Sunday, July 22, 2012

മരുന്നുപരീക്ഷണ ഇരകളില്‍ ലിംഗമാറ്റ ലക്ഷണം


പാമ്പാടി (കോട്ടയം): ബംഗളൂരുവില്‍ മരുന്നുപരീക്ഷണത്തിനിരയായ ചില നഴ്സിങ് വിദ്യാര്‍ഥികളില്‍ ലിംഗമാറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടതായി വെളിപ്പെടുത്തല്‍. മരുന്നുപരീക്ഷണത്തിന് വിധേയരായ 15 മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ബംഗളൂരുവില്‍ ജാലഹള്ളിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അനി എം മോഹന്‍ (അനില്‍) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കനേഡിയന്‍ കമ്പനിയാണ് ഇവരില്‍ മരുന്നുപരീക്ഷണം നടത്തിയതെന്നും അനില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് തന്നോടൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ മരുന്ന് പരീക്ഷണത്തിനിരയായതെന്ന് അനില്‍ അറിയിച്ചു.

കനേഡിയന്‍ കമ്പനിയുടെ ഓഫീസില്‍ വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ ശാരീരിക അളവും തൂക്കവും രേഖപ്പെടുത്തും. പ്രാഥമിക പരിശോധനയില്‍ രോഗമില്ലാത്ത ആളാണെന്ന് ബോധ്യമായാല്‍ പരീക്ഷണത്തിനു തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കാത്തവര്‍ക്ക് 100 രൂപ വണ്ടിക്കൂലി നല്‍കി തിരിച്ചയക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂര്‍ണ ശരീരപരിശോധന നടത്തും. അതിനുശേഷമാണ് മരുന്നുനല്‍കുക. വിദേശീയരായ ഡോക്ടര്‍മാരാണ് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്. മൂന്ന് ദിവസം റിസേര്‍ച്ച് സെന്ററില്‍ തന്നെ താമസിക്കണം. തിരികെ പോകും മുമ്പും സ്കാനിങ് ഉള്‍പ്പെടെ ശരീരപരിശോധന നടത്തും. മരുന്നുപരീക്ഷണസമയത്ത് എന്തു ശാരീരികപ്രശ്നമുണ്ടായാലും ചികിത്സിച്ച് ഭേദമാക്കിയശേഷമാണ് തിരിച്ചയക്കുക. പരീക്ഷണത്തിനിരയായ ഒരാളുടെ ശരീരം നീര് വച്ചു. ഇയാളുടെ രക്തപരിശോധനയും ശരീരത്തിലനുഭവപ്പെട്ട മാറ്റങ്ങളും ദിവസങ്ങളോളം നിരീക്ഷണവിധേയമാക്കി. മൂന്നുദിവസത്തേക്ക് ചെറിയ മരുന്നുകള്‍ക്ക് 800 രൂപയാണ് പ്രതിഫലം നല്‍കിയിരുന്നത്. കൂടുതല്‍ ആരോഗ്യമുള്ള വിദ്യാര്‍ഥികളില്‍ ആന്റിബയോട്ടിക്കുകള്‍ പരീക്ഷിച്ചതായും അനില്‍ അറിയിച്ചു. നഴ്സിങ് വിദ്യാര്‍ഥികളാണ് പ്രധാനമായും ഇരയായത്.

പാമ്പാടി സ്വദേശിയായ വിദ്യാര്‍ഥി ഏഴുവര്‍ഷം ശ്രമിച്ചശേഷമാണ് ജിഎന്‍എം പാസായത്. ആദ്യവര്‍ഷംതന്നെ പാസായതായി വീട്ടുകാരെ അറിയിച്ച വിദ്യാര്‍ഥി ബംഗളൂരുവില്‍ ട്രെയിനിങ്ങിലാണെന്നാണ് പറഞ്ഞിരുന്നത്. മാസത്തില്‍ രണ്ട് തവണവരെ ഈ വിദ്യാര്‍ഥി മരുന്നു പരീക്ഷണത്തിനു പോയിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നേഴ്സായി ജോലി നോക്കുന്നു. നേഴ്സിങ് പാസാകാത്ത വിദ്യാര്‍ഥികളാണ് പരീക്ഷണങ്ങള്‍ക്ക് പ്രധാനമായും ഇരയാകുന്നത്. ഇവരെ റിസര്‍ച്ച് സെന്റര്‍ അധികൃതരുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഏജന്റുമാര്‍ തന്നെയുണ്ട്. അഞ്ച് ഇന്ത്യന്‍ കമ്പനികളും ഇവിടെ മരുന്നുപരീക്ഷണം നടത്തുന്നുണ്ട്-അനില്‍ പറഞ്ഞു.
(വി എം പ്രദീപ്)

deshabhimani 220712

No comments:

Post a Comment