Sunday, July 22, 2012

എമര്‍ജിങ് കേരള: റോഡ്ഷോയ്ക്ക് തണുത്ത പ്രതികരണം


ബംഗളൂരു: കേരളത്തിന്റെ വ്യാവസായിക-വികസനരംഗത്ത് നിക്ഷേപം ലക്ഷ്യമിട്ട് സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടത്തുന്ന എമര്‍ജിങ് കേരളയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബംഗളൂരുവില്‍ നടത്തിയ റോഡ്ഷോക്ക് തണുത്ത പ്രതികരണം. ഇന്ത്യയുടെ ഐടി ഹബ്ബില്‍ നടന്ന മീറ്റില്‍ പ്രമുഖ കമ്പനികളെയൊന്നും ആകര്‍ഷിക്കാനായില്ല. ചെറുകിട കമ്പനികളാണ് മീറ്റില്‍ പങ്കെടുത്തതിലധികവും. പങ്കെടുത്തവയില്‍ നിക്ഷേപം നടത്താമെന്ന ഉറപ്പുനല്‍കിയത് ആരെല്ലാമെന്നതു സംബന്ധിച്ച വിവരമൊന്നും ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കിയില്ല. മൊത്തം 20 കമ്പനിയുമായി ചര്‍ച്ച നടത്തിയെന്ന വിവരം മാത്രമാണ് നല്‍കിയത്. മീറ്റില്‍ ഇന്‍ഫോസിസ് എക്സിക്യൂട്ടീവ് കോ-ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു. ബംഗളൂരുവിലെ പല വന്‍കിട കമ്പനികളും പരിപാടിയില്‍ പങ്കെടുത്തില്ല.

രാവിലെ നടന്ന സെഷനില്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. ഇതുമൂലം സംരംഭകരുടെ സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥരാണ് മറുപടി പറഞ്ഞത്. 7000 കോടിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി, 2000 കോടി രൂപ ചെലവുവരുന്ന കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതി, 45,000 കോടിയുടെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍വേ കോറിഡോര്‍ പദ്ധതി, 53,825 കോടിയുടെ കൊച്ചി-പാലക്കാട് നിംസ് പദ്ധതി (നാഷനല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍) തുടങ്ങിയ പദ്ധതികളിലെ നിക്ഷേപസാധ്യതകളാണ് സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. വൈകിട്ട് ഐടി കമ്പനി മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരം, എമര്‍ജിങ് കേരള ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ്ചെയര്‍മാന്‍ മാധവന്‍നമ്പ്യാര്‍, വ്യവസായവകുപ്പ് സെക്രട്ടറി അല്‍കേശ് ശര്‍മ, ടെക്നോപാര്‍ക്ക് സിഇഒ കെ ജി ഗിരീഷ്ബാബു, നാസ്കോം റീജണല്‍ ഡയറക്ടര്‍ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ ഉമ്മന്‍ചാണ്ടി കൊച്ചുവേളി- ബംഗളൂരു എക്സ്പ്രസ് സമയമാറ്റവുമായി ബന്ധപ്പെട്ട് മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തി.

deshabhimani 210712

No comments:

Post a Comment