Friday, July 6, 2012

യുഎസില്‍ ഏഷ്യക്കാര്‍ ഏറ്റവും വലിയ കുടിയേറ്റവിഭാഗം


ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍വംശജര്‍ അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ ഏറ്റവും വലിയ ശക്തിയായി ഉയരുന്നു. അമേരിക്കന്‍ ജനസംഖ്യയുടെ ആറ് ശതമാനമായി, വേഗത്തില്‍ വളരുന്ന വിഭാഗമായി ഏഷ്യന്‍ കുടിയേറ്റക്കാര്‍ വളര്‍ന്നതായി പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനം വ്യക്തമാക്കി. സ്പാനിഷ് അമേരിക്കന്‍ വംശജരുടെ അനധികൃത കുടിയേറ്റത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടി ആരംഭിച്ചതും അമേരിക്കന്‍ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതുമാണ് ഇതിനു കാരണം. 430,000 ഏഷ്യക്കാരാണ് 2010ല്‍ അമേരിക്കയില്‍ എത്തിയത്. അക്കൊല്ലം അമേരിക്കയില്‍ പ്രവാസത്തിനായി എത്തിയ ജനതയുടെ 36 ശതമാനം.

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിക്കുന്നത് 1990ല്‍ അവര്‍ കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തി ഏഷ്യന്‍ രാജ്യങ്ങളിലെ സമ്പന്നരെയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളുകളെയും അമേരിക്കയിലേക്ക് ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെയാണ്. അമേരിക്കയില്‍ അഞ്ചു ലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ കഴിയുന്ന വിദേശികള്‍ക്കും ഉന്നത സാങ്കേതികവിദ്യയില്‍ പ്രാഗത്ഭ്യമുള്ള യുവാക്കള്‍ക്കും ഫാസ്റ്റ് ട്രാക് വിസ നല്‍കുന്ന ഈ നയം ഇപ്പോഴും തുടരുകയാണ്. അമേരിക്കന്‍ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം നേടുന്ന വിദേശ വിദ്യാര്‍ഥികളില്‍ 10ല്‍ ആറുപേരും ഏഷ്യക്കാരാണ്. വിദ്യാഭ്യാസത്തിനുശേഷം ഇവരില്‍ പലരും തങ്ങളുടെ പഠനമികവുകൊണ്ട് അമേരിക്കയില്‍ താമസിക്കാനും ജോലിചെയ്യാനും അര്‍ഹരായി മാറുകയും ചെയ്യുന്നു. അമേരിക്കയില്‍ ജനിച്ചവരും പുറത്തുനിന്നു വരുന്നവരുമായ ഏഷ്യന്‍ വിദ്യാര്‍ഥികള്‍ വിവിധ എന്‍ജിനിയറിങ് ശാഖകളില്‍ ഡോക്ടറേറ്റ് എടുത്തവരില്‍ 45 ശതമാനമാണ്. കണക്കിലും കംപ്യൂട്ടര്‍ സയന്‍സിലും ഡോക്ടറേറ്റ് എടുത്തവരില്‍ 38 ശതമാനവും 38 ശതമാനം ഡോക്ടര്‍മാരും ഏഷ്യന്‍ വംശജരാണ്.

അമേരിക്കയിലെ 1.5 കോടി വരുന്ന ഏഷ്യന്‍ വംശജര്‍ വളരെ സാവധാനത്തിലാണ് തങ്ങളുടെ സാന്നിധ്യം പ്രകടമാക്കി തുടങ്ങിയത്. സിലിക്കോണ്‍ വാലിയിലെ വ്യവസായ സംരംഭകര്‍, റെസ്റ്റോറാന്റുകളുടെ ഉടമകള്‍, ഗ്രോസറികടകള്‍ നടത്തുന്നവര്‍മുതല്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ സ്ഥാനാര്‍ഥികള്‍, കാലിഫോര്‍ണിയ, നെവെദാ, വിര്‍ജിനിയ തുടങ്ങിയ പ്രദേശങ്ങളിലെ ഏറ്റവും വലിയ സമ്മതിദായക ഗ്രൂപ്പുകള്‍ എന്നിങ്ങനെ നിരവധി രീതിയില്‍ ഇപ്പോള്‍ തിരിച്ചറിയാവുന്ന ഒരു വിഭാഗമാണ് ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനം അനുസരിച്ച് ഏഷ്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ 2010ല്‍ 11.9 ശതമാനം ദാരിദ്ര്യമുണ്ട്. അത് മൊത്തം അമേരിക്കന്‍ സമൂഹത്തിലെ 12.8 ശതമാനത്തേക്കാള്‍ താഴ്ന്നുനില്‍ക്കുന്നു. തൊഴിലില്ലായ്മ അമേരിക്കക്കാരുടെ ദേശീയ ശരാശരിയായ 7.4 ശതമാനത്തേക്കാള്‍ താഴെ ആറാണ്.
(റെജി പി ജോര്‍ജ്)

deshabhimani 060712

1 comment:

  1. ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍വംശജര്‍ അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ ഏറ്റവും വലിയ ശക്തിയായി ഉയരുന്നു. അമേരിക്കന്‍ ജനസംഖ്യയുടെ ആറ് ശതമാനമായി, വേഗത്തില്‍ വളരുന്ന വിഭാഗമായി ഏഷ്യന്‍ കുടിയേറ്റക്കാര്‍ വളര്‍ന്നതായി പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനം വ്യക്തമാക്കി. സ്പാനിഷ് അമേരിക്കന്‍ വംശജരുടെ അനധികൃത കുടിയേറ്റത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടി ആരംഭിച്ചതും അമേരിക്കന്‍ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതുമാണ് ഇതിനു കാരണം. 430,000 ഏഷ്യക്കാരാണ് 2010ല്‍ അമേരിക്കയില്‍ എത്തിയത്. അക്കൊല്ലം അമേരിക്കയില്‍ പ്രവാസത്തിനായി എത്തിയ ജനതയുടെ 36 ശതമാനം.

    ReplyDelete