Sunday, July 22, 2012

ബിഎസ്എന്‍എലിനു നല്‍കിയ കരാര്‍ സ്വകാര്യകമ്പനിക്കുവേണ്ടി റദ്ദാക്കി


ബിഎസ്എന്‍എലിന്റെ നിര്‍മാണവിഭാഗത്തിന് കേരള വെറ്ററിനറി സര്‍വകലാശാല നല്‍കിയ 35 കോടി രൂപയുടെ നിര്‍മാണ കരാര്‍ ദുരൂഹസാഹചര്യത്തില്‍ റദ്ദാക്കി. സ്വകാര്യകമ്പനികള്‍ക്കുവേണ്ടിയാണ് കരാര്‍ റദ്ദാക്കിയതെന്ന് ആക്ഷേപമുയര്‍ന്നു. കൃഷിമന്ത്രി കെ പി മോഹനും മന്ത്രിയുടെ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍കൂടിയായ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയും പങ്കെടുത്ത സര്‍വകലാശാലാ മാനേജ്മെന്റ് ബോര്‍ഡ് യോഗത്തിലാണ് വിവാദതീരുമാനം.

മന്ത്രിയുടെയും എംഎല്‍എയുടെയും സമ്മര്‍ദത്തിന് വഴങ്ങാന്‍ സര്‍വകലാശാലാ അധികൃതര്‍ നിര്‍ബന്ധിതരായെന്നാണ് സൂചന. ഇതടക്കം 160 കോടിയോളം രൂപയുടെ കണ്‍സള്‍ട്ടന്‍സി- നിര്‍മാണക്കരാറുകള്‍ വഴിവിട്ട് സ്വകാര്യകമ്പനികള്‍ക്ക് നല്‍കാനാണ് നീക്കം. വയനാട് ജില്ലയിലെ പൂക്കോട്ടെ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും ധനസഹായമായി ലഭിച്ച 160 കോടി രൂപ ഉപയോഗിച്ചുള്ള പ്രവൃത്തികളുടെയും കണ്‍സള്‍ട്ടന്‍സിയുടെയും മറവില്‍ വന്‍ക്രമക്കേടിന് അരങ്ങൊരുക്കാനാണ് ബിഎസ്എന്‍എല്ലിനെ പുറത്താക്കിയതെന്നാണ് ആരോപണം. ബിഎസ്എന്‍എല്‍ എസ്റ്റിമേറ്റ് തുകയുടെ അധികനിരക്ക് ആവശ്യപ്പെടില്ലെന്ന് കരാറില്‍ വ്യവസ്ഥചെയ്തിരുന്നു. എന്നാല്‍, സ്വകാര്യകമ്പനികള്‍ക്ക് അധികനിരക്ക് ആവശ്യപ്പെടാനുള്ള സൗകര്യവും ഒരുക്കും. 160 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങളും റദ്ദാക്കിയിട്ടുണ്ട്.

സ്വകാര്യകമ്പനികളെ കൊണ്ടുവരുന്നതിനായി നടപടിക്രമങ്ങളില്‍ വെള്ളംചേര്‍ക്കുകയും ചെയ്തു. സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതലയുള്ള ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ ചേംബറില്‍ ജൂണ്‍ 28ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അടിയന്തര മാനേജ്മെന്റ് ബോര്‍ഡ് യോഗത്തിലാണ് ബിഎസ്എന്‍എല്ലിന് നല്‍കിയ കരാര്‍ റദ്ദാക്കിയത്. 35 കോടി രൂപയുടെ ആദ്യഘട്ടനിര്‍മാണ കരാറും പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയും ബിഎസ്എന്‍എല്‍ നിര്‍മാണവിഭാഗത്തിന് നല്‍കി 2012 ഏപ്രില്‍ പത്തിന് സര്‍വകലാശാല ഉത്തരവ് പുറപ്പെടുവിക്കുകയും ധാരണാപത്രത്തില്‍ ഒപ്പിടുകയും ചെയ്തതാണ്. തുടര്‍ന്ന് മുന്‍കൂര്‍ തുക ആവശ്യപ്പെട്ട് ജൂണ്‍ പത്തിന് ബിഎസ്എന്‍എല്‍ കത്തയച്ചു. ഇതിനിടയിലാണ് വ്യക്തമായ കാരണം പറയാതെ ജൂണ്‍ 28ന് കരാര്‍ റദ്ദാക്കിയത്.

കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ മരവിപ്പിച്ച് പുതിയ വ്യവസ്ഥകളോടെ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനും 28ന്റെ യോഗം തീരുമാനിച്ചു. 2011ലാണ് നബാര്‍ഡ് ധനസഹായം ലഭിച്ചത്. ഇതനുസരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിന് ദേശീയാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഈ ടെന്‍ഡര്‍ നടപടികളില്‍ രാജ്യത്തെ 25 പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ പങ്കെടുത്തിരുന്നു. കമ്പനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പുരോഗമിക്കുന്നതിനിടെ വൈസ് ചാന്‍സലര്‍ ബി അശോകിനെ സര്‍ക്കാര്‍ മാറ്റി. അതോടെ തുടര്‍നടപടി മരവിച്ചു.

deshabhimani 220712

1 comment:

  1. ബിഎസ്എന്‍എലിന്റെ നിര്‍മാണവിഭാഗത്തിന് കേരള വെറ്ററിനറി സര്‍വകലാശാല നല്‍കിയ 35 കോടി രൂപയുടെ നിര്‍മാണ കരാര്‍ ദുരൂഹസാഹചര്യത്തില്‍ റദ്ദാക്കി. സ്വകാര്യകമ്പനികള്‍ക്കുവേണ്ടിയാണ് കരാര്‍ റദ്ദാക്കിയതെന്ന് ആക്ഷേപമുയര്‍ന്നു. കൃഷിമന്ത്രി കെ പി മോഹനും മന്ത്രിയുടെ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍കൂടിയായ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയും പങ്കെടുത്ത സര്‍വകലാശാലാ മാനേജ്മെന്റ് ബോര്‍ഡ് യോഗത്തിലാണ് വിവാദതീരുമാനം.

    ReplyDelete