‍ ലഭിക്കാന്‍ ഒന്നരവര്‍ഷംമുമ്പ് നടപടി ആരംഭിച്ചിട്ടാണ് ഏഴ് മാസം മുമ്പ് ഇവര്‍ക്ക് പട്ടയം അനുവദിച്ചത്. ഇവ ഇതുവരെ വിതരണംചെയ്തിട്ടില്ല. കഴിഞ്ഞദിവസം നിലമ്പൂര്‍ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തില്‍ മരുത സ്വദേശി സലാം മകളുടെ വിവാഹത്തിന് ലോണെടുക്കാന്‍ കലക്ടറേറ്റില്‍നിന്ന് ബഹളംവച്ച് പട്ടയം വാങ്ങുകയായിരുന്നു. വിവാഹത്തിന് പണം കണ്ടെത്താന്‍ മറ്റുമാര്‍ഗ്ഗമില്ലെന്ന് കണ്ടതോടെയാണ് കലക്ടര്‍ പട്ടയം നല്‍കിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ദിവസേന പട്ടയം ചോദിച്ച് നിരവധി പേരാണ് കലക്ടറേറ്റില്‍ എത്തുന്നത്. എല്ലാവരെയും മടക്കിവിടുകയാണ്.

പട്ടയം ലഭിക്കാന്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്ത് വന്ന് പരിശോധിച്ച് നികുതിചീട്ട്, സ്കെച്ച്, പ്ലാന്‍, എന്നിവയെല്ലാം സമര്‍പ്പിച്ച് എട്ട് മാസത്തിന് ശേഷമാണ് നടപടിക്രമം പൂര്‍ത്തിയാക്കി പട്ടയം നല്‍കാനുള്ള വിധി പറയുന്നത്. ചില പട്ടയത്തിന് ഇത് ഒരുവര്‍ഷം വരെയാവാറുണ്ട്. 2012 ജനുവരി 23ന് ലാന്‍ഡ് ട്രിബൂണല്‍ കോടതി വിധിപ്രസ്താവിച്ച മരുതയിലെ ഇബ്രാഹിം നിരവധിതവണ പട്ടയത്തിന് വന്നെങ്കിലും കലക്ടറേറ്റില്‍നിന്ന് കൊടുത്തിട്ടില്ല. കഴിഞ്ഞകാലങ്ങളിലെല്ലാം മഞ്ചേരി ലാന്‍ഡ് ട്രിബൂണലില്‍ നിന്ന് വിതരണംചെയ്തിരുന്ന പട്ടയങ്ങളാണിത്. അഞ്ച്, പത്ത് സെന്റുകാരായ സാധാരണക്കാരാണിവയിലധികവും. സാധാരണ മിച്ചഭൂമി പതിച്ചുനല്‍കുന്നവര്‍ക്കുള്ള പട്ടയങ്ങളാണ് സര്‍ക്കാരിന്റെ പട്ടയമേളയില്‍ നല്‍കാറുള്ളത്. ഇത്തവണ ലാന്‍ഡ് ട്രിബൂണലില്‍നിന്ന് അനുവദിച്ച പട്ടയങ്ങള്‍ കലക്ടറേറ്റില്‍ എത്തിച്ച് മാസങ്ങള്‍ വൈകിച്ച് മേളയില്‍ വിതരണംചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. 1965 മുതല്‍ കൈവശംവച്ചുവരുന്ന ആധാരവും നികുതിയുമടക്കുന്ന സ്ഥലത്തിനുള്ള പട്ടയമാണിത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി എന്ന ലക്ഷ്യംവച്ചാണ് പട്ടയമേള നടത്തിയത്. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചും, മിച്ചഭൂമി കണ്ടെത്തിയുമാണ് പാവങ്ങള്‍ക്ക് പട്ടയം നല്‍കിയത്. ഇതനുസരിച്ച് 2481 പേര്‍ക്കാണ് 2008þല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. ഈ പദ്ധതിയാണ് യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ച് മാമാങ്ക മേളയാക്കി യുഡിഎഫ് സര്‍ക്കാര്‍ ആഘോഷിക്കുന്നത്.

deshabhimani 210712

No comments:

Post a Comment