Thursday, July 5, 2012

അറഫാത്തിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും


റമല്ല: പലസ്തീന്‍ വിമോചനപോരാട്ടത്തിന്റെ അനശ്വരനായകന്‍ യാസര്‍ അറഫാത്ത് മരിച്ചത് അതീവ റേഡിയോ സക്രിയതയുള്ള ആണവപദാര്‍ഥം പൊളോണിയം 210ല്‍നിന്നുള്ള വികിരണം ഏറ്റാണെന്ന കണ്ടെത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ പലസ്തീന്‍ അതോറിറ്റി ആലോചിക്കുന്നു. അറഫാത്തിന്റെ വിധവ സുഹയും ഇസ്രയേലുമായുള്ള സമാധാനചര്‍ച്ചയില്‍ പലസ്തീന്റെ മുഖ്യ പ്രതിനിധിയായ സായിബ് എറെകാതും മറ്റും പുതിയ കണ്ടെത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. അറഫാത്തിന്റെ മരണം അന്വേഷിക്കുന്ന സമിതിയോട് പുതിയ വിവരങ്ങളും തെളിവുകളും പഠിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉത്തരവിട്ടു. അല്‍ജസീറയുടെ കണ്ടെത്തല്‍ പരിശോധിക്കാന്‍ അറബ്-അന്താരാഷ്ട്ര ശാസ്ത്രവൈദഗ്ധ്യം ഉപയോഗപ്പെടുത്തുമെന്ന് പലസ്തീന്‍ വക്താവ് നബീല്‍ അബു റുദീന പറഞ്ഞു.

2004 നവംബറിലാണ് അറഫാത്ത് പാരീസിലെ ആശുപത്രിയില്‍ മരിച്ചത്. മരണത്തിന് രണ്ട് മാസം മുമ്പുവരെ ആരോഗ്യവാനായിരുന്ന അറഫാത്ത് പെട്ടെന്ന് അസാധാരണരോഗം ബാധിച്ച് മരിച്ചത് അറബ് ചാനല്‍ അല്‍ ജസീറയാണ് അന്വേഷണവിധേയമാക്കിയത്. അറഫാത്ത് അവസാന നാളുകളില്‍ ഉപയോഗിച്ച വസ്ത്രങ്ങളും അദ്ദേഹത്തിന്റെ പ്രസിദ്ധമായ തലപ്പാവും മറ്റും സുഹ അറഫാത്തില്‍നിന്ന് സംഘടിപ്പിച്ച ചാനല്‍ ഇവ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ ഫിസിക്സില്‍ പരിശോധനയ്ക്ക് നല്‍കി. ഒമ്പത് മാസം നീണ്ട പരിശോധനയിലാണ് അറഫാത്തിന്റെ ശേഷിപ്പുകളില്‍ പതിഞ്ഞ രക്തം, മൂത്രം, ഉമിനീര്‍, വിയര്‍പ്പ് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പൊളോണിയം 210ന്റെ സാന്നിധ്യം കണ്ടെത്തിയത്. അറഫാത്തിനെ കൊന്നത് എന്ത് എന്ന ഡോക്യുമെന്ററിയിലൂടെയാണ് ചാനല്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ലെബനിലെ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി വധിക്കപ്പെട്ടപ്പോള്‍ നടത്തിയതുപോലെ അന്താരാഷ്ട്ര അന്വേഷണം വേണം എന്നാണ് സായിബ് എറെകാത് ആവശ്യപ്പെട്ടത്. മൃതദേഹം പുറത്തെടുക്കാന്‍ ഒരു തടസ്സവുമില്ലെന്ന് പലസ്തീന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

അറഫാത്തിന്റെ മരണകാരണം സംബന്ധിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാലും ആരായിരുന്നു ഈ കൊലപാതകത്തിന് പിന്നില്‍ എന്നറിയാന്‍ പിന്നെയും കാക്കേണ്ടിവരും. പ്രധാന സംശയം ഇസ്രയേലിനെയാണ്. ഇസ്രയേലി ചാരസംഘടനയായ മൊസാദാണ് കൊന്നതെങ്കില്‍ ഉത്തരവിട്ടതും അത് നടപ്പാക്കിയതും ആരെന്ന് കണ്ടെത്തേണ്ടിവരും. അറഫാത്തിന്റെ സ്വന്തം പാര്‍ടിയിലേക്കും സംശയത്തിന്റെ നിഴല്‍ നീളുന്നുണ്ട്. പിഎല്‍ഒയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളിലേക്കാകും സംശയം നീളുക.

പൊളോണിയം കൊലയാളി മൂലകം

പാരീസ്: പലസ്തീന്‍ വിമോചനപ്പോരാട്ടനായകനും പിഎല്‍ഒ അധ്യക്ഷനുമായ യാസര്‍ അറഫാത്തിന്റെ മരണത്തിനിടയാക്കിയ പൊളോണിയം മാരകമായ ആണവവികിരണശേഷിയുള്ള മൂലകം. അറാഫത്ത് പല്ലു തേക്കാന്‍ ഉപയോഗിച്ചിരുന്ന ബ്രഷിലും അദ്ദേഹത്തിന്റെ അടിവസ്ത്രത്തിലെ മൂത്രക്കറയിലും പൊളോണിയം-210ന്റെ സാന്നിധ്യമുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ ഫിസിക്സ് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പൊളോണിയത്തിന്റെ ഡസന്‍കണക്കിന് ഐസോടോപ്പുകളില്‍ ഒന്നാണിത്. അന്തരീക്ഷത്തിലും ഭൗമോപരിതലത്തിലും പൊളോണിയത്തിന്റെ നിസ്സാരസാന്നിധ്യം മാത്രമാണുള്ളത്. 1898ല്‍ മാഡം ക്യൂറിയാണ് പൊളോണിയം കണ്ടുപിടിച്ചത്. അവരുടെ മകള്‍ ഐറിന്‍ പൊളോണിയം വികിരണമേറ്റ് മരിച്ചു.

റഷ്യന്‍ ചാരനായിരുന്ന അലക്സാണ്ടര്‍ ലിറ്റ്വിനങ്കോ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരെ പുസ്തകമെഴുതിയതിനെ തുടര്‍ന്ന് 2006ല്‍ ലണ്ടനില്‍ മരിച്ചത് പൊളോണിയം വികിരണമേറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇസ്രയേലില്‍ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേരും പൊളോണിയം വികിരണമേറ്റ് മരിച്ചിരുന്നു. പൊളോണിയം വികിരണമേറ്റ ലിറ്റ്വിനന്‍കോയ്ക്ക് അവസാന നാളുകളില്‍ വയറിളക്കവും ഛര്‍ദിയും ഭാരക്കുറവും അനുഭവപ്പെട്ടിരുന്നു. അന്ത്യനാളുകളില്‍ അറഫാത്തിനും സമാനമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഉദരത്തെയാണ് പൊളോണിയം ബാധിക്കുന്നത്.

deshabhimani 050712

No comments:

Post a Comment