Thursday, July 5, 2012

പട്ടികജാതിക്കാര്‍ക്ക് വായ്പ അനുവദിച്ചതില്‍ വന്‍ കുറവ്


സംസ്ഥാനത്ത് പട്ടികജാതിവിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതില്‍ വന്‍ കുറവ്. 2010 മാര്‍ച്ചുവരെ 3281 കോടി രൂപയാണ് സംസ്ഥാനത്ത് പട്ടികജാതിവിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചത്. 2011 മാര്‍ച്ചില്‍ ഇത് 3011 കോടിയായി വായ്പ കുറഞ്ഞു. 2012 മാര്‍ച്ച് ആയപ്പോള്‍ വായ്പാ സംഖ്യ 2957 കോടിയായും കുറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോക റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. പട്ടികജാതിവിഭാഗങ്ങള്‍ക്കുള്ള ബാങ്ക് വായ്പ കുറഞ്ഞപ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വായ്പ അനുവദിച്ചതില്‍ വന്‍ വര്‍ധനയുണ്ട്. 2010 മാര്‍ച്ചില്‍ 38,532 കോടി രൂപയാണ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് വായ്പ അനുവദിച്ചത്. 2011 മാര്‍ച്ചില്‍ ഇത് 41,245 കോടിയായും മാര്‍ച്ച് 2012ല്‍ ഇത് 46,247 കോടിയായും വര്‍ധിച്ചു.

2011-12 വര്‍ഷത്തില്‍ സംസ്ഥാനത്തെ വാണിജ്യബാങ്കുകള്‍ 69,295 കോടി രൂപയാണ് മുന്‍ഗണനാ മേഖലയ്ക്ക് വായ്പയായി നല്‍കിയത്. 57,271 കോടി രൂപയായിരുന്നു വായ്പാ ലക്ഷ്യം. മൊത്തം വായ്പത്തുകയില്‍ 35,063 കോടി രൂപയാണ് കാര്‍ഷികമേഖലയ്ക്കു മാത്രമായി വായ്പ നല്‍കിയത്. സംസ്ഥാനത്തെ പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധനയുണ്ട്. മാര്‍ച്ച് 2010ല്‍ 36,886 കോടി രൂപയായിരുന്ന നിക്ഷേപം മാര്‍ച്ച് 2012ല്‍ 48,454 കോടിയായി ഉയര്‍ന്നു. 28.56 ശതമാനമാണ് വര്‍ധന. പ്രവാസികളുടെ നിക്ഷേപത്തിന് പലിശ വര്‍ധിപ്പിച്ചതും രൂപയുടെ മൂല്യം ഇടിഞ്ഞതും പ്രവാസി നിക്ഷേപം വര്‍ധിക്കാന്‍ ഇടയാക്കി. സംസ്ഥാനത്തെ ബാങ്കുകള്‍ നഗരങ്ങളിലുള്ളവര്‍ക്കും അര്‍ധ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് കൂടുതലും വായ്പ നല്‍കിയിരിക്കുന്നത്. നഗരങ്ങളിലുള്ള 49 ശതമാനം പേര്‍ക്കും അര്‍ധ നഗരങ്ങളിലുള്ള 45 ശതമാനം പേര്‍ക്കും വായ്പ നല്‍കിയപ്പോള്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ആറ് ശതമാനം വായ്പമാത്രമാണ് അനുവദിച്ചത്. കാര്‍ഷികവായ്പ അനുവദിച്ചതില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ബാങ്കുകളാണ് മുന്നില്‍.

deshabhimani 050712

No comments:

Post a Comment