Monday, July 9, 2012

ലീഗ് നേതാക്കള്‍ ഭൂമി കൈയേറി; സമീപ കുടിലിലെ വീട്ടമ്മ ഭീതിയില്‍


ബാലുശേരി: "ഏലിയാമ്മേ ഈ മണ്ണില്‍നിന്നിറങ്ങണം. അല്ലെങ്കില്‍ ഞങ്ങള്‍ പിടിച്ചിറക്കും". മുസ്ലിംലീഗ് നേതാക്കളുടെ ആജ്ഞയാണിത്. കയറിക്കിടക്കാന്‍ ഭൂമിയോ വീടോ ഇല്ലാതെ വര്‍ഷങ്ങളായി കക്കയം റിസര്‍വോയറിന് സമീപം കുടില്‍കെട്ടി താമസിക്കുന്ന ഏലിയാമ്മ ലീഗ് നേതാക്കളുടെ ആജ്ഞ കേട്ടതോടെ ഭയപ്പാടിലാണ്. ലീഗ് നേതാക്കള്‍ കൈയേറി മണ്ണിട്ട സ്ഥലം സന്ദര്‍ശിക്കാനെത്തിയ പുരുഷന്‍ കടലുണ്ടി എംഎല്‍എയോടാണ് ഏലിയാമ്മ ലീഗ് നേതാക്കളുടെ ക്രൂരത വിവരിച്ചത്. ഭര്‍ത്താവുപേക്ഷിച്ചുപോയ ഏലിയാമ്മയ്ക്ക് വിദ്യാര്‍ഥികളായ രണ്ട് മക്കള്‍ മാത്രമാണ് കൂട്ട്. വീടോ വീട് വെക്കാന്‍ ഭൂമിയോ ഇവര്‍ക്ക് സ്വന്തമായില്ല. ഇവരുടെ കുടിലിന് പിറകിലാണ് ലീഗ് നേതാക്കള്‍ സര്‍ക്കാര്‍ അക്വയര്‍ചെയ്ത കക്കയം റിസര്‍വോയറിനോട് ചേര്‍ന്ന ഭൂമി കൈയേറി മണ്ണിട്ടത്. സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം 14ന് കക്കയത്ത് നടക്കുന്നതിനിടെയാണ് ടൂറിസം സാധ്യത മൂന്നില്‍കണ്ട് റിസോര്‍ട്ട് നിര്‍മിക്കാനായി ലീഗ് നേതാക്കള്‍ ഭൂമി വാങ്ങിക്കൂട്ടിയത്. ഇതിലേക്ക് റോഡിനായിട്ടാണ് സര്‍ക്കാര്‍ അക്വയര്‍ചെയ്ത ഭൂമി കൈയേറിയത്.

ആയിറ്റി വെള്ളാപ്പ് പുഴയില്‍ വന്‍തോതില്‍ കൈയേറ്റം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ തീരദേശമേഖല ഭൂമാഫിയ കൈയേറി മണ്ണിട്ട് നികത്തുന്നു. ജൈവ വൈവിധ്യങ്ങളാല്‍ സമൃദ്ധമായ കവ്വായി കായലിന്റെ ഭാഗമായുള്ള ആയിറ്റി വെള്ളാപ്പ് പുഴയിലാണ് വ്യാപക കൈയേറ്റം. ജനപ്രതിനിധിയുടെ അടുത്ത ബന്ധു പുഴ കൈയേറി 20 സെന്റോളം മണ്ണിട്ട് നികത്തി.

ആയിറ്റി വെള്ളാപ്പ് തീരദേശ റോഡില്‍ വെള്ളാപ്പ് വാട്ടര്‍ടാങ്കിന് പടിഞ്ഞാറ് ഭാഗത്താണ് വ്യാപക കൈയേറ്റം. വന്‍തോതില്‍ കണ്ടലുകളും വെട്ടിനശിപ്പിച്ചു. കരയില്‍നിന്ന് 500 മീറ്ററോളം കായലിലേക്ക് ചെങ്കല്ല് കെട്ടിയുയര്‍ത്തിയ ശേഷം മണ്ണിട്ടുനിറച്ച് പുറമ്പോക്കാക്കിയിരിക്കുകയാണ്. കരയിലും കായലില്‍നിന്നുമായി നൂറുകണക്കിന് ലോഡ് മണലെടുത്ത് അധികൃതരുടെ ഒത്താശയോടെയാണ് പകല്‍കൊള്ള. ചെമ്മീന്‍കൃഷിക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്ത് നല്‍കിയ ലീസിന്റെ മറവിലാണ് കൈയേറ്റം നടക്കുന്നത്.

കൈയേറ്റത്തെ തുടര്‍ന്ന് പുഴയുടെ വിസ്തൃതിയില്‍ കുറവുണ്ടായി. പത്തുസെന്റ് മുതല്‍ 50 സെന്റ് വരെ പുറമ്പോക്കാക്കിയിരിക്കുകയാണ്. കായലില്‍ വേലിയേറ്റം കൂടുന്നത് മറ്റു പ്രദേശങ്ങളില്‍ കരയിടിച്ചിലിനിടയാക്കുന്നുണ്ട്. നിരന്തരമായ കൈയേറ്റത്തെ തുടര്‍ന്ന് കായലിന്റെ ഘടനയില്‍ മാറ്റം സംഭവിച്ചതായി മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുരുത്തുകളും മത്സ്യസമ്പത്തും മറ്റ് കായല്‍ വിഭവങ്ങളും നാമാവശേഷമാകുകയാണ്. കായല്‍ സംരക്ഷണത്തിന്റെ ഭഭാഗമായി രാംസര്‍ സൈറ്റ് പദവിക്കായുള്ള ശ്രമങ്ങള്‍ക്കിടെയാണ് കൈയേറ്റം. ഇത് ഗുരുതരമായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
(പി മഷൂദ്)

deshabhimani 090712

No comments:

Post a Comment