Sunday, July 22, 2012

ടെര്‍മിനല്‍ റെഡിയായിട്ടും പ്രകൃതിവാതകപദ്ധതി പെരുവഴിയില്‍


പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലും ഗെയിലിന്റെ ആദ്യഘട്ട പൈപ്പ്ലൈനും പൂര്‍ത്തിയാകുമ്പോഴും വ്യവസായശാലകള്‍ക്കും ഗാര്‍ഹിക-വാഹന ഉപയോക്താക്കള്‍ക്കും പ്രകൃതിവാതകം എത്തിക്കാനുള്ള പദ്ധതി പെരുവഴിയില്‍. ഒമ്പതു വ്യവസായശാലകള്‍ എല്‍എന്‍ജി വാങ്ങാന്‍ സന്നദ്ധരായിട്ടുണ്ടെങ്കിലും ഗെയിലുമായി കരാറിലെത്താനോ പുതിയ ഇന്ധനത്തിലേക്കു മാറാനുള്ള ക്രമീകരണമേര്‍പ്പെടുത്താനോ തയ്യാറായിട്ടില്ല. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വാഹനങ്ങള്‍ക്കും എല്‍എന്‍ജി നല്‍കുന്ന സിറ്റി ഗ്യാസ് പദ്ധതി ആരംഭിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡി (പിഎന്‍ജിആര്‍ബി)ന്റെ അനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഫാക്ട് ഉള്‍പ്പെടെ വ്യവസായശാലകള്‍ ഏറെ പ്രതീക്ഷയോടെയാണ് എല്‍എന്‍ജിയുടെ വരവ് കാത്തിരിക്കുന്നത്. ടിസിസി, ബ്രഹ്മപുരം വൈദ്യുതിനിലയം, നീറ്റ ജലാറ്റിന്‍, എച്ച്ഒസി, ബിപിസിഎല്‍, റിലയന്‍സ് എനര്‍ജി എന്നിവയും എല്‍എന്‍ജി പ്രതീക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ്. ഇതില്‍ എച്ച്ഒസി മാത്രമാണ് ഗെയിലുമായി കരാറിലെത്തിയത്. മറ്റുള്ളവ കരാറിലെത്താനോ എല്‍എന്‍ജിക്ക് അനുസൃതമായി പ്ലാന്റില്‍ മാറ്റം (കണ്‍വര്‍ഷന്‍) വരുത്താനോ നടപടിയെടുത്തിട്ടില്ല. കരാറില്‍ എത്തിയാല്‍പ്പോലും കണ്‍വര്‍ഷന്‍ പൂര്‍ത്തിയാകാന്‍ മൂന്നുമാസമെങ്കിലും വേണ്ടിവരും. ഇതൊന്നും ഇപ്പോഴും തുടങ്ങാത്തനിലയ്ക്ക്, ഈവര്‍ഷം അവസാനത്തോടെ ടെര്‍മിനലും പൈപ്പ്ലൈനും സജ്ജമാകുമ്പോഴും എല്‍എന്‍ജിക്ക് ഇവിടെ ഉപയോക്താവില്ലാത്ത സ്ഥിതിയുണ്ടാകും.

എല്‍പിജിയേക്കാള്‍ വിലകുറഞ്ഞതും എപ്പോഴും ആവശ്യാനുസരണം വീട്ടില്‍ ലഭിക്കുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെ. പദ്ധതിക്ക് പിഎന്‍ജിആര്‍ബി ടെന്‍ഡര്‍ ക്ഷണിച്ചാല്‍ ഗെയിലും കെഎസ്ഐഡിസി (സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍)യും സംയുക്തമായി രൂപീകരിച്ച കമ്പനിതന്നെ ഇതിനാവശ്യമായ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ തയ്യാറാണ്. എന്നാല്‍, പദ്ധതിക്ക് പിഎന്‍ജിആര്‍ബിയുടെ അനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. പെട്രോളിയം മന്ത്രാലയത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയാലേ വാഹന-ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് അനുമതി നേടിയെടുക്കാനാകൂ.

ഒക്ടോബറോടെ എല്‍എന്‍ജി സംഭരണം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതുവൈപ്പ് ടെര്‍മിനലിലെ ടാങ്കുകള്‍ സെപ്തംബറില്‍ തണുപ്പിച്ച് തുടങ്ങും. മൈനസ് 164 ഡിഗ്രി സെന്റിഗ്രേഡില്‍ തണുപ്പിച്ചശേഷമാണ് ടാങ്കില്‍ എല്‍എന്‍ജി നിറയ്ക്കുക. അതു വീണ്ടും വാതകരൂപത്തിലാക്കിയാണ് പൈപ്പിലൂടെ വിതരണം. ഡിസംബറോടെ എല്‍എന്‍ജി നിറയ്ക്കാനാകുമെന്നാണ് പെട്രോനെറ്റിന്റെ പ്രതീക്ഷ. ആദ്യഘട്ടത്തിലെ പൈപ്പ്ലൈനിെന്‍റ ഒരുഭാഗം പൂര്‍ത്തിയായി. രണ്ടാംഭാഗത്തെ ഒന്നേകാല്‍ കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. പുതുവൈപ്പില്‍നിന്ന് ഉദ്യോഗമണ്ഡലിലേക്ക് എത്തുന്ന 16 കിലോമീറ്റര്‍ 30 ഇഞ്ച് പൈപ്പ്ലൈനാണ് പൂര്‍ത്തിയായിട്ടുള്ളത്. എല്‍എന്‍ജിയുടെ അഭാവത്തില്‍ പൈപ്പ്ലൈനിെന്‍റ ഉള്‍ഭാഗം ഉണക്കി നൈട്രജന്‍ നിറയ്ക്കുന്ന ജോലി 28ന് നടക്കും. ഉദ്യോഗമണ്ഡലില്‍നിന്ന് അമ്പലമുകളിലേക്കു നീളുന്ന 16.5 കിലോമീറ്റര്‍ 18 ഇഞ്ച് പൈപ്പ്ലൈനിലാണ് ഒന്നേകാല്‍ കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ സ്മാര്‍ട്ട്സിറ്റിയുടെ ഭാഗത്ത് കടമ്പ്രയാര്‍ മുറിച്ച് പോകുന്ന 500 മീറ്ററോളം ലൈന്‍ മൂന്നു ദിവസത്തിനകം തീരുമെന്ന് ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ പി രമേഷ് പറഞ്ഞു. കളമശേരി എന്‍എഡിയുടെ ഭാഗത്തെ 700 മീറ്ററോളം പൈപ്പ്ലൈന്‍ സ്ഥാപിക്കലും ആഗസ്ത് അവസാനത്തില്‍ തീരുന്നതോടെ വ്യവസായശാലകള്‍ക്ക് എല്‍എന്‍ജി നല്‍കുന്ന ലൈനിന്റെ നിര്‍മാണവും പൂര്‍ത്തിയാകും. കിന്‍ഫ്രപാര്‍ക്കിനടുത്തെ എസ്വി സ്റ്റേഷന്റെ നിര്‍മാണവും ഒപ്പം തീരും.
(എം എസ് അശോകന്‍)

deshabhimani 220712

No comments:

Post a Comment